പരശുരാമന്‍
മഹാവിഷ്ണുവിന്റെ ഉഗ്രപ്രഭാവത്തോടുകൂടിയ മനുഷ്യാവതാരമാണ് പരശുരാമന്‍.
വംശാവലി:
മഹാവിഷ്ണുവില്‍ നിന്നു അനുക്രമമായി ബ്രഹ്മാവ്-ഭൃഗു-ച്യവനന്‍-ഊര്‍വ്വന്‍-ഋചികന്‍ ജമദഗ്നി- ”പരശുരാമന്‍”.
പ്രധാന കഥയിലേക്കു കടക്കുന്നതിനു മുമ്പ് മുഖ്യകഥാപാത്രങ്ങളെ വിലയിരുത്താം.
കാര്‍ത്തവീര്യാര്‍ജ്ജുനന്‍, ദത്താത്രേയ മുനി, ജമഗദഗ്നി മുനി, രേണുക, ആപവന്‍, വിഷ്ണു
മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളില്‍ വിഷ്ണുവിനെക്കുറിച്ചു കൂടുതല്‍ വിവരണം നല്‍കേണ്ടതില്ല. കാരണം കഴിഞ്ഞ കഥകളിലെല്ലാം തന്നെ വിഷ്ണുവിനെക്കുറിച്ച് ധാരാളമായി വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്.
കാര്‍ത്തവീര്യാര്‍ജ്ജുനന്‍
ഹേഹയവംശത്തിലെ സുപ്രസിദ്ധനായ രാജാവാണ് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അഥവ കാര്‍ത്തവീര്യന്‍.
വംശാവലി:
മഹാവിഷ്ണുവില്‍ നിന്നു അനുക്രമമായി അത്രി, ചന്ദ്രന്‍ – ബുധന്‍ – പുരൂരവസ്സ് – ആയുസ്സ് – യയാതി – യദു – സഹസ്രജിത്ത് – ശതജിത്ത് – ഏകവീരന്‍ – ധര്‍മ്മന്‍ – കുണി – ഭദ്രസേനന്‍ – ധനകന്‍ – കൃതവീര്യന്‍ – കാര്‍ത്തവീര്യാര്‍ജ്ജുനന്‍.
ഹേഹയന്മാര്‍ ക്ഷത്രിയരും, ഭാര്‍ഗ്ഗവന്മാര്‍ ബ്രാഹ്മണരുമാണ്. ഭാര്‍ഗ്ഗവ മുനിമാരായിരുന്ന ഹേഹയ രാജാക്കന്മാരുടെ കുലഗുരുക്കന്മാര്‍. ദാനധര്‍മ്മികളായ ഹേഹയന്മാര്‍ ഭാര്‍ഗ്ഗവന്മാര്‍ക്കു നിരവധി ധനം കൊടുത്ത് കാലക്രത്തില്‍ ഭാര്‍ഗ്ഗവന്മാര്‍ ധനവാന്മാരായി തീരുകയും ഹേഹയന്മാര്‍ ക്ഷയിക്കുകയും ചെയ്തു. ഈ ദുസ്ഥിതി പരിഹരിക്കുന്നതിനായി ഭാര്‍ഗ്ഗവമുനികളില്‍ നിന്നു കുറെ പണം കടം വാങ്ങാന്‍ ഹേഹയര്‍ തീരുമാനിച്ചു. പക്ഷേ, ഭാര്‍ഗ്ഗവന്മാര്‍ ഹേഹയരെ വഞ്ചിച്ചു. തങ്ങളുടെ പക്കല്‍ ധനമില്ലെന്നു പറഞ്ഞ് ഭാര്‍ഗ്ഗവന്മാര്‍ ഒഴിഞ്ഞു മാറി. കുപിതരായ ഹേഹയര്‍ (ക്ഷത്രിയര്‍) ഭാര്‍ഗ്ഗവരെ വേട്ടയാടി. ഭാര്‍ഗ്ഗവന്മാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ധനമെല്ലാം ആശ്രമത്തറകളില്‍ കുഴിച്ചിട്ട ശേഷം ഹിമാലയത്തിലേക്കു പുറപ്പെട്ടു. ഹേഹയര്‍ അവരെ പിന്‍തുടര്‍ന്നു വേട്ടയാടി. ഒടുവില്‍ ഭാര്‍ഗ്ഗവകുലത്തില്‍പ്പെട്ട ഒരു ബ്രാഹ്മണി തുടയില്‍ കൂടി ‘ഊര്‍വ്വന്‍’ എന്ന മുനിയെ പ്രസവിച്ചു. ഊര്‍വ്വന് ‘ഔര്‍വ്വന്‍’ എന്നും പേരുണ്ട്. ഊര്‍വ്വന്റെ ജനനത്തോടെ ഹേഹയര്‍ സമാധാനത്തില്‍ മാത്രം അടിയുറച്ചു തുടങ്ങി. കാലം വീണ്ടും പലതും കടന്നു. ഹേഹയരാജവംശത്തില്‍ പ്രതാപിയായ കാര്‍ത്തവീര്യാര്‍ജ്ജുനനും, ഭാര്‍ഗ്ഗവ വംശത്തില്‍ പ്രതാപിയായ ജന്മദഗ്നി മഹര്‍ഷിയും ജനിച്ചു. പൂര്‍വ്വീകര്‍ സമ്പാദിച്ചു വളര്‍ത്തിയ കുലപക ഇവര്‍ ഇരുവരും പുലര്‍ത്തി പോന്നു. കാര്‍ത്തവീര്യന്‍ നര്‍മ്മദാനദിയുടെ തീരത്ത് ‘മാഹിഷ്മതി’ എന്ന പട്ടണം തലസ്ഥാനമാക്കി രാജ്യഭാരം തുടങ്ങി.
ഊര്‍വ്വന്‍ (ഔര്‍വ്വന്‍)
വംശാവലി:
മഹാവിഷ്ണുവില്‍ നിന്നു അനുക്രമമായി ബ്രഹ്മാവ് – ഭൃഗു – ച്യവനനന്‍ – ഊര്‍വ്വന്‍.
ജനനം:
ഹേഹയവംശത്തിലെ ഒരു പ്രസിദ്ധ രാജാവും, കാര്‍ത്തവീര്യാര്‍ജ്ജുനന്റെ അച്ഛനുമായ കൃതവീര്യന്‍ ബാല്യത്തില്‍ തന്നെ അദ്ധ്യായനം ചെയ്യുന്നതിനു വേണ്ടി ഭാര്‍ഗ്ഗവന്മാരുടെ ആശ്രമത്തില്‍ വന്നു ചേര്‍ന്നു. വിദ്യാഭ്യാസ ശേഷം കൃതവീര്യന്‍ ഭാര്‍ഗ്ഗവര്‍ക്ക് നിരവധി ധനം കൊടുത്തു. അങ്ങനെ ഭാര്‍ഗ്ഗവന്മാര്‍ ധനികരായി തീര്‍ന്നു. ഹേഹയന്മാരാല്‍ ഭാര്‍ഗ്ഗവന്മാര്‍ ധനികരായത് കൃതവീര്യന്റെ സന്താനങ്ങള്‍ക്കു രസിച്ചില്ല. അവര്‍ ഭാര്‍ഗ്ഗവന്മാരോട് പകയുള്ളവരായി തീര്‍ന്നു. ഹേഹയര്‍ ഭാര്‍ഗ്ഗവന്മാരെ വേട്ടയാടാന്‍ തുടങ്ങി. പൊറുതി മുട്ടിയ ഭാര്‍ഗ്ഗവന്മാര്‍ ഹേഹയന്മാരെ ഭയന്നു ഓടോന്‍ തുടങ്ങി. അവര്‍ കാടുകളില്‍ അഭയം പ്രാപിച്ചു. അക്കൂട്ടത്തില്‍ ച്യവനമുനിയുടെ ഭാര്യയായ ആരുഷി തന്റെ ഗര്‍ഭത്തെ ഊരുവില്‍ അഥവ തുടയില്‍ മറച്ചുവച്ചു കൊണ്ടോടി അവര്‍ ഹിമാലയത്തില്‍ അഞ്ജാതസ്ഥലത്ത് ഒളിച്ചിരുന്നു. വര്‍ഷം നൂറ് കഴിഞ്ഞു. ഈ വിവരം ബ്രാഹ്മണിയായ മറ്റൊരു സ്ത്രീ അറിഞ്ഞു, അവര്‍ ഈ രഹസ്യം ക്ഷത്രിയന്മാരെ (ഹേഹയന്മാരെ) അറിയിച്ചു. അവര്‍ ആരുഷിയെ വളഞ്ഞു. ഉടനെ ആരുഷിയുടെ തുടപൊട്ടി ആ തുടയിലൂടെ ഒരു ദിവ്യശിശു പുറത്തു വന്നു. ആ ശിശുവാണ് ഊര്‍വ്വന്‍. ഊരു അഥവാ തുടഭേദിച്ചു പുറത്തുവന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് ശിശുവിന് ”ഊര്‍വ്വന്‍” എന്ന പേര്‍ ലഭിച്ചത്.
കാര്‍ത്തവീര്യാര്‍ജ്ജുനന്‍ നര്‍മ്മദാ നദീതീരത്തുള്ള മാഹിഷ്മതിയില്‍ ഭരണം നടത്തി പോരുന്ന ഘട്ടത്തില്‍ ബ്രഹ്മാവിന്റെ മാനസപുത്രനായ മുനി ശ്രേഷ്ഠന്‍ നാരദന്‍ ദക്ഷിണദിക്കുകളില്‍ പര്യടനം നടത്തി അവിടെ എത്തിച്ചേരുകയുണ്ടായി.
കാര്‍ത്തവീര്യന്‍ നാരദനെ പൂജിച്ചിരുത്തിയശേഷം ലോകസുഖങ്ങളും, മോക്ഷവും ഒരു പോലെ ലഭിക്കാന്‍ എന്തു കര്‍മ്മമാണ് ചെയ്യേണ്ടതെന്നു ചോദിച്ചു. ”ഭദ്ര ദീപപ്രതിഷ്ഠ” എന്ന കര്‍മ്മം ചെയ്താല്‍ ഈ രണ്ടു കാര്യങ്ങളും സാധിക്കുമെന്നു നാരദന്‍ മറുപടി നല്‍കി. അതനുസരിച്ച് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഭാര്യാസമേതനായി നര്‍മ്മദാനദീതീരത്തെത്തി അവിടെ ഒരു ആശ്രമം കെട്ടി അതിനകത്തിരുന്ന് ഭദ്രദീപ പ്രതിഷ്ഠാവ്രതം ആരംഭിച്ചു. അത്രിയുടെ പുത്രനായ ദത്താത്രേയനായിരുന്നു കാര്‍ത്തവീര്യന്റെ ഗുരു. വ്രതാവസാനത്തില്‍ സംപ്രീതനായ ദത്താത്രേയന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനോട് എന്തുവരം വേണമെന്നു ചോദിച്ചു. തനിക്കു ആയിരം കൈകള്‍ വേണമെന്നു തൊഴുകൈകളോടുകൂടി കാര്‍ത്തവീര്യന്‍ അറിയിച്ചു. അതനുസരിച്ച് ദത്താത്രേയമുനി കര്‍ത്തവീര്യാര്‍ജ്ജുനന് വരമായി ആയിരം കൈകള്‍ അനുഗ്രഹിച്ചേകി. വരലബ്ധിയില്‍ അഹങ്കൃതനായ കാര്‍ത്തവീര്യന്‍ തുടര്‍ന്ന് എണ്‍പത്താറായിരം വര്‍ഷം രാജ്യഭരണം നടത്തി.
കാര്‍ത്തവീര്യാര്‍ജ്ജുനന് നൂറു പുത്രന്മാര്‍ ഉണ്ടായിരുന്നു. വിഷ്ണുദേവന്റെ ഉഗ്രാവതാരമായ പരശുരാമനാല്‍ ഇവരെല്ലാം തന്നെ മരണപ്പെട്ടു. ബ്രഹ്മാണ്ഡപുരാണം എഴുപത്തിയാറാം അദ്ധ്യായത്തില്‍ പ്രസ്താവിച്ചിട്ടുള്ളതനുസരിച്ച് ഇവരുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു.
നിര്‍മ്മദന്‍, രോചനന്‍, ശങ്കു, ഉഗ്രദന്‍, ദുന്ദി, ധ്രുവന്‍, സുപാര്‍ശി, ശത്രുജിത്ത്, ക്രൗഞ്ചന്‍, ശാന്തന്‍, നിര്‍ദ്ദയന്‍, അന്തകന്‍, ആകൃതി, വിമലന്‍, ധീരന്‍, നീരോഗന്‍, ബാഹുതി, ദമന്‍, അധരി, വിധുരന്‍, സൗമ്യന്‍, മനസ്വി, പുഷ്‌കലന്‍, ബുശന്‍, തരുണന്‍, ഋഷഭന്‍, ഋക്ഷന്‍, സത്യകന്‍, സുബലന്‍, ബലി, ഉഗ്രേഷ്ടന്‍, ഉഗ്രകര്‍മ്മാവ്, സത്യസേനന്‍, ദുരാസദന്‍, വീരധന്വാവ്, ദീര്‍ഘബാഹു, അകമ്പനന്‍, സുബാഹു, ദീര്‍ഘാക്ഷന്‍, വര്‍ത്തുളാക്ഷന്‍, ചാരുദംഷ്ടന്‍, ഗോത്രവാന്‍, മഹോജവന്‍, ഉര്‍ദ്ധ്വബാഹു, ക്രോധന്‍, സത്യകീര്‍ത്തി, ദുഷ്പ്രധര്‍ഷണന്‍, സത്യസന്ധന്‍, മഹാസേനന്‍, സുലോചനന്‍, രക്തനേത്രന്‍, വക്രദംഷ്ട്രന്‍, സൂദംഷ്ട്രന്‍, ക്ഷത്രവര്‍മ്മാവ്, മനോനുഗന്‍, ധൂമ്രകേശന്‍, പിംഗലോചനന്‍, അവ്യംഗന്‍, ജടിലന്‍, വേണുമാന്‍, സാനു, പാശപാണി, അനുദ്ധതന്‍, ദുരന്തന്‍, കപിലന്‍, ശംഭു, അനന്തന്‍, വിശ്വഗന്‍, ഉദാരന്‍, കൃതി, ക്ഷത്രജിത്ത്, ധര്‍മ്മി, വ്യാഘ്രന്‍, അത്ഭുതന്‍, പുരഞ്ജയന്‍, ചാരണന്‍, വാഗ്മി, വീരന്‍, രഥി, ഗോവിഹ്വലന്‍, സംഗ്രാമജിത്ത്, സുപര്‍വ്വാവ്, നാരദന്‍, ഘോഷന്‍, സത്യകേതു, ശതാനികന്‍, ദൃഢായുധന്‍, ചിത്രധന്വാവ്, ജയത്സേനന്‍, വിരൂപാക്ഷന്‍, ഭീമകര്‍മ്മാവ്, ശത്രുതാപനന്‍, ചിത്രസേനന്‍, ദുരാധര്‍ഷന്‍, വിഡൂരഥന്‍, ശുരന്‍, ശുരസേനന്‍, ധിഷണന്‍, മധു, ജയദ്ധ്വജന്‍.
ദത്താത്രേയമുനി
പുരാണ പ്രസിദ്ധനായ ദത്താത്രേയന്‍ (ദത്തന്‍) അത്രി മഹര്‍ഷിക്ക് അനസൂയയില്‍ ജനിച്ച പുത്രനാണ്. ഇദ്ദേഹം മഹാവിഷ്ണുവിന്റെ അംശാവതാരമായിരുന്നു. ദത്താത്രേയന്റെ ജനനം സംബന്ധിച്ച് പുരാണകഥ നിലവിലുണ്ട്. ബ്രഹ്മാണ്ഡ പുരാണം പ്രസ്താവിക്കുന്ന ആ കഥ ഇപ്രകാരമാണ്.
പണ്ട് മാണ്ഡവ്യന്‍ (അണിമാണ്ഡവ്യന്‍) എന്നൊരു മുനിയുണ്ടായിരുന്നു. ഇദ്ദേഹം ഒരിക്കല്‍ തന്റെ ആശ്രമത്തില്‍ മൗനവ്രതം അനുഷ്ഠിച്ചു പോരുന്ന അവസരത്തില്‍ കുറെ കള്ളന്മാര്‍ ആ വഴി കടന്നു പോവുകയുണ്ടായി. രാജകിങ്കരന്മാരെ ഭയന്നു പ്രാണരക്ഷാര്‍ത്ഥം സഞ്ചരിച്ചിരുന്ന കള്ളന്മാര്‍ തങ്ങളുടെ മോഷണ വസ്തുക്കള്‍ ആശ്രമപരിസരത്തുള്ള ഒരു ഒഴിഞ്ഞ മൂലയില്‍ നിക്ഷേപിച്ചു. മുനിയുടെ മഹത്വവും, ധ്യാനവും മനസ്സിലാക്കാന്‍ കഴിവില്ലാതെ പോയ രാജകിങ്കരന്മാര്‍ മുതല്‍ മോഷ്ടിച്ചതു മുനിയാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹത്തെ പിടിച്ചു കെട്ടി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. കള്ളനായ മുനിയെ ശൂലത്തില്‍ കയറ്റി വധിക്കാന്‍ രാജാവ് കല്‍പിച്ചു. കിങ്കരന്മാര്‍ ശിക്ഷ നടപ്പാക്കി. ഒരു വലിയ കുന്നിന്റെ പുറത്ത് ഒരു ശൂലം നാട്ടി മാണ്ഡവ്യനെ അതിന്റെ മുനയിലിരുത്തി. പ്രാണവേദന കൊണ്ടു പിടഞ്ഞു പിടഞ്ഞ് മുനി ശൂലത്തില്‍ തന്നെ കിടന്നു. ഈ കാലത്താണ് പതിവ്രതം ശീരോമണിയായ ശീലവതിയും, അവരുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സും ജീവിച്ചിരുന്നത്. ഒരിക്കല്‍ വേശ്യാഗൃഹത്തില്‍ പോകാന്‍ ആവേശം കൊണ്ട കുഷ്ഠരോഗിയായ ഭര്‍ത്താവിനെ ശീലാവതി ചുമലിലേറ്റി നടന്നത് അണിമാണ്ഡവ്യന്‍ അഥവ മാണ്ഡവ്യന്‍ എന്ന മുനി ശൂലമുനയില്‍ കിടന്നിരുന്ന സ്ഥലത്തു കൂടിയായിരുന്നു. ക്രൂരനും, വിടനുമായ ഉഗ്രശ്രവസ്സിനോട് മുനിക്കു പുച്ഛം തോന്നി.
മുനിശ്രേഷ്ഠനായ മാണ്ഡവ്യന്‍ ഉഗ്രശ്രവസ്സിനെ ശപിച്ചു. ”സൂര്യോദയത്തിന് മുമ്പ് ഉഗ്രശ്രവസ്സ് തലപൊട്ടി മരിയ്ക്കട്ടെ” എന്നായിരുന്നു ശാപം. ശാപം കേട്ട് ശീലാവതി കുണ്ഠിതപ്പെട്ടു. ‘അടുത്ത ദിവസം സൂര്യനുദിക്കയതെ പോകട്ടെ’ ശീലാവതിയും പ്രതിശാപം നല്‍കി. ശാപം ഫലിച്ചു. അടുത്തദിവസം സൂര്യനുദിച്ചില്ല. ലോകകാര്യങ്ങളെല്ലാം താറുമാറായി. ദേവന്മാര്‍ പരിഭ്രാന്തരായി. അവര്‍ ബ്രഹ്മാവിനെ അഭയം പ്രാപിചച്ചു. പക്ഷേ ലോകത്തെ രക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഭഗവാന്‍ ദേവന്മാരുമൊത്ത് കൈലാസത്തെത്തി ശ്രീപരമേശ്വരനെ വിവരം ധരിപ്പിച്ചു. പ്രശ്‌നം അവിടെയും പരിഹരിയ്ക്കപ്പെട്ടില്ല അവര്‍ വൈകുണ്ഠത്തെത്തി മഹാവിഷ്ണുവിനെ വിവരമറിയിച്ചു. വിഷ്ണു, ബ്രഹ്മാവും, ശിവനുമൊത്ത് കാര്യത്തിന്റെ ഗൗരവം വിലയിരുത്തി. ലോകത്തിനു നാശങ്ങളൊന്നും സംഭവിക്കുകയില്ല. ത്രിമൂര്‍ത്തികള്‍ ദേവഗണത്തിനു ഉറപ്പു നല്കി. അവര്‍ നല്‍കിയ ഉറപ്പിനെ മാനിച്ച് ദേവന്മാര്‍ പിന്തിരഞ്ഞു. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ശീലാവതിയെ സമീപിച്ചു.
ശാപം പിന്‍വലിക്കാന്‍ അവര്‍ ദേവിയോട് ആവശ്യപ്പെട്ടു. പക്ഷേ ത്രിമൂര്‍ത്തികളുടെ ആവശ്യം ശീലാവതി ചെവികൊണ്ടില്ല. അവര്‍ ശീലാവതിയുടെ കൂട്ടുകാരിയായ അനസൂയയെ സമീപിച്ചു. ത്രീമൂര്‍ത്തികള്‍ കാര്യങ്ങളെല്ലാം വേണ്ടവിധത്തില്‍ അനസൂയയെ ധരിപ്പിച്ചു. ത്രിമൂര്‍ത്തികളുടെ ആവശ്യം നിറവേറ്റാന്‍ കൂട്ടാക്കിയ അനസൂയ ശീലാവതിയെ സന്ദര്‍ശിച്ച് അനുനയവാക്കുകള്‍ പറഞ്ഞ് ശാപം പിന്‍വലിപ്പിച്ചു. തുടര്‍ന്ന് അടുത്ത ദിവസം സൂര്യനുദിക്കുകയും, ലോകകാര്യങ്ങളെല്ലാം പഴയനിലയിലാക്കുകയും ചെയ്തു. സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അനസൂയയോട് എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. തനിക്കു പ്രത്യേകമായി വരങ്ങളൊന്നും ആവശ്യമില്ലെന്നും ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി അവതരിക്കാന്‍ ആഗ്രഹമുണ്ടെന്നും ദേവി പറഞ്ഞു. അതനുസരിച്ച് ബ്രഹ്മാവ് ‘ചന്ദ്രന്‍’ എന്ന പേരിലും, വിഷ്ണു ‘ദത്താത്രേയന്‍’ എന്ന പേരിലും, മഹേശ്വരന്‍ ‘ദുര്‍വ്വാസാവ്’ എന്ന പേരിലും അനസൂയയുടെ സന്താനങ്ങളായി പിറന്നു.
ജമദഗ്‌നി മഹര്‍ഷി
പരശുരാമന്റെ അച്ഛനും, ഉഗ്രപ്രഭാവനുമായ ഒരു മഹര്‍ഷി.
വംശാവലി:
മഹാവിഷ്ണുവില്‍ നിന്നു അനുക്രമത്തില്‍ ബ്രഹ്മാവ്-ഭൃഗു-ച്യവനന്‍-ഊര്‍വ്വന്‍- ഋചീകന്‍- ജമദഗ്‌നി.
ജമദഗ്‌നി മഹര്‍ഷിയുടെ ജനനം സംബന്ധിച്ച് ഒരു പുരാണ പ്രസ്താവനയുണ്ട്. ഋചീകമുനിയുടെ ഭാര്യയായ സത്യവതി ഒരിക്കല്‍ ഭര്‍ത്താവിനോട് തനിക്കും, തന്റെ മാതാവിനും ഓരോ പുത്രന്‍ ജനിയ്ക്കണമെന്നപേക്ഷിച്ചു. അതനുസരിച്ച് ഋചീകന്‍ ഹോമത്തിനു ശേഷം ചോറ് നിറച്ച രണ്ടു പാത്രങ്ങള്‍ മന്ത്രം ചൊല്ലി സത്യവതിക്കു നല്കി. ഒരു പാത്രത്തില്‍ ബ്രഹ്മതേജസ്സും, മറ്റെ പാത്രത്തില്‍ ക്ഷാത്രതേജസ്സും നിറച്ചിരുന്നു. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് സത്യവതി ഭക്ഷിക്കണമെന്നും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് അമ്മയ്ക്ക് കൊടുക്കണമെന്നും ഋചീകന്‍ സത്യവതിയോട് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ മുനി അറിയാതെ അമ്മയും, മകളും കൂടി ഒരു ഒളിച്ചുകളി നടത്തി. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് അമ്മയും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് സത്യവതിയും ഭക്ഷിച്ചു. ഇരുവരും ഗര്‍ഭം ധരിച്ചു. ഗര്‍ഭം വളര്‍ന്നതോടുകൂടി സത്യവതിയുടെ മുഖത്ത് ക്ഷാത്രതേജസ്സും, മാതാവിന്റെ മുഖത്ത് ബ്രഹ്മതേജസ്സും നിഴലിച്ചു തുടങ്ങി. ഈ സംഭവത്തെക്കുറിച്ച് ഒരിക്കല്‍ ഋചികന്‍ സത്യവതിയോട് പരമാര്‍ത്ഥം അന്വേഷിച്ചു. ദേവി സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു.
സത്യവതിയും, മാതാവും ഒരേ സമയത്തു തന്നെ പ്രസവിച്ചു. സത്യവതിയുടെ പുത്രനാണ് ക്ഷാത്രതേജസ്സു നിറഞ്ഞ ‘ജമദഗ്‌നി’. മാതാവ് പ്രസവിച്ച പുത്രനാണ് ബ്രഹ്മതേജസ്സ് നിറഞ്ഞ ‘വിശ്വാമിത്രന്‍’.
യൗവ്വനാരംഭത്തില്‍ തന്നെ ഭൂപ്രദക്ഷണത്തിനു പുറപ്പെട്ട ജമദഗ്‌നി ഇക്ഷ്വാകുവംശരാജാവായ പ്രസേനജിത്തിന്റെ പുത്രി ‘രേണുക’ എന്നു പേരുള്ള രാജകുമാരിയെ കണ്ടുമുട്ടുകയും ദേവിയില്‍ അനുരക്തനാകുകയും ചെയ്തു. രേണുകയെ തനിക്കു ഭാര്യയായി തരണമെന്ന് ജമദഗ്‌നി പ്രസേനജിത്തിനോടാവശ്യപ്പെട്ടു. മുനിയുടെ ആഗ്രഹത്തെ മാനിച്ച് അദ്ദേഹം മകളെ ജമദഗ്‌നിക്കു ഭാര്യയായി നല്‍കി. വിവാഹശേഷം ജമദഗ്‌നി രേണുകയോടുകൂടി നര്‍മ്മദാ നദിയുടെ തീരത്ത് ആശ്രമം കെട്ടി താമസം തുടങ്ങി.
ദുഷ്ടന്മാരായ രാജാക്കന്മാരുടെ ഭാരം കൊണ്ട് ഭൂമിദേവി വിഷമിച്ചപ്പോള്‍ മഹാവിഷ്ണു രേണുകയില്‍ നിന്നു ജമദഗ്‌നിയുടെ പുത്രനായി രാമന്‍ എന്ന പേരില്‍ ഭൂമിയില്‍ അവതരിച്ചു. കുട്ടിക്കാലത്ത് രാമന്‍ മാതാപിതാക്കളോടൊന്നിച്ച് ആശ്രമത്തില്‍ തന്നെ കഴിഞ്ഞു കൂടി. ഇദ്ദേഹം ബ്രാഹ്മണനായിരുന്നെങ്കിലും വേദാദ്ധ്യയനം ചെയ്തിരുന്നതായി പുരാണങ്ങളില്‍ കാണുന്നില്ല. ഒരു പക്ഷേ മാതാപിതാക്കളോടൊത്ത് ആശ്രമത്തില്‍ കഴിഞ്ഞു കൂടിയിരുന്ന ബാല്യകാലത്ത് ചിലപ്പോള്‍ അച്ഛനില്‍നിന്ന് വേദാദ്ധ്യയനം അഭ്യസിച്ചിരിക്കാം. ധനുര്‍വിദ്യവശമാക്കാനായിരുന്നു രാമന്‍ കൂടുതല്‍ താത്പര്യം കാണിച്ചിരുന്നത്. അതിനായി ഹിമാലയ പ്രാന്തത്തിലെത്തി ആയിരം വര്‍ഷം അദ്ദേഹം ശ്രീപരമേശ്വരനെ തപസ്സു ചെയ്തു. സന്തുഷ്ടനായ ഭഗവാന്‍ പലതവണ രാമന്റെ ഗുണങ്ങള്‍ പത്‌നിയായ പാര്‍വ്വതിയെ കേള്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് അസുരന്മാര്‍ ശക്തി സംഭരിച്ച് ദേവന്മാരോട് യുദ്ധം പ്രഖ്യാപിച്ചത്. ദേവന്മാര്‍ ശിവനെ അഭയം പ്രാപിച്ചു. ശിവന്‍ രാമനെ ക്ഷണിച്ച് അസുരന്മാരെ കൊല്ലാന്‍ ആജ്ഞാപിച്ചു. അസ്ത്രങ്ങളില്ലാതെ താനെങ്ങനെ യുദ്ധക്കളത്തിലേക്കു പോകുമെന്നു രാമന്‍ ശിവനോടു ചോദിച്ചു.
”പോകെന്റെ സമ്മതത്തോടെ
നീ ഹരിയ്ക്കും രിപൂക്കളെ”
എന്നു ശിവന്‍ കല്‍പിച്ചതോടെ രാമന്‍ ശിവനെ നമസ്‌കരിച്ച് യുദ്ധക്കളത്തിലേക്കു നീങ്ങി. സകല അസുരന്മാരെയും നിഷ്പ്രയാസം പരാജയപ്പെടുത്തിയ ശേഷം രാമന്‍ ശിവന്റെ അടുക്കലേക്കു തിരിച്ചെത്തി. സന്തുഷ്ടനായ ഭഗവാന്‍ രാമനു ദിവ്യാസ്ത്രങ്ങളും, വരങ്ങളും നല്‍കി അനുഗ്രഹിച്ചു. ഈ ഘട്ടം വരെ പരശുരാമന്റെ പേര് രാമന്‍ എന്നായിരുന്നു. ആയുധങ്ങളുടെ കൂട്ടത്തില്‍ ശിവന്‍ ഒരു പരശു (കോടാലി) രാമനു കൊടുത്തു. അന്നുമുതലാണ് രാമന് ‘പരശുരാമന്‍’ എന്നു പേര്‍ ലഭിച്ചത്.
രേണുക
ഇക്ഷ്വാകുവംശരാജാവായ പ്രസേനജിത്തിന്റെ പുത്രിയാണ് സൗന്ദര്യവതിയായ ‘രേണുക’. രാജകുമാരിയായ രേണുകയില്‍ അനുരാഗം ജനിച്ച ജമദഗ്‌നി മുനി ആ വിവരം പ്രസേനജിത്തിനെ മുറപ്രകാരം അരിയിക്കുകയും അദ്ദേഹം പുത്രിയെ മുനിക്കു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പരശുരാമനെ കൂടാതെ രേണുക നാലു പുത്രന്മാരെ കൂടി പ്രസവിച്ചു. (ഋമണ്വന്‍, സുഹോത്രന്‍, വസു, വിശ്വവസു എന്നിവരാണവര്‍).
ആപവന്‍
ഒരു പ്രാചീന മഹര്‍ഷി. ഒരിക്കല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഈ മഹര്‍ഷിയുടെ ആശ്രമം അഗ്നിക്കു ആഹാരമായി നല്‍കി. കുപിതനായ ആപവന്‍ കാര്‍ത്തവീര്യര്‍ജ്ജുനനെയും, അഗ്നിയെയും ശപിച്ചു. തന്റെ ആശ്രമം നശിപ്പിക്കാന്‍ കാരണക്കാരനായ കാര്‍ത്തവീര്യനു നേര്‍ക്കായിരുന്നു ഉഗ്രശാപം. ”ദുഷ്ടനായ കാര്‍ത്തവീര്യാര്‍ജ്ജുനാ നിന്റെ ആയിരം കൈകളും പരശുരാമനാല്‍ ഛേദിക്കപ്പെടട്ടെ” എന്നായിരുന്നു ശാപം. ശാപം ഫലിച്ചു. പരശുരാമന്‍ ശ്രീപരമേശ്വരനില്‍ നിന്നു തനിക്കു ലഭിച്ച പരശു കൊണ്ട് കാര്‍ത്തവീര്യന്റെ ആയിരം കൈകളും അരിഞ്ഞുവീഴ്ത്തി അയാളെ വധിച്ചു.
ഇനി പരശുരാമാവതാരം കഥയിലേക്കു കടക്കാം.
പണ്ടൊരിക്കല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അത്രിപുത്രനായ ദത്താത്രേയമുനിയെ തപസ്സു ചെയ്ത് ആയിരംകൈകള്‍ സമ്പാദിച്ചു. ഹേഹയവംശത്തിലെ സുപ്രസിദ്ധരാജാവായ കാര്‍ത്തവീര്യന്‍ നായാട്ടിനായി ഒരിക്കല്‍ നര്‍മ്മദാ നദീതീരപ്രദേശത്തു കടന്നു. പല സ്ഥലങ്ങളും ചുറ്റിത്തിരിഞ്ഞെത്തിയ ഇദ്ദേഹം അവിചാരിതമായിട്ടാണ് നര്‍മ്മദാ നദീതീരത്തു പ്രവേശിച്ചത്. അവിടെ ജമദഗ്‌നി മഹര്‍ഷി ഭാര്യയായ രേണുകയോടും, പരശുരാമന്‍ ആദിയായ പുത്രന്മാരോടുമൊപ്പം ആശ്രമം കെട്ടി താമസിച്ചിരുന്നു. നായാട്ടുകഴിഞ്ഞ് തളര്‍ന്നവശാനായ രാജാവ് ജമദഗ്‌നിയുടെ ആശ്രമത്തില്‍ കടന്നു. ഈ അവസരത്തില്‍ പരശുരാമന്‍ ആശ്രമത്തിലില്ലായിരുന്നു. അദ്ദേഹം തപസ്സിനായി മഹേന്ദ്രഗിരിയില്‍ പോയിരുന്നു. ആശ്രമപരിസരം കടന്നു അകത്തേക്കു കയറുന്നതിനിടയില്‍ കാര്‍ത്തവീര്യന്‍ അവിടെ നിന്നിരുന്ന കാമധേനുവിനെ കണ്ടു. അദ്ദേഹം കാമധേനുവിനെ തന്റെ അരികില്‍ വിളിച്ചു. കാമധേനു രാജാവിനും, അനുയായികള്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. (കന്നുകാലികളുടെ ആദി മാതാവാണ് ‘കാമധേനു” ദേവന്മാര്‍ക്കും, മുനിമാര്‍ക്കു ആവശ്യാനുസരണം പാല്‍ നല്കുന്ന കാമധേനു അത്ഭുതശക്തികളും സിദ്ധികളുമുള്ള ഒരു ദേവിയാണ്. കാമധേനുവില്‍ നിന്നാണ് ഇന്നു ലോകത്തില്‍ കാണപ്പെടുന്ന കന്നുകാലിവര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നു പുരാണം പ്രസ്താവിക്കുന്നു).
മൃഷ്ടാനഭോജനശേഷം ആശ്രമം വിട്ടിറങ്ങിയ കാര്‍ത്തവീര്യന്‍ ജമദഗ്‌നി മഹര്‍ഷിയോട് കാമധേനുവിനെ തനിക്കായി ചോദിച്ചു. മഹര്‍ഷി അതിനു വിസമ്മതിച്ചു. ക്രൂരനായ കാര്‍ത്തവീര്യന്‍ കാമധേനുവിനെ ആശ്രമത്തില്‍ നിന്നു ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടുപോയി. ഇതറിഞ്ഞു സ്ഥലത്തെത്തിയ പരശുരാമന്‍ കാര്‍ത്തവീര്യനില്‍ കുപിതനായി. സംഹാരരുദ്രനെ പോലെ പ്രതികാരമൂര്‍ത്തിയായി തീര്‍ന്ന പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ തേടി മാഹിഷ്മതി നഗരത്തിന്റെ കവാടത്തില്‍ കടക്കുകയും, അയാളെ യുദ്ധത്തിനു വെല്ലുവിളിക്കുകയും ചെയ്തു. രാജാവായ കാര്‍ത്തവീര്യന്‍ വമ്പിച്ച സൈന്യസന്നാഹങ്ങളോടെ പുറത്തു വന്നു. തുടര്‍ന്ന് ഒരു മഹായുദ്ധം തന്നെ സംഭവിച്ചു. യുദ്ധത്തില്‍ പരശുരാമന്‍ പരശു എന്ന തന്റെ ദിവ്യായുധം കൊണ്ട് കാര്‍ത്തവീര്യനെ വധിച്ചു. അങ്ങനെ ഹേഹയരാജവംശത്തിലെ നടുംതൂണ് നിലം പതിച്ചു. രാമന്‍ വീണ്ടെടുത്ത കാമധേനുവുമായി ആശ്രമത്തിലെത്തി. അദ്ദേഹം അച്ഛനെ സമാധാനിപ്പിച്ചു. അന്നു മുതല്‍ കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ പകരം വീട്ടാന്‍ കാത്തു നടന്നു. ഒരിക്കല്‍ പരശുരാമന്‍ ആശ്രമത്തിലില്ലായിരുന്നു അവസരം നോക്കി കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ ആശ്രമത്തില്‍ കടന്ന ധ്യാനത്തിലുണ്ടായിരുന്ന ജമദഗ്‌നിയുടെ തല വെട്ടി കൊണ്ടുപോയി. ഈ വിവരമറിഞ്ഞു സ്ഥലത്തെത്തിയ പരശുരാമന്‍ വീണ്ടും പ്രതികാരമൂര്‍ത്തിയായി മാറി. തനിക്കും തന്റെ കുടുംബത്തിനും തുടക്കം മുതല്‍ ഒടുക്കംവരെ ദ്രോഹങ്ങള്‍ മാത്രം നല്‍കിയ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കുടുംബത്തോടല്ല മറിച്ച് അയാളുടെ വംശത്തോടാണ് രാമനു പക തോന്നിയത്. കുപിതനായ രാമന്‍ ഇരുപത്തിയൊന്നു പ്രാവശ്യം ലോകം മുഴുവന്‍ ചുറ്റി നടന്ന് കണ്ണില്‍കണ്ട ക്ഷത്രിയ രാജാക്കന്മാരെ മുഴുവനും കൊന്നൊടുക്കി. അവരുടെ രക്തചാലുകള്‍ ചേര്‍ന്നുണ്ടായതാണ് ‘സമന്തചഞ്ചകം’ എന്ന പുണ്യതീര്‍ത്ഥം.
പിതാവിന്റെ ആഞ്ജനിറവേറ്റാനായി ഒരിക്കല്‍ പരശുരാമന്‍ മാതാവായ രേണുകയെ ഗളച്ഛേദം നടത്തിയതായി ഒരു പുരാണ പ്രസ്താവനയുണ്ട്. ആ കഥ ഇപ്രകാരമാണ്.
ഒരിക്കല്‍ രേണുക പുണ്യജലം കൊണ്ടു വരുന്നതിനു വേണ്ടി നര്‍മ്മദാനദിയില്‍ ചെന്നു. അവിടെ സ്‌നാനം ചെയ്തു നിന്ന ‘ചിത്രരഥന്‍’ എന്ന ഗന്ധര്‍വ്വന്‍ ദേവിയുടെ കണ്ണില്‍പ്പെട്ടു. അദ്ദേഹത്തെ ഉറ്റുനോക്കി രേണുക എല്ലാം മറന്നു അല്‍പസമയം ഒരേനില്‍പുനിന്നുപോയി. ജ്ഞാനദൃഷ്ടിയില്‍ വിവരം ഗ്രഹിച്ച മുനി തിരിച്ചു ആശ്രമത്തിലെത്തിയ പത്‌നിയുടെ തല വെട്ടിക്കളയാന്‍ പുത്രന്മാരോടു ആവശ്യപ്പെട്ടു. എല്ലാവരും വിമുഖത കാണിച്ചു. പക്ഷേ പിതാവിന്റെ ആഞ്ജ കേട്ടമാത്രയില്‍ പരശുരാമന്‍ അമ്മയുടെ ഗളച്ഛേദം നിര്‍വ്വഹിച്ചു. സന്തുഷ്ടനായ പിതാവ് മകനോട് എന്തുവരം വേണമെന്നു ചോദിച്ചു. അമ്മയെ ജീവിപ്പിച്ചു തരണമെന്നു രാമന്‍ ആവശ്യപ്പെട്ടു. മുനി രേണുകയെ പുനര്‍ജീവിപ്പിച്ചു. നമ്മുടെ നാടായ കൊച്ചു കേരളത്തിന്റെ ഉല്‍പത്തിക്കു കാരണം രാമനാണ്. ആ കഥ കൂടി നോക്കാം.
ഭഗീരഥന്റെ തപസ്സിന്റെ ഫലമായി ഉത്തരഭാരതത്തില്‍ പതിച്ച ഗംഗാനദി കടലിലേക്കു ഒഴുകി ചേര്‍ന്നപ്പോള്‍ കടല്‍ കര കവിഞ്ഞൊഴുകി സമീപ പ്രദേശങ്ങളെ മുവുവന്‍ മുക്കികളഞ്ഞു. കൂട്ടത്തില്‍ പുണ്യസ്ഥലമായ ഗോകര്‍ണ്ണത്തുള്ള ക്ഷേത്രവും മുങ്ങിപ്പോയി. ആ പരിസരങ്ങളില്‍ തിങ്ങി പാര്‍ത്തിരുന്ന മഹര്‍ഷിമാര്‍ പരശുരാമനെ സന്ദര്‍ശിച്ച് സങ്കടമറിയിച്ചു. രാമന്‍ ഒരു മുറം (ശൂര്‍പ്പം) കടലിലെറിഞ്ഞു. മുറം ചെന്നുവീണ പ്രദേശം വരെയുള്ള കടല്‍ മാറി ഗോകര്‍ണ്ണക്ഷേത്രം ഉള്‍പ്പെടെ കര തെളിഞ്ഞു കാണപ്പെട്ടു. അതാണ് ”കേരളം”. ശൂര്‍പ്പം അഥവ മുറം എറിഞ്ഞു നേടിയ നാടായതിനാല്‍ കേരളത്തിനു ”ശൂര്‍പ്പാരകം” എന്നൊരു പേരുകൂടി ലഭിച്ചു. പുരാണ പ്രസ്താവനകളെ ശരിക്കും വിലയിരുത്തിയാല്‍ ശൂര്‍പ്പം എറിഞ്ഞു നേടിയെന്നതിനെക്കാള്‍ മഴു (കോടാലി) എറിഞ്ഞു നേടി എന്നതിനാണു കൂടുതല്‍ പ്രാധാന്യം. പരക്കെ അറിയപ്പെട്ടിട്ടുള്ളതും. മഴുവുമായി ബന്ധപ്പെട്ട കഥയാണ്.
ക്ഷത്രിയ വിരോധിയായ തീര്‍ന്ന പരശുരാമന്‍ താന്‍ ചെയ്തു കൂട്ടിയ കൊടും പാപങ്ങളില്‍ നിന്നു രക്ഷനേടാനായി ഒരു മാര്‍ഗ്ഗം സ്വീകരിച്ചു. അദ്ദേഹം തന്റെ സമ്പാദ്യമെല്ലാം ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. ബ്രാഹ്മണര്‍ക്കായി ഭൂമി ഉള്‍പ്പെടെ സകലതും ഏറ്റുവാങ്ങിയ കശ്യപന്‍ എത്രയും വേഗം ഭൂമി വിട്ടൊഴിയാന്‍ രാമനോടാവശ്യപ്പെട്ടു. കശ്യപാഞ്ജ ചെവികൊണ്ട രാമന്‍ ഭൂമി വിട്ടു. അദ്ദേഹം തനിയ്ക്കായി അല്‍പം സ്ഥലം സൃഷ്ടിക്കാന്‍ നിശ്ചയിച്ചു. അടുത്ത നിമിഷം പരശുരാമന്‍ അമ്പെയ്തു കടല്‍ മാറ്റി കര സൃഷ്ടിച്ചു. ആ ഭാഗമാണ് ”കേരളം”.
കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഉള്‍പ്പെടെയുള്ള ദുഷ്ടരാജാക്കന്മാരുടെ നിഗ്രഹമായിരുന്നു പരശുരാമാവതാര ലക്ഷ്യം. ആപവന്‍ എന്ന മുനി കാര്‍ത്തവീര്യനു നല്‍കിയ ”നിന്റെ ആയിരം കൈകളും പരശുരാമനാല്‍ ഛേദിക്കപ്പെടട്ടെ” എന്ന ഉഗ്രശാപവും രാമനു സഹായകമായി. മറ്റു അവതാരങ്ങളെ പോലെ തന്നെ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനും തന്റെ അവതാരലക്ഷ്യം കൃത്യമായി നിറവേറ്റി.
Discussion about this post