ശ്രീനഗര്‍: വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെ വെള്ളിയാഴ്ച കശ്മീര്‍ താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പട്ടാന്‍, ബാരാമുള്ള, ഹന്ദ്വാര, കുപ്‌വാര പട്ടണങ്ങളില്‍ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ബാരാമുള്ള ജില്ലയിലെ ബൊമായിയിലുള്ള സി.ആര്‍.പി.എഫ്. ക്യാമ്പില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. ലോഗ്രിപ്പോറ സ്വദേശികളായ ആരിഫ് അഹ്മദ്മിര്‍, സമീര്‍ അഹമദ് ലോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ശ്രീനഗറില്‍നിന്ന് 150 കി.മീ. അകലെ ക്രാല്‍പോറ-ട്രെഹ്ഗാം പ്രദേശവാസികള്‍ രാവിലെ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ മുദ്ദാസര്‍ അഹ്മര്‍ സര്‍ഗര്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ മരിച്ചു.
ബാരാമുള്ള ജില്ലയിലെ പട്ടാനില്‍ കര്‍ഫ്യൂ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പിരിച്ചുവിടാന്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പിലും കണ്ണീര്‍വാതക പ്രയോഗത്തിലും അറുപത്തിയഞ്ചുകാരനായ അലിമുഹമ്മദ് കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു.ശ്രീനഗറിലെ ഷെറാസ്ചൗക്, രംഗാര്‍ സ്റ്റോപ്പ്, സല്‍ദാഗര്‍, ബൂഹ്രികഡല്‍ എന്നിവിടങ്ങളില്‍ യുവാക്കള്‍ സുരക്ഷാസേനയ്ക്കു നേരേ കല്ലെറിഞ്ഞു.
വിഘടനവാദികള്‍ ആഹ്വാനംചെയ്ത ബന്ദ് താഴ്‌വരയില്‍ ജനജീവിതം സ്തംഭിപ്പിച്ചു.
ജമ്മുവിലെ റംബാന്‍ ജില്ലയില്‍ ഭീകരരുടെ ഒളിത്താവളത്തില്‍നിന്ന് സുരക്ഷാസേന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
Discussion about this post