ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി
ആഘാതങ്ങള്‍കൊണ്ട് നഷ്ടപ്പെടാതെ ജീവനനുഷ്ഠിച്ച തപസ്സ് തെങ്ങിന്റെ എല്ലാ അവയവങ്ങളേയും സൂക്ഷിച്ചിരുന്നുവെന്നത് ചിന്താബന്ധുരമാണ്. ഈശ്വരനെ ഓര്‍മിച്ചില്ലെങ്കിലും മേല്പറഞ്ഞ ജീവന്റെ തത്ത്വം ചെയ്യുന്ന സേവനം അനുസ്മരിക്കുന്നത് ഒരു സോഷ്യലിസ്റ്റ് കുത്തകയ്ക്കും നഷ്ടം വരുത്തുന്ന കാര്യമല്ല. തന്നെയുമല്ല, ജീവന്റെ മേല്പറഞ്ഞ തപഃശക്തിയെ കടന്നാക്രമിക്കുകയോ അതിലംഘിക്കുകയോ ചെയ്താല്‍ തെങ്ങുമാത്രമല്ല സകലജീവരാശികളും നശിച്ചുപോകും. തെങ്ങിനെ വളര്‍ത്തിയെടുക്കേണ്ട തേങ്ങയുടെ ജീവധര്‍മത്തെയാണ് ഇവിടെ ഉല്‍പത്തിയെന്ന പ്രക്രിയയുമായി ഘടിപ്പിച്ചിരിക്കുന്നത്. ”സ്വധര്‍മേ നിധനം ശ്രേയഃ” എന്ന് ശ്രീകൃഷ്ണ പരമാത്മാവ് ഗീതാവചനത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത് ഈ സ്വധര്‍മനിര്‍വഹണത്തെയാണ്. പരധര്‍മം ഭയാവഹമാകുന്നത് ഇനി എടുത്തു പറയേണ്ടതില്ല. തേങ്ങയില്‍ ഏല്പിക്കപ്പെടുന്ന പരധര്‍മാഘാതം അതിന്റെ പുനരുല്പത്തിയെ നശിപ്പിക്കുമെന്ന് നേരത്തേ പറഞ്ഞല്ലോ. ”പരധര്‍മോ ഭയാവഹഃ” എന്നു ഭഗവാന്‍ സൂചിപ്പിച്ചതും എത്ര ഗഹനമായ ധര്‍മമീമാംസയാണെന്നിതുകൊണ്ടറിയണം. ”ധര്‍മോ രക്ഷതി രക്ഷിതഃ” എന്ന് സ്മൃതി പറയുമ്പോള്‍ ആ ധര്‍മം പ്രാകൃതനായ സന്ന്യാസിയുടെ അപരിഷ്‌കൃതവികാരമാണെന്നും ധര്‍മാനുഷ്ഠാനനിര്‍ദ്ദേശങ്ങള്‍ വയറ്റിപ്പാടിന്റെ പ്രലപനമാണെന്നും പറയുന്നവന്റെ മരത്തലയില്‍ നിരൂപണത്തിന്റെ ട്യൂമറും കാന്‍സറുമാണുള്ളതെന്ന് ഓര്‍മിക്കുന്നത് അഭംഗിയല്ല.
തേങ്ങയുടെ ജീവശക്തിയിലെ ചലനക്രമവ്യത്യാസം തെങ്ങിന്റെ ശരീരത്തെ നശിപ്പിക്കുന്നതുപോലെ എല്ലാ ജീവരാശികളിലും ഈ തത്ത്വം ഒരേപോലെ സംഭവിക്കുന്നുവെന്നറിയണം. പ്രപഞ്ചസൃഷ്ടിക്കു തയ്യാറാക്കുന്ന ഈ കര്‍മരഹസ്യം തപസ്സിലും അതില്‍ നിന്നുമുരുത്തിരിയുന്ന ചലനാത്മകതയിലുമാണ് അടങ്ങിയിരിക്കുന്നതെന്ന ബോധം അധികാരഭ്രമംകൊണ്ട് നഷ്ടപ്പെടരുത്. തപസ്വാധ്യായനിരതമായ ഗുരുപാരമ്പര്യം അവഗണിച്ച് സോഷ്യലിസ്റ്റ്‌വികാരത്തിന്റെ മുള്‍ക്കിരീടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സമൂഹംതന്നെ അത് ചുമക്കേണ്ടിവരുന്നതും ഓര്‍മിക്കേണ്ടതാണ്.
തപസ്സനുഷ്ഠിക്കുന്ന ജീവശക്തിയെ പുരുഷത്വമായും സൃഷ്ടിക്കുപയുക്തമായ ചലനാത്മകതയെ പ്രകൃതി അഥവാ സ്ത്രീയായും കല്പിച്ചിരിക്കുന്നതിന്റെ രഹസ്യം വേദങ്ങളിലോ പുരാണങ്ങളിലോ ഉള്‍പ്പെട്ടുപോയാല്‍ അത് പഴഞ്ചനെന്ന് വിധിയെഴുതാന്‍ പറ്റില്ലല്ലോ. ശരീരത്തെ അനുകൂലപരിതസ്ഥിതിയില്‍ സൃഷ്ടിച്ചുവളര്‍ത്തുവാന്‍ ജീവന്‍ സൂക്ഷക്കുന്ന ചലനക്രമവും പുല്ലുമുതല്‍ സമസ്തജീവരാശികളുടെ ശരീരവും വളര്‍ന്നു കഴിഞ്ഞാല്‍ അവയെ നിലനിറുത്തുവാന്‍ ജീവന്‍ സൂക്ഷിക്കുന്ന ചലനക്രമവും പ്രപഞ്ചത്തെ പോറ്റുന്ന പ്രകൃതിമാതാവിന്റെ സൃഷ്ടിവൈഭവമല്ലെന്ന് പറയുവാന്‍ വയ്യല്ലോ.
ജീവന്റെ തപസ്സില്‍നിന്നാരംഭിച്ച് പ്രകൃതിയുടെ ഉത്പത്തിയില്‍ പരിണമിച്ച് സേവനമനുഷ്ഠിക്കുന്ന അത്യനര്‍ഘമായ ഈ അധ്യാത്മവ്യവസ്ഥ പ്രാകൃതമല്ലെന്ന് തെളിയിക്കാന്‍ അവതാരമെടുത്ത മഹാപുരുഷന്മാരില്‍ സര്‍വപ്രകാരത്തിലും അഗ്രപൂജയര്‍ഹിക്കുന്ന മഹാത്മാവാണ് ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍. തേങ്ങയുടെ വിത്തിനുള്ളില്‍നിന്നാരംഭിച്ച് വളര്‍ന്ന് തെങ്ങായി തഴച്ചുകായ്ച്ച് കായ്കളെ പാകപ്പെടുത്തിയെടുക്കുന്ന തെങ്ങ് പാകപ്പെട്ട തേങ്ങകളെ സ്വന്തമായി സൂക്ഷിക്കാതെ നന്മയ്ക്കായി പൊഴിച്ചുതരുന്ന ത്യാഗത്തിന്റെ മഹിമ മനുഷ്യന് അനുകരിക്കാന്‍ കഴിയുകയില്ലെന്ന് പറയുന്നത് മൗഢ്യമല്ലേ? തന്റെ സര്‍വസ്വമായ തേങ്ങ ലോകനന്മയ്ക്ക് വിതറിക്കൊടുക്കുവാന്‍ മനസ്സുള്ള മാതൃത്വസങ്കല്‍പം തെങ്ങിനും ഈ ത്യാഗവ്യവസ്ഥ സ്വര്‍ത്ഥതകൊണ്ട് കയ്യടക്കുന്ന മനുഷ്യന്റെ പ്രാകൃതത്വം അപലപനീയമല്ലേ? ഭൗതിക ചിന്തയുടെ ദന്ത ഗോപുരങ്ങള്‍ കെട്ടിവളര്‍ത്തി അതിനുള്ളിലെ മണിമന്ദിരങ്ങളില്‍ മയങ്ങിയുറങ്ങി മദാലസമായ ജീവിതം നയിക്കുന്ന മനുഷ്യജീവി തന്റെ ഹൃദയത്തിന്റെ ധര്‍മകവാടങ്ങള്‍ കൊട്ടിയടച്ച് അതിനുള്ളിലെ ഭദ്രദീപം പൊലിയുന്നതറിയാതെ അന്തരിക്കുന്നത് ജീവിതലക്ഷ്യമല്ലെന്ന് വിളിച്ചുപറഞ്ഞ ഗുരുപരമ്പര ലോകത്തിനു നല്‍കുന്ന സേവനം വിസ്മരിക്കാന്‍ പാടില്ല.
അഭ്യാസവൈരാഗ്യങ്ങളിലൂടെ അധ്യാസങ്ങളെ നിരോധിച്ച് ആത്മഗുരുക്കന്മാര്‍ വളര്‍ത്തിയെടുത്ത ത്യാഗത്തിന്റെ കല്പവൃക്ഷച്ചെടികള്‍ വിലക്കപ്പെട്ട കനികളായി കരുതുന്നവരുടെ വര്‍ഗബോധം വര്‍ഗീയതയെ വളര്‍ത്തി മനുഷ്യത്വത്തെ ചെകുത്താനാക്കി ചിത്രീകരിക്കുന്നത് അപലപനീയം തന്നെ.
അഭ്യാസം
മനസ്സിന്റെ വിഷയവൃത്തികളെ നിരോധിക്കുകയും അനുസ്യൂതമായ ബോധ നിഷ്ഠയില്‍ ചിത്തത്തെ ഉറപ്പിക്കുകയും ചെയ്യുന്ന സംസ്‌കാരത്തെയാണ് അഭ്യാസമെന്ന് യോഗശാസ്ത്രം പറയുന്നത്. ജന്മാന്തരങ്ങളിലൂടെ മൂര്‍ത്തഭാവം വളര്‍ത്തുന്നതിനും അഭ്യാസംകൂടാതെ കഴിയുകയില്ല. അഭ്യാസത്തിലൂടെ ലഭിക്കുന്ന പരിശീലനം യോഗമാര്‍ഗത്തില്‍ മാത്രമല്ല ഭോഗമാര്‍ഗത്തിലും പ്രയോജനപ്പെടുന്നു. അഭ്യാസം തുടരുന്നതിലൂടെ പൂര്‍ണത കൈവരിക്കുകയാണ് മനുഷ്യജീവിതം കൊണ്ടുദ്ദേശിക്കുന്നത്. ഇതര ജീവികള്‍ക്ക് പ്രകൃത്യാലഭിക്കുന്ന വികാരങ്ങള്‍കൊണ്ടുള്ള നിരോധം മാതേമേ അഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടതുള്ളൂ. എന്നാല്‍ ”നിരോധഃ” എന്നതുകൊണ്ടു യോഗശാസ്ത്രമുദ്ദേശിക്കുന്ന വിഷയനിരോധം അഥവാ അധ്യാസനിരോധം ഇതരജീവികളില്‍ സംഭവിക്കുന്നില്ല. എന്നാല്‍ അവകളില്‍ തനിക്ക് ഇഷ്ടപ്പെടാത്തത് നിരോധിക്കുകയെന്ന സ്വാഭാവികതയാണ് അടങ്ങിയിരിക്കുന്നത്.
ജീവന്റെ സംസ്‌കാരത്തില്‍ ‘നിരോധ’ എന്നത് ജന്മസ്വഭാവമായി തന്നെയുണ്ട്. വിവേകശാലിയായ മനുഷ്യനു മാത്രമേ വിധിനിഷേധങ്ങളറിഞ്ഞ് വൃത്തിനിരോധം നേടുവാനാകൂ. ജന്തുക്കള്‍ക്കും ജന്തുതുല്യരായ മനുഷ്യര്‍ക്കും താല്‍കാലികമായി മാത്രമാണ് വൃത്തിനിരോധം പ്രയോജനപ്പെടുന്നത്. വികാരത്തിന്റെ ആവര്‍ത്തനപ്രത്യാവര്‍ത്തനങ്ങള്‍ മൂലം സമ്പൂര്‍ണവൃത്തിനിരോധം അഭ്യാസവൈരാഗ്യങ്ങളിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. മോക്ഷമെന്ന ലക്ഷ്യത്തെ പ്രാപിക്കുന്നതിന് ആവശ്യമായ അനുസ്യൂതപ്രയത്‌നം അഭ്യാസം കൊണ്ടുമാത്രമേ നേടിയെടുക്കാനാകൂ.
ഓരോശരീരത്തിലും വ്യത്യസ്തമായ ഭൂതമാത്രകളാണുള്ളത്. മേല്‍പറഞ്ഞ ഭൂതമാത്രകളില്‍തന്നെ ആനുപാതികവ്യത്യാസമനുസരിച്ച് – പഞ്ചഭൂതങ്ങളുടെ അനുപാതത്തിലുള്ള വ്യത്യാസക്രമം – ശരീരത്തിന് വ്യത്യസ്തസ്വഭാവങ്ങള്‍ നിലനില്‍ക്കുന്നു. ജീവന്റെ വിഷയസംതൃപ്തിക്ക് പ്രയോജനപ്പെടുന്നമട്ടിലാണ് ഓരോജീവനും ശരീരഭൂതമാത്രകളെ സംഭരിക്കുന്നത്. നിരന്തരമായ അഭ്യാസംകൊണ്ട് ശരീരത്തിലെ ഭൂതമാത്രകളെ ശുദ്ധീകരിക്കുകയെന്ന ഫലമാണുണ്ടാകുന്നത്. ഒരു ദിവസമെങ്കിലും അഭ്യാസത്തിന് മുടക്കം വന്നാല്‍ ഭൂതമാത്രകള്‍ പൂര്‍വസ്ഥിതിയില്‍ ചെന്നെത്തുന്നു. തല്‍ഫലമായി ആവര്‍ത്തനം ആവശ്യമായി വരുന്നു. പരിശുദ്ധമായ മസ്തിഷ്‌കത്തിന് (മനസ്സിനും) പ്രവര്‍ത്തിക്കേണ്ട നാഡീസമൂഹം ശുദ്ധമായ ശരീരത്തോടും ഇന്ദ്രിയങ്ങളോടും ബന്ധപ്പെട്ട് നിലനില്‍ക്കുന്നതുകൊണ്ട് ഇടവിടാതെയുള്ള അഭ്യാസം ശരീരശുദ്ധീകരണത്തിന് ആവശ്യമാണ്. ശരീരത്തിലെ സൂക്ഷ്മാണുക്കളെ ശുദ്ധീകരിക്കുകയും അതിമൃദുലമായതന്ത്രികളെ നെയ്‌തെടുക്കുകയും ചെയ്യുന്നു. തല്‍ഫലമായുണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ദ്രിയങ്ങള്‍ പ്രകടമാക്കുകയില്ല. എന്നാല്‍ തുടര്‍ന്നുള്ള അഭ്യാസങ്ങള്‍കൊണ്ട് പരിവര്‍ത്തനാത്മകമായ ഫലം സാധകന് അനുഭവപ്പെടും. സൂക്ഷ്മാണുക്കളില്‍പ്പോലും വരുന്ന അഭ്യാസദൃഢത വൃത്തിനിരോധനത്തിന് വളരെയേറെ പ്രയോജനപ്പെടും.
വൈരാഗ്യം
അഭ്യാസംകൊണ്ട് സംശുദ്ധമാകുന്ന ശരീരത്തില്‍ ഇന്ദ്രിയങ്ങളുടെ വിഷയാസക്തി ലോപിക്കുകയും ഇല്ലാതാവുകയും ചെയ്യുന്നു. അഭ്യാസം എത്രകാലം തുടര്‍ന്നാലും വിഷയാസക്തിയില്ലാതാകുന്നില്ലെങ്കില്‍ വൈരാഗ്യം സംഭവിച്ചുവെന്ന് പറയാനാകുകയില്ല. ഇന്ദ്രിയവിഷയങ്ങളെ പ്രജ്ഞാശക്തികൊണ്ടു കീഴ്‌പ്പെടുത്തുകയും സ്വഭാവേന പ്രപഞ്ചവിഷയങ്ങളുടെസ്വാധീനം ജീവനില്‍ ഇല്ലാതായിത്തീരുകയും ചെയ്യുന്നതാണ് വൈരാഗ്യം. ആത്മസാക്ഷാത്കാരത്തിനുവേണ്ടിയുള്ള അനുസ്യൂതപ്രയത്‌നത്തിന്റെ അനുഭവവേദിയാണ് വിരാഗത.
”വിഷയാ വിനിവര്‍ത്തന്തേ നിരാഹാരസ്യ ദേഹിനഃ
രസവര്‍ജം രസോളപ്യസ്യ പരം ദൃഷ്ട്വാ നിവര്‍ത്തതേ”
-‘വിഷയങ്ങള്‍ ഭൂജിക്കാതിരിക്കുന്നവന് വിഷയങ്ങള്‍ വിട്ടുമാറുന്നു. എങ്കിലും അവയിലുള്ള രസം വിട്ടുമാറുന്നില്ല. അയാളുടെ ആ കാമനയും പരമാത്മാവിനെ ദര്‍ശിക്കുമ്പോള്‍ നീങ്ങുന്നു’. എന്ന ഭഗവദ്‌വചനം സാക്ഷാത്കാരബോധത്തിന്റെ മഹിമയെ വെളിവാക്കുന്നതും വിഷയനിവൃത്തി പരമാത്മജ്ഞാനംകൊണ്ട് സംഭവിക്കുമെന്നതിന്റെ അസന്ദിഗ്ധമായ പ്രഖ്യാപനവുമാണ്. സ്വരൂപജ്ഞാനത്തെ ജനിപ്പിക്കുന്നതിന് സംപ്രജ്ഞാതയോഗം കൊണ്ടുള്ള അനുഭവം പ്രയോജനപ്പെടുന്നു. ജീവന്റെ ഊര്‍ദ്ധ്വഗതിയിലേക്കുള്ള അഥവാ ഉത്തരോത്തര ശരീരങ്ങളിലേക്കുള്ള വികാസം അസംപ്രജ്ഞാതം എന്ന സാങ്കേതിക പദം കൊണ്ടാണ് വിവക്ഷിക്കുന്നത്. ജീവനില്‍ വസ്തുനിരാകരണം കൊണ്ടും വിഷയനിവാരണം കൊണ്ടും അധ്യാസനിരോധനം കൊണ്ടും സംഭവിക്കുന്ന പടിപടിയായുള്ള അനുഭവങ്ങളെയാണ് ലോകങ്ങളായി അധ്യാത്മശാസ്ത്രം വിവരിക്കുന്നത്. സപ്തലോകങ്ങളിലേക്ക് ജീവന്‍ പുരോഗമിക്കുന്നു എന്ന് പറയുമ്പോള്‍ ജീവന്റെ സമ്പൂര്‍ണ്ണ പ്രയാണത്തിന് ഏഴ് അനുഭവവേദികള്‍ കടന്നുപോകേണ്ടതുണ്ടെന്ന് ധരിക്കേണ്ടതാണ്.
സംപ്രജ്ഞാതത്വം, അസംപ്രജ്ഞാതത്വം എന്നീ രണ്ട് സാങ്കേതികപദങ്ങള്‍ യോഗശാസ്ത്രത്തില്‍ അതീവപ്രാധാന്യമര്‍ഹിക്കുന്നു. ഉപരിമണ്ഡലങ്ങളിലെ അനുഭവഗുണം സ്ഥൂലശീരപ്രജ്ഞയുമായി യോജിപ്പിക്കുന്ന അനുഭവം യോഗാനുഭൂതിയിലൂടെ സിദ്ധമാകുന്നു. ഈ അവസ്ഥയാണ് അസംപ്രജ്ഞാതം കൊണ്ടുദ്ദേശിക്കുന്നത്. പ്രജ്ഞാവികാസം സ്ഥിരീകരിക്കപ്പെടുമ്പോള്‍ അസംപ്രജ്ഞാതത്വമെന്ന പേരുപറയുന്നു.
Discussion about this post