കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ എന്തുകൊടുത്താലും തങ്ങള്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് അധികാരത്തില്‍ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 400 രൂപ കൂട്ടി. യഥാര്‍ത്ഥത്തില്‍ 900 രൂപ നഷ്ടമാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച സര്‍ക്കാരാണ് 33 രൂപ കൂടുതല്‍ കൊടുത്തിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ഗൗരവകരമായി വര്‍ധിപ്പിക്കണം. ജീവനക്കാര്‍ക്ക് അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എല്ലാം ഈ സര്‍ക്കാര്‍ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വര്‍ധനയാണെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.












