തിരുവനന്തപുരം : അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല മറിച്ഛ് വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ ഭക്ത സംഗമം നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡല്ല സര്‍ക്കാരാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. മന്ത്രിമാരുടെയും മറ്റും പ്രസ്താവനകള്‍ ഇത് തെളിയിക്കുന്നുമുണ്ട്. ഒട്ടും സുതാര്യത ഇല്ലാതെയാണ് ഇങ്ങനെയൊരു പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കോടതി ചോദിച്ചപ്പോള്‍ മാത്രമാണ് ശബരിമല വികസനമാണ് ലക്ഷ്യമെന്ന് പറയുന്നത്. ശബരിമല വികസനത്തിന് വര്‍ഷങ്ങളായി ഒരു മാസ്റ്റര്‍ പ്ലാന്‍ നിലവിലുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഫലപ്രദമായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ വികസനത്തെക്കുറിച്ച് പറയുന്നത്. ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് കരുതാനാവില്ല. സര്‍ക്കാരിന്റെ മറ്റു പല പരിപാടികളും പോലെ പണം പിരിക്കുക എന്ന ലക്ഷ്യം മാത്രമാണ് അയ്യപ്പ സംഗമത്തിനു പിന്നിലുള്ളതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ശബരിമല വികസനം എന്നതുകൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. പതിനെട്ടു മലകളുള്ള പൂകങ്കാവനത്തിന്റെ പവിത്രതയാണ് ശബരിമലയുടെ പരിശുദ്ധി . ഈ മലകളെ തകര്‍ത്തുകൊണ്ടുള്ള വികസനം പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്നതും പവിത്രതയെ നശിപ്പിക്കുന്നതുമാണ്. കച്ചവട താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് ശബരിമലയെ ഒരു ആഗോള പില്‍ഗ്രിം ടൂറിസ്റ്റ് കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നു പറയുന്നുണ്ട്. ഇതില്‍ പല ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് വ്യക്തം. ശബരിമല എന്നല്ല ഒരു ക്ഷേത്രത്തിന്റെയും വികസനത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും യഥാര്‍ത്ഥത്തില്‍ വലിയ താല്പര്യമൊന്നുമില്ല എന്നാണ് നിലവിലുള്ള വസ്തുതകള്‍ തെളിയിക്കുന്നത്. ക്ഷേത്രങ്ങളുടെ വികസനം ആണ് ലക്ഷ്യമെങ്കില്‍ അതിനുള്ള പദ്ധതികള്‍ എന്തൊക്കെയെന്ന് പറയണം. ക്ഷേത്രങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ സഹുജന സമക്ഷം അവതരിപ്പിക്കണം. വരുമാന സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് പറയണം. ഇതിനൊന്നും തയ്യാറില്ലാതെ ക്ഷേത്രത്തിന്റെ വികസനത്തെക്കുറിച്ച് പറയുന്നത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ്.
അയ്യപ്പസംഗമത്തിന്റെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. കടുത്ത നിരീശ്വരവാദിയും സനാതനധര്‍മ്മ വിരോധിയുമായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നു എന്നാണ് സര്‍ക്കാര്‍ ആദ്യം പ്രസ്താവിച്ചത്.. പിന്നീട് സ്റ്റാലിന്റെ മകനും ഉപ മുഖ്യമന്ത്രിയുമായ ഉദയനിധിയെ കൊണ്ടുവരുമെന്ന് പറഞ്ഞു. ഇപ്പോള്‍ തമിഴ്‌നാട് ദേവസ്വം മന്ത്രി പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ നിന്ദ്യമായ രീതിയില്‍ കടന്നാക്രമിച്ചത്.
ദേവസ്വം ബോര്‍ഡിന് കീഴില്‍ 1200 ല്‍ അധികം ക്ഷേത്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങള്‍ ശബരിമലയെയാണ് ആശ്രയിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. അതേ സമയം തന്നെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വരവും ബന്ധപ്പെട്ട ചെലവും എത്രയെന്ന് വ്യക്തമായി വിശദീകരിക്കപ്പെടുന്നില്ല. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ പാടെ അവഗണിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കേരളം മാറിമാറി ഭരിക്കുന്നവര്‍ക്ക് ക്ഷേത്രങ്ങളോടുള്ള വിപ്രതിപത്തിയാണ് ഇതിന് കാരണം. സ്വയംഭരണസ്ഥാപന മായി പ്രവര്‍ത്തിക്കേണ്ട ദേവസ്വം ബോര്‍ഡിനല്ല ഫലത്തില്‍ സര്‍ക്കാരിനാണ് ക്ഷേത്രങ്ങളുടെ നിയന്ത്രണം. ഇത് ക്ഷേത്രങ്ങളെ വന്‍തോതില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഹിന്ദുവിരുദ്ധ നടപടികള്‍ തുടര്‍ക്കഥയാണ്. കൊല്ലം ജില്ലയിലെ കടക്കല്‍ ദേവീ ക്ഷേത്രത്തിലും മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്ന ക്ഷേത്ര വിരുദ്ധ നീക്കങ്ങള്‍ തികച്ചും ആശങ്കാ ജനകമാണ്. വ്യവസ്ഥാപിതമായി മുന്നോട്ടു പോകുന്ന ആറന്‍മുള വള്ളസദ്യയുടെ കാര്യത്തിലും അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടായി.
ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണ പാളികള്‍ അറ്റകുറ്റപണിയുടെ പേരില്‍ ചെന്നൈയില്ക് കൊണ്ടുപോയതുള്‍പ്പെടെയുള സംഭവങ്ങള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കെടുകാര്യസ്ഥതയുടെ തെളിവാണ്. അയ്യപ്പ ധര്‍മ്മ വിശ്വാസികളുടെയും ഹൈന്ദവ സംഘടനകളുടെയും അഭിപ്രായങ്ങള്‍ തേടാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത നിലപാട് ഹൈന്ദവ വിശ്വാസികള്‍ക്കുനേരെയുള്ള വെല്ലുവിളിയായാണ് കാണേണ്ടത് . ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ കക്ഷീരാഷ്ട്രീയം കലര്‍ത്തിനും ക്ഷേത്രങ്ങളുടെ പവിത്രതയും സമാധാന അന്തരീക്ഷവും നശിപ്പിക്കാനുള്ള സംഘടിത നീക്കങ്ങളാണ് ഇതുപക്ഷ സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ നടന്നുകൊണിരിക്കുന്നത്. ‘തത്ത്വമസി’ പ്രചരിപ്പിക്കാനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളിലൊന്നാണ്. താന്‍ പറയുന്നതിന്റെ യഥാര്‍ത്ഥ പൊരുളെന്താണ് എന്ന് മന്ത്രിക്ക് മനസ്സിലായിട്ടുണ്ടൊ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. എന്തായാലും ഈ കാപട്യം വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം.
ക്ഷേത്ര സ്വത്തുക്കള്‍ തട്ടിയെടുക്കുവാനുള്ള ഇത്തരം കുല്‍സിത നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഭാരതീയവിചാരകേന്ദ്രം ആവശ്യപ്പെടുന്നു. ഹിന്ദുക്കള്‍ അവരുടെ ആരാധന സ്വാതന്ത്ര്യവും ക്ഷേത്രങ്ങളെയും സംരക്ഷിക്കുവാനും അവയുടെ പവിത്രത നിലനിര്‍ത്താനും വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സന്ദര്‍ഭമാണിത്. അമിതമായ രാഷ്ട്രീയവല്‍ക്കരണത്തിലൂടെ തല്‍പരകക്ഷികളുടെ വാണിജ്യ താല്‍പര്യം സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിന്റെ നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും ഭാരതീയ വിചാരകേന്ദ്രം അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാന സമിതിയോഗത്തില്‍ സംസ്ഥാന കാര്യാദ്ധ്യക്ഷ ഡോ . എസ് ഉമാദേവി അധ്യക്ഷത വഹിച്ചു . ഡയറക്ടര്‍ ആര്‍ .സഞ്ജയന്‍ യോഗം ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധിര്‍ബാബു റിപ്പോര്‍ട് അവതരിപ്പിച്ചു. പ്രജ്ഞ പ്രവാഹ് ഉത്തരക്ഷേത്ര സംയോജക് ചന്ദ്രകാന്ത് , ആര്‍ രാജീവ്, ജെ .മഹാദേവന്‍, രാമന്‍ കീഴന, രാജന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.