ചെന്നൈ: രാമനാഥപുരത്ത് അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.
ദളിത് വിമോചന നേതാവായിരുന്ന ഇമാനുവല്‍ ശേഖറിന്റെ 55ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് രാമനാഥപുരം ജില്ലയില്‍ ഒരുക്കിയിരുന്ന ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ച തമിഴക മക്കള്‍ മുന്നേറ്റ കഴക നേതാവ് ജോണ്‍ പാണ്ഡിയനെ പോലീസ് തൂത്തുക്കുടിക്ക് സമീപം വല്ലനാട് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നൂറിലധികം വരുന്ന ദളിത് പ്രവര്‍ത്തകര്‍ പരമക്കുടിയില്‍ റോഡ് ഉപരോധിച്ചു. സ്ഥലത്തെത്തിയ പോലീസിനെതിരെ കല്ലേറ് ശക്തമായതിനെത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും ആള്‍ക്കൂട്ടം കൂടുതല്‍ അക്രമാസക്തരായി. തുടര്‍ന്ന് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും ജനക്കൂട്ടം ശാന്തരായില്ല. തുടര്‍ന്ന് നടത്തിയ വെടിവെപ്പിലാണ് അഞ്ചുപേര്‍ മരിച്ചത്.
ആക്രമണം നടന്ന രാമനാഥപുരം, മധുരൈ, ശിവഗംഗ, വിര്‍ധുനഗര്‍ എന്നീ പ്രദേശങ്ങളിലേക്കുള്ള ബസ് ഗതാഗതം പോലീസ് തടഞ്ഞിരിക്കുകയാണ്.
Discussion about this post