തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും, മലയാളസിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണ് ഇതെന്നും, ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്നും മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഇത് താന്‍ വളര്‍ന്ന മണ്ണാണെന്നും, വൈകാരിക ഭാരം മറച്ചുവയ്ക്കാന്‍ തന്റെ അഭിനയ ശേഷിക്ക് ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് വൈകാരിക ഭാരത്തോടെ, ഇത് ഞാന്‍ വളര്‍ന്ന മണ്ണ്, എന്റെ ആത്മാവിന്റെ ഭാഗം, വൈകാരിക ഭാരം മറച്ചുവയ്ക്കാന്‍ എന്റെ അഭിനയ ശേഷിക്ക് ആകുന്നില്ല, സിനിമ എടുക്കാന്‍ അന്ന് തീരുമാനിച്ചത് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഇവിടേക്ക് വരുന്നതിന് തൊട്ട് മുമ്പും ഞാന്‍ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഇത് തന്നെയാണോ തൊഴില്‍ എന്നാലോചിക്കുമ്പോള്‍ ലാലേട്ടാ എന്ന വിളി കേള്‍ക്കും, മുങ്ങി പോകുന്നെന്ന് തോന്നുമ്പോള്‍ ആരെങ്കിലും വന്ന് കൈപിടിക്കും. ജീവിതത്തിലും കരിയറിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.” മോഹന്‍ലാല്‍ പറഞ്ഞു.