
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സെപ്തംബര്‍ 1ന് ആരംഭിച്ച ഗണേശോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുളള ഘോഷയാത്ര ഇന്ന് (സെപ്തംബര്‍ 10 ശനിയാഴ്ച) തിരുവനന്തപുരത്ത് നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നും രാവിലെ ആരംഭിക്കുന്ന ചെറുഘോഷയാത്രകള്‍ മൂന്നു മണിയോടുകൂടി കിഴക്കേക്കോട്ടയില്‍ എത്തിച്ചേരും. വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ ഭാഗത്തുനിന്നുള്ള ഘോഷയാത്രകള്‍ മംഗലപുരം, കഴക്കൂട്ടം, ശ്രീകാര്യം വഴിയും, കിളിമാനൂര്‍, കല്ലറ, വാമനപുരം, വെഞ്ഞാറമൂട്, വെമ്പായം, വട്ടപ്പാറ എന്നിവിടങ്ങളില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്രകള്‍ എം.സി. റോഡ് വഴി മണ്ണന്തല, കേശവദാസപുരം വഴിയും പാലോട്, വിതുര, ആര്യനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ നെടുമങ്ങാട്, കരകുളം, പേരൂര്‍ക്കട വഴിയും, അമ്പൂരിയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളനാട്, ഒറ്റശേഖറമംഗലം, മണ്ഡപത്തിന്‍കടവ് വഴി കാട്ടാക്കട എത്തി കള്ളിക്കാട്, പട്ടകുളം മേഖലകളില്‍നിന്ന് വരുന്ന ഘോഷയാത്രയുമായി ചേര്‍ന്ന് മലയിന്‍കീഴ്, പേയാട്, തിരുമല വഴിയും പാറശ്ശാലയില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉദിയന്‍കുളങ്ങര, അമരവിള വഴി നെയ്യാറ്റിന്‍കരയിലെത്തി ബാലരാമപുരം, നേമം, പാപ്പനംകോട് വഴിയും കിഴക്കേക്കോട്ടയില്‍ എത്തിച്ചേരും.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നാരംഭിക്കുന്ന ഘോഷയാത്രകളും കിഴക്കേക്കോട്ടയില്‍ എത്തിച്ചേരുന്നതോടെ 3.30ന് കിഴക്കേക്കോട്ടയില്‍് സാംസ്‌ക്കാരിക സമ്മേളനം ആരംഭിക്കും. ഗണേശോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഭീമ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രശസ്ത ചലച്ചിത്ര താരങ്ങളായ കാര്‍ത്തിക, രാധ, മേയര്‍ കെ. ചന്ദ്രിക, എംഎല്‍.എമാര്‍ സാംസ്‌ക്കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍നിന്നും കൊണ്ടുവരുന്ന ദീപം ഗണേശവിഗ്രഹത്തിനുമുന്നില്‍ തെളിയിച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ശംഖുമുഖത്ത് പ്രത്യേക പൂജകള്‍ക്കുശേഷം ഗണേശവിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യും.
Discussion about this post