ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി
മനസ്സിന്റെ ഉള്ളറയില്‍ പൂജയിലൂടെ അനുഭവിച്ച അനുഭൂതി സേവനത്തിലൂടെ പകര്‍ത്തിക്കൊടുക്കാനുള്ള ഗുരുസങ്കല്പമാണ് ബാഹ്യപൂജയുടെ ഉദാരമായ പ്രയോജനം. ഈ സങ്കല്പശേഷിയില്ലാത്ത പൂജ പലപ്പോഴും ശാസ്ത്രാനുസൃതമായ ചടങ്ങായി ലോപിച്ചുപോകാറുണ്ട്. ചൈതന്യം നഷ്ടപ്പെട്ട യന്ത്രശരീരമോ മന്ത്രശരീരമോ പൂജകൊണ്ടുദ്ദേശിക്കുന്ന ഫലം ഉളവാക്കുകയുമില്ല. അതുകൊണ്ട് പ്രജ്ഞാമണ്ഡലത്തിന്റെ വികാസം സാധകനും സാധാരണക്കാരനും പ്രയോജനപ്പെടുവാനും ഗുരുവിന്റെ സങ്കല്പശക്തിയാണ് അടിസ്ഥാനമെന്ന് ധരിക്കേണ്ടതാണ്. ഇനി വിവരിക്കാന്‍ പോകുന്ന അനുഭവങ്ങളില്‍നിന്ന് ഇത് വ്യക്തമാകും.
ശ്രീരാമസീതാ ആഞ്ജനേയ ശ്രീകോവിലില്‍നിന്ന് കര്‍പ്പൂരദീപവുമായി പുറത്തിറങ്ങിയാല്‍ പ്രദിക്ഷിണമായി വലംവച്ച് തിരികെ ശ്രീകോവിലിന്റെ തിരുനടയിലെത്തുകയാണ് പതിവ്. ഇവിടെ സാധകനും പൂജയില്‍ പങ്കുചേരുന്ന ഭക്തനും തമ്മിലുള്ള സങ്കല്പമറിയുന്നത് രസാവഹമാണ്. ബാഹ്യവൃത്തിയില്‍ ഭക്തന്‍ കാണുന്ന ശ്രീകോവില്‍ സാധകന് തന്റെ മനസ്സാണ്. ഭക്തന് അര്‍ച്ചന, നിവേദ്യം തുടങ്ങിയവ സാധകന് മനോവൃത്തികളുടെ സമര്‍പണസാധനമാണ്. സാധാരണ ക്ഷേത്രങ്ങളില്‍ പഞ്ചോപചാരപൂജാക്രമമാണുള്ളത്. പഞ്ചോപചാരങ്ങളുടെ ഉപകരണങ്ങള്‍ ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം എന്നിവകളാണ്. ഈ അഞ്ചെണ്ണം പഞ്ചഭൂതങ്ങളാണെന്ന് ധരിക്കേണ്ടതാണ്. സാധകനെ സംബന്ധിച്ച് ഭൂതമാത്രകളെല്ലാം ആത്മാവില്‍ വിലയം പ്രാപിക്കേണ്ടതാണ്. പൂജ വീക്ഷിക്കുന്ന ഭക്തരെ സംബന്ധിച്ചിടത്തോളം അനുഭൂതിയുടെ ഈ മണ്ഡലം സ്വായത്തമായെന്ന് വരികയില്ല. എങ്കിലും അവരതിലേയ്ക്കാണ് വരുന്നതെന്ന് സമാധാനിക്കാം. സാധകന് പൂജാസങ്കല്പത്തില്‍ പ്രപഞ്ചത്തിന്റെ സര്‍വമണ്ഡലത്തിലും വ്യാപിക്കുന്ന പ്രജ്ഞയാണുള്ളത്. സാധാരണക്കാരന് ഭഗവദ്പ്രീതിക്കുവേണ്ടി അര്‍പ്പിക്കുന്ന സാധനസാമഗ്രികളായിട്ടാണ് പുജയുടെഫലം പ്രതീക്ഷിക്കുന്നത്. താന്‍ അര്‍പ്പിക്കുന്ന സാധനയുടെ ഫലംകൊണ്ട് സരൂപസങ്കല്പത്തിലുള്ള മൂര്‍ത്തിക്ക് സംതൃപ്തിയുണ്ടാകുന്നുവെന്നുള്ള ധാരണയാണ് ഭക്തനുണ്ടാകുന്നത്. സാധകനാകട്ടെ മൂര്‍ത്തീഭാവത്തിനതീതമായ ബ്രഹ്മസങ്കല്പമാണ് സങ്കല്പപഥത്തിന്റെ മാര്‍ഗരേഖയായി തെളിയുന്നത്. ഉപാധികളിലും മൂര്‍ത്തിയിലും മാത്രമൊതുങ്ങുന്ന പൂജാസങ്കല്പം തന്ത്രമന്ത്രങ്ങളെ ആസ്പദമാക്കി ചുരുങ്ങിപ്പോകുന്ന വൈകല്യം ഇന്നും സംഭവിക്കുന്നുണ്ട്. അതിന്റെ ഫലമായുണ്ടാകുന്ന അസംതൃപ്തി പുജയുടെ സമ്പൂര്‍ണഫലത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുമൂലം വളര്‍ന്നുവരുന്നത് അവിശ്വാസവും അന്ധവിശ്വാസവുമാണ്. എന്നാല്‍ ഉപാധികളെ വിലയിപ്പിച്ചുകൊണ്ട് ഉപാധേയത്തിന്റെ ചൈതന്യഭാവം പകര്‍ത്തികൊടുക്കുന്ന പൂജാസങ്കല്പം ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെപ്പോലെയുള്ള മഹാത്മക്കളുടെ ഉഗ്രതപസ്സിലുരുത്തിരിഞ്ഞ സങ്കല്പശക്തിയിലൂടെ മാത്രമേ ഉണ്ടാകുകയുള്ളൂ.
യോഗത്തിന് വിവിധനാമങ്ങളോടുകൂടിയ മാര്‍ഗങ്ങള്‍ ധാരാളമുണ്ടെങ്കിലും അവയെല്ലാം സമാപിക്കുന്നത് യോഗമെന്ന ഏകസങ്കല്പത്തിലാണ്. ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മ്മയോഗം എന്നു തുടങ്ങി മുമ്പ് വിവരിച്ച എല്ലാ സമ്പ്രദായങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഏകപദമാണ് യോഗം. ഇവിടെ വൈവിധ്യങ്ങളെ ഏകത്വത്തില്‍ ഇണക്കിനിറുത്തുന്ന ഭാരിച്ച ചുമതല യോഗിക്ക് ഏകസങ്കല്പത്തില്‍ ഏറ്റെടുക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരും. സാധാരണ പൂജാരിക്ക് തന്ത്രമന്ത്രാദികള്‍ കൊണ്ടുള്ള കര്‍മങ്ങള്‍ നിര്‍വഹിച്ച് പ്രതിഫലംപറ്റി പിരിഞ്ഞ് പോകേണ്ടതേയുള്ളൂ. എന്നാല്‍ ഗുരുക്കന്മാരുടെ സങ്കല്പമതല്ല. ഭക്തന്മാരുടെ പ്രജ്ഞാമണ്ഡലം ചെന്നെത്താത്ത ഉപരിമണ്ഡലങ്ങളിലൂടെ വ്യാപരിക്കയും അങ്ങനെ ഉപരിവൃത്തികളിലൂടെ ഭക്തര്‍ക്ക് വരാനിരിക്കുന്ന കെടുതികള്‍ മനസ്സിലാക്കി പരിഹാരം കാണുകയുമാണ് അവര്‍ ഏറ്റെടുത്തിരിക്കുന്ന ചുമതല. പ്രതിഫലേച്ഛയ്‌ക്കോ, ഭക്തജനങ്ങള്‍ തന്റെ സേവനമറിഞ്ഞുവോ എന്ന അഭിമാനബുദ്ധിയ്‌ക്കോ ഗുരുവിന്റെ കര്‍ത്തവ്യത്തില്‍ സ്ഥാനമില്ല. ഗുരുസങ്കല്പം എവിടെയെല്ലാമുണ്ടോ അതുവരെ ഗുരുവിന്റെ സ്ഥൂലശരീരത്തിനും വ്യാപ്തിയുണ്ട്. മറ്റുള്ളവര്‍ക്ക് സൂക്ഷ്മമെന്ന് തോന്നുന്ന പലതും ഗുരുപ്രജ്ഞയില്‍ സ്ഥൂലം മാത്രമാണ്. വ്യക്തമായ സൂക്ഷ്മഭാവങ്ങല്‍ സംപ്രജ്ഞാതാവസ്ഥയില്‍ നിന്ന് അസംപ്രജ്ഞാതാവസ്ഥയിലേയ്ക്ക് വളര്‍ന്നെത്തുമ്പോള്‍ സാധാരമക്കാരന് അജ്ഞാതമായ സൂക്ഷ്മസങ്കല്പങ്ങള്‍ ഗൂരുവിന് ജ്ഞാതമായ സ്ഥൂലസങ്കല്പങ്ങളായിത്തീരുന്നു. ഇങ്ങനെ ഗുരുവിന്റെ സങ്കല്പശക്തി സപ്തലോകങ്ങളിലും വ്യാപരിച്ച് സ്ഥൂലപ്രജ്ഞപോലെ സുവ്യക്തമാകുന്നതോടുകൂടി ഗുരുവിന്റെ ശരീരം പ്രപഞ്ചശരീരമായി മാറുന്നു. ഈ അവസ്ഥയില്‍ പ്രപഞ്ചസ്വരൂപം ബ്രഹ്മഃ എന്ന സങ്കല്പവും ഗുരുസങ്കല്പവും ഒന്നായിത്തീരുന്നു. ഈ മഹത്തായ ദര്‍ശനം മനസ്സിലാകത്തക്കവണ്ണമുള്ള അനുഭവമാണ് താഴെ കുറിക്കുന്നത്.
കര്‍പ്പൂരാരാധന സപ്തലോകങ്ങളിലേയ്ക്കുയര്‍ന്നു ചെല്ലുന്ന പ്രജ്ഞാവികാസമാണെന്ന് പറഞ്ഞുവല്ലോ. സാധകന്‍ എന്നുള്ള നിലയില്‍ എനിയ്ക്കുണ്ടായ അനുഭവം വിവരിക്കട്ടെ. കര്‍പ്പൂരദീപവുമായി ഞാന്‍ ശ്രീകോവിലിന്റെ പുറകിലെത്തി. അപ്പോള്‍ കേവലബാഹ്യപ്രജ്ഞ ചലനങ്ങള്‍ക്കുവേണ്ടിമാത്രമുപയോഗിച്ചു കഴിഞ്ഞാല്‍ ഉത്തരലക്ഷണത്തിലത് ഉപരിമണ്ഡലങ്ങളിലേയ്ക്കുയരുകയായി. കര്‍പ്പൂരദീപവുമായി പുറകിലെത്തിയ ഞാന്‍ സപ്തമണ്ഡലങ്ങളിലേക്കും ഉയരുന്നതായിത്തോന്നി. ഉയര്‍ന്നുയര്‍ന്നു പോകുന്തോറും ഭൗതിലോകവുമായിബന്ധപ്പെട്ട് ഒരേ ഒരു സങ്കല്പമാണ് എന്നിലവശേഷിച്ചത്. അത് ഗുരുസങ്കല്പമായിരുന്നു. അതിനു കാരണമായിരുന്ന ഉപാധി കൈകളിലിരുന്ന കര്‍പ്പൂരത്തട്ടമാണ്. എത്രയോ യോജനപൊങ്ങി ഭൂമിയുടെ ആകര്‍ഷണപരിധിയിലെത്തിയതായിത്തോന്നി. ഈ കര്‍പ്പൂരത്തട്ടം എന്നോടൊത്ത് അന്തരീക്ഷത്തില്‍ കറങ്ങിതിരിഞ്ഞാല്‍ സ്വാമിജിയ്ക്ക് ആരാധനനടത്താന്‍ മറ്റുതട്ടങ്ങളില്ലല്ലോ. ആ ചിന്ത മനസ്സിനെ നന്നായിസ്വാധീനിച്ചു.
കര്‍പ്പൂരതട്ടത്തെ ആസ്പദിച്ചുള്ള രണ്ടാമത്തെ ചിന്ത ഭൂമണ്ഡലത്തിന്റെ ആകര്‍ഷണ പരിധിക്ക് തൊട്ട് താഴെയുള്ളതാണ്. തട്ടം കയ്യില്‍ നിന്നുവീണാല്‍ അത് തകര്‍ന്ന് തപിപ്പണം ആകും. സ്വാമിജിക്ക് ആരാധനയ്ക്ക് മറ്റൊരു തട്ടം ഇല്ലെന്നുള്ളത് എനിക്ക് വ്യക്തമാണ്. നിത്യാരാധന ഉപാസകന്‍ മുടക്കാറില്ല. സ്വാമിജി നടത്തുന്ന സാധകന്റേതല്ല. മറിച്ച് ലോക സംഗ്രഹാര്‍ത്ഥം അറിഞ്ഞുകൊണ്ട് അനുവര്‍ത്തിക്കുന്ന ജ്ഞാനിയുടെ പ്രജ്ഞാപ്രസരണമാണ്. ബാഹ്യകര്‍മ്മങ്ങളും അദ്ദേഹത്തിന്റെ പ്രജ്ഞാവ്യാപ്തിയും രണ്ടല്ലെങ്കിലും സാധാരണക്കാരന് സ്വാമിജിയുടെ പൂജ ബാഹ്യവൃത്തിയില്‍ ആശ്വാസവും അഗ്രഹവും ലഭിക്കുന്ന ഉപാധിയാണ്. അതുകൊണ്ട് ആ പൂജയ്ക്കുള്ള തട്ടം ഉടഞ്ഞുപോയാലുള്ള വേദന മനസ്സിനെ പിടിച്ചുനിര്‍ത്തി. ഉരിമണ്ഡലങ്ങളില്‍ നിന്ന് തിരിച്ച് ആശ്രമത്തില്‍ എത്തുകയില്ലെന്ന് ഉറപ്പായി. ചക്രവാള സീമയിലൂടെ ഒരു പ്രദക്ഷിണം കഴിഞ്ഞു. എന്റെ അനുവാദം ഇല്ലാതെതന്നെ ഇങ്ങനെ രണ്ട് മൂന്ന് പ്രദക്ഷിണം കഴിഞ്ഞതോടെ ഏതോ വിചിത്രാനുഭൂതിയിലേക്ക് ഞാന്‍ കടന്നുചെന്നു. ഭൂമിയില്‍ അനുഭവിച്ച ഊഷ്മാവോ ശൈത്യമോ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല. ഭൂമണ്ഡലസ്മൃതി എന്നില്‍ നിന്നും മറഞ്ഞു. വിചിത്രവീഥികളിലൂടെ ഞാന്‍ പ്രയാണം ചെയ്തു. എന്റെ പ്രജ്ഞാ മണ്ഡലത്തില്‍ പ്രതിഷ്ഠിതമായിരുന്ന ഏകവിഗ്രഹം ഗുരുനാഥന്‍ മാത്രമായിരുന്നു. പെട്ടെന്ന് ആ മഹാപ്രഭുവിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു.
ഭൂമിയോ ഭൂമിയോടുബന്ധമുള്ള എന്റെ പ്രജ്ഞയിലില്ല. എങ്കിലും അടുത്ത മണ്ഡലത്തിലേക്കുളള പ്രയാണം അല്പം ഒരു ചഞ്ചലത്വം സൃഷ്ടിച്ചതായി എനിക്കു തോന്നി. മുകളിലേക്ക് എത്തിയാല്‍ എന്താണീ പ്രയാണത്തിന്റെ അന്ത്യമെന്ന ചിന്ത! അമിതമായ സുഗന്ധവും ശരീരത്തെ തഴുകി സംതൃപ്തമാക്കുന്ന ഏതോ അനുഭൂതിയുടെ അവാച്യതയും അനുഭവപ്പെട്ടു. എങ്കിലും ചഞ്ചലത്വം വിട്ടൊഴിഞ്ഞില്ല. ആ ചഞ്ചലതയുടെ സന്നിഗ്ദ്ധഘട്ടത്തിലായിരുന്നു മഹാപ്രഭുവായ ഗുരുനാഥന്റെ പ്രണവ ശബ്ദം മുഴങ്ങിക്കേട്ടത്. നിസ്സഹായതയുടെയും ഭയത്തിന്റെയും ചെറു ലാഞ്ചന ഉണ്ടായ സമയത്ത് മഹാസാന്നിധ്യം കൊണ്ട് മാര്‍ഗ്ഗ രേഖ നല്‍കിയ ഗുരുനാഥന്റെ സങ്കല്പശക്തി സംപ്രജ്ഞാത മണ്ഡലത്തില്‍ നിന്ന്, അതായത് ഭൂമിയുടെ സ്ഥൂല മണ്ഡലത്തില്‍ നിന്ന് ഞാന്‍ എത്തിയെന്ന് എനിക്ക് തോന്നിയ ഉപരിമണ്ഡലത്തിലെത്തിയപ്പോഴും ഭൂമിയിലേതുപോലെ ശബ്ദവും സാന്നിധ്യവും പ്രസന്നമായിരുന്നു. ശബ്ദം കേട്ടതോടെ എന്റെ മുന്നില്‍ അതേവരെസൃഷ്ടിച്ചുനിന്ന അത്ഭുതകരമായ ഒരു മറ പൊട്ടിനീങ്ങിയതുപോലെ തോന്നി. ഞാന്‍ ശ്രീകോവിലിന്റെ ഭിത്തികള്‍ കണ്ടു. ശ്രീകോവിലിന്റെ പുറകിലാണ് ഞാന്‍ നില്‍ക്കുന്നതെന്നറിഞ്ഞു. സാധാരണ ചെയ്യാറുള്ളതുപോലെ പ്രദക്ഷിണ പൂര്‍ത്തിയാക്കി. തിരുനടയിലെത്തി, ആരാധന പൂര്‍ത്തിയായി, മണിനാദം മുഴങ്ങി, ഭക്തജനങ്ങള്‍ പിരിഞ്ഞു. സാധാരണ ആരാധന കഴിഞ്ഞുപോകുന്ന വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ നാലാമത്തെ ഉപരിമണ്ഡലത്തില്‍ ഞാന്‍ കണ്ട അതേ അവസ്ഥയില്‍ സ്വാമിജി വരാന്തയില്‍ ഇരിക്കുന്നു. മാത്രവുമല്ല, പതിവില്ലാത്തതുപോലെ ഒരു കാര്യം പറഞ്ഞു- ‘എടോ! അവിടെ നടക്കുന്നതുതന്നെയാണ് ഇവിടെയും നടക്കുന്നത്. ഇവിടെ നടക്കുന്നതെല്ലാം അവിടെ നടക്കുന്നതുതന്നെ. എങ്കിലും ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം ഇവിടെ ശരീരവും ശരീരവൃത്തിയും ഉണ്ട്. ഉരുകുന്ന കര്‍പ്പൂരമാണ് കയ്യില്‍. ആളുകള്‍ ചുറ്റുമുണ്ട്. അപകടങ്ങള്‍ എപ്പോഴും വരാം. ആരാധനയ്ക്ക് കൂടുതല്‍ ശ്രദ്ധ ഇവിടെ വേണം. അതുകൊണ്ട് കുറവൊന്നും വരില്ല. രണ്ടും ഒന്നു തന്നെയാണ്’. ഇപ്പോഴും ആ ശബ്ദം എന്റെ സ്മൃതിപഥത്തില്‍ സജീവ ചൈതന്യം ചൊരിഞ്ഞ് നില്‍ക്കുന്നു. എപ്പോഴെങ്കിലും ആരാധനാ സമയത്ത് സങ്കല്പം എന്നെ ഉപരിമണ്ഡലത്തിലേക്ക് നയിച്ചാല്‍ അവിടെ സ്വാമിജി ഇരിക്കുന്നതായി കാണും. ആ ശബ്ദം കേള്‍ക്കുകയും ചെയ്യും. താമസം വിനാ പരാപേക്ഷയില്ലാതെ ഞാന്‍ ശ്രീകോവിലിന്റെ മുന്നിലെത്തിക്കഴിയും.
Discussion about this post