കാസര്‍ഗോഡ്: പിഎം ശ്രീ പദ്ധതിയില്‍നിന്ന് കേരളം പിന്മാറുന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാനാണ് ഈ പിന്‍മാറ്റം. ഇതു തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ തേടിപ്പോകുന്ന സാഹചര്യം ഉണ്ടാകും. പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത് സ്വാഗതാര്‍ഹമാണ്. ഈ കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എല്ലാ വര്‍ഷവും നല്‍കുന്ന സഹായത്തിന്റെ ഭാഗമായി 2022-23 കാലയളവില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി 1071 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സ്‌കൂളുകള്‍ സ്മാര്‍ട്ട് സ്‌കൂളുകള്‍ ആയത്. അത് മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. പദ്ധതിയില്‍നിന്ന് പിന്മാറിയാല്‍ സര്‍ക്കാര്‍ സ്‌കൂളിന് വളര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













