തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കോടികള്‍ പൊടിച്ച് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമം പൊളിയുകയും അതേസമയം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പന്തളത്ത് നടന്ന അയ്യപ്പ സംഗമം ആഗോള ശ്രദ്ധനേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ പ്രസംഗത്തെ ചില മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും ചേര്‍ന്ന് വിവാദമാക്കുന്നതെന്ന് മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി അജിത്ത് പ്രസ്താവനയില്‍ പറഞ്ഞു. പന്തളത്തെ അയ്യപ്പസംഗമത്തില്‍ ദീപപ്രോജ്ജ്വലനം നടത്തി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തുകൊണ്ടാണ് കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തുന്നത്. യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനോ പ്രസംഗത്തിലെ പരാമര്‍ശത്തിന് വസ്തുതകളുടെ വെളിച്ചത്തില്‍ മറുപടി പറയാനോ കഴിയാതെ ഒളിച്ചോട്ടത്തിനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും പ്രസ്താവനയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.