തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. അതിനാല്‍ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്നലെ രാത്രി പെയ്ത മഴയില്‍ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നെല്ലിയാമ്പതിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നാളെ 11 ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാള്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്ന ഈ കാലവര്‍ഷക്കാലത്ത്, ആദ്യ ദിവസങ്ങളില്‍ തന്നെ കനത്ത മഴയാണ് ലഭിക്കുന്നത്. തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്. ജൂണ്‍ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Discussion about this post