ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി
യാ നിശാ സര്‍വഭൂതാനാം
മറ്റൊരു സമയത്ത് എനിക്കുണ്ടായ ഒരനുഭവം ഞാന്‍ സ്വാമിജിയുടെ ശ്രദ്ധയില്‍പെടുത്തി. ‘ഭൂമിയുടെ ചംക്രമണവേഗതക്ക് ഏറ്റക്കുറച്ചിലുള്ളതായി കാണുന്നില്ല. അങ്ങനെയുള്ള അവസരത്തില്‍ ആറേകാലിന്, ആറരക്ക് എന്നീ സമയവ്യത്യാസത്തോടെ സൂര്യോദയം പറയുന്നതെങ്ങിനെ? രാവും പകലും വ്യത്യസ്തസമയങ്ങളില്‍ ചിന്തിക്കേണ്ടിവരുന്നതെങ്ങിനെ?’ ഉത്തരം വളരെ വിചിത്രമായിരുന്നു. ‘പകലുറങ്ങുന്നവന് രാത്രിയാണനുഭവപ്പെടുന്നത്. രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നവന് പകലെന്ന ചിന്തയുമില്ല. രാത്രി ഉലൂകത്തിന് പകലായിട്ടാണറിയുന്നത്. പ്രകാശത്തെ സ്വീകരിക്കുന്നതില്‍ ഇന്ദ്രിയങ്ങളെ അടിസ്ഥാനമാക്കിയുള്ള അപഗ്രഥനമാണ് രാവും പകലുമായി തോന്നുന്നത്. അതുകൊണ്ട് രാത്രിയെന്ന സങ്കല്പം തോന്നലാണ്. മറയാണ് രാത്രിയായി തോന്നുന്നത്. ”പ്രകാശം മാത്രമേയുള്ളു” അതുകൊണ്ട് രാത്രി തോന്നല്‍ മാത്രം. പരിമിതമായ വാക്കുകളാല്‍ ഗഹനമായ കാര്യങ്ങള്‍ പ്രകടമാക്കുന്നതില്‍ ഗുരുനാഥനുണ്ടായിരുന്ന വൈദഗ്ധ്യം അന്യാദൃശമായിരുന്നു. ഭാഷാപരിമിതികളെ ഭേദിച്ചുകൊണ്ട് സംശയനിവാരണത്തിന് സ്വാമിജി കണ്ടെടുക്കുന്ന ഉദാഹരണങ്ങളും അവതരണ സമ്പ്രദായങ്ങളും സംശയങ്ങളുടെ വേരറുക്കുന്നവയായിരുന്നു.
ഉപരിലോകപ്രാപ്തി
പതഞ്ജലിമഹര്‍ഷി യോഗസൂത്രത്തിലൂടെ ചര്‍ച്ച ചെയ്തിരിക്കുന്ന കാര്യങ്ങള്‍ സാധാരണമനുഷ്യന്റെ ചിന്തയ്ക്ക് വിഷയമാകുന്നതല്ല. ജിജ്ഞാസുക്കള്‍ക്കും സാധകന്മാര്‍ക്കുമാണ് അവ കൂടുതല്‍ പ്രയോജനം ചെയ്യുന്നത്. അനുഭവങ്ങളുടെ ഭൗതികതലത്തില്‍ നിന്ന് ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിയന്ത്രിക്കുവാനുള്ള ഉപകരണങ്ങളും ഉപാധികളും പ്രയോജനപ്പെടുത്തേണ്ടതെങ്ങിനെയെന്ന് യോഗസൂത്രം ചര്‍ച്ച ചെയ്യുന്നു. വിതര്‍ക്കം, വിചാരം, ആനന്ദം, അസ്മിത എന്നീ വിഷയങ്ങളെ അനുഗമിക്കുന്ന കാരണമുണ്ടാകുന്ന അനുഭവങ്ങളെയാണ് മഹര്‍ഷി പ്രതിപാദിക്കുന്നത്. ഒരു സാധകന്റെ പ്രജ്ഞ, യോഗിയുടെ ഉപരിമണ്ഡലങ്ങളിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന വ്യത്യസ്തഭാവങ്ങള്‍ വിശദമാക്കത്തക്ക രീതിയില്‍ പതഞ്ജലി യോഗസൂത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. വ്യക്തിയിലെ പ്രജ്ഞാവികാസത്തിന്റെ മണ്ഡലങ്ങളും അവയുടെ വികാസവുമാണ് ചര്‍ച്ചാ വിഷയം. ശരീരമനസ്സുകളുടെ സ്ഥൂലസൂക്ഷ്മസങ്കല്പങ്ങളെ അധികരിച്ചാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ജിജ്ഞാസുവിന്റെ സങ്കല്പങ്ങളെ സാധകന്റെയും യോഗിയുടെയും പദവിയിലേക്ക് നയിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പരിണാമങ്ങള്‍ വിധിനിഷേധരൂപേണ പതഞ്ജലി മഹര്‍ഷി സൂചിപ്പിക്കുന്നു. അവ്യക്തമായ അഭ്യൂഹങ്ങളിലുടെ തപ്പിത്തടയുന്നവരുടെ മാര്‍ഗങ്ങളില്‍ പ്രകാശം പരത്തുന്ന സേവനമാണ് മഹാത്മാക്കള്‍ നല്‍കുന്നത്. അതിനുവേണ്ടി പടിപടിയായി ചിന്തയെ നയിക്കുന്നതെങ്ങനെയെന്ന് നോക്കാം.
സമഷ്ടിവ്യഷ്ടിഭാവങ്ങളെ സമഗ്രപഠനത്തിന് വിഷയമാക്കിക്കൊണ്ടാണ് വിഷയനിര്‍മുക്താവസ്ഥയിലേക്ക് യോഗശാസ്ത്രം വിരല്‍ചൂണ്ടുന്നത്. സാധാരണമനുഷ്യനില്‍ വളരെയേറെ സ്വാധീനതയുള്ള കാമസങ്കല്പത്തെ അവതരിപ്പിച്ചുകൊണ്ട് അത് പുരോഗമിക്കുന്നു. കാമം അഥവാ ആഗ്രഹം വസ്തുബോധത്തെ സൃഷ്ടിക്കുന്നു. ഏതെങ്കിലും ഒരു വ്യക്തിയോടോ വസ്തുവിനോടോ ബന്ധപ്പെടാത്ത ആഗ്രഹങ്ങളില്ല. ഇന്ദ്രിയങ്ങളെ വിഷയങ്ങളിലൂടെ നയിച്ചെങ്കില്‍ മാത്രമേ കാമം പൂര്‍ത്തീകരിക്കാനാകൂ. കാമപൂര്‍ത്തിക്കായുള്ള സാഹചര്യത്തില്‍, അനുഭവം ആത്യന്തികമായി ദുഃഖപര്യവസായിയാണ്. ദുഃഖനിവാരണം ജീവരാശിയിലേതിനും പ്രാമുഖ്യമുള്ള ആഗ്രഹമാണ്. ആനന്ദത്തെ ആരും വെറുക്കുന്നില്ല. ദുഃഖം സുഖാന്വേഷണത്തിനുള്ള വഴിയാണെന്നും ആനന്ദമാണ് ആത്മസ്വരൂപമെന്നും ആചാര്യന്മാര്‍ സ്വജീവിതംകൊണ്ട് തെളിയിച്ചതതുകൊണ്ടാണ്.
ദുഃഖനിവാരണത്തിന് വിഷയനിയന്ത്രണം അത്യാവശ്യമാണ്. ആയതിലേക്ക് വൈരാഗ്യം (വിരാഗത) നിര്‍ബന്ധമാണെന്ന് നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്. മേല്‍പ്രസ്താവിച്ച കാമങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുബോധത്തെ ജയിക്കണമെങ്കില്‍ തീവ്രമായ വൈരാഗ്യനിഷ്ഠ പുലര്‍ത്തിയേ തീരൂ. ശരീരമനസ്സുകളെ തപിപ്പിച്ചും തളര്‍ത്തിയും ഇക്കാര്യം നേടിയെടുക്കുന്ന മഹാത്മാക്കള്‍ ധാരാളമുണ്ട്. ഉഗ്രമായ തപസ്സില്‍ ശരീരത്തേയും ഇന്ദ്രിയങ്ങളേയും ശോഷിപ്പിച്ചും മനസ്സിന്റെ വിചാരവീചികളെ സ്തബ്ധമാക്കിയും യോഗശരീരത്തെ വളര്‍ത്തിയെടുത്ത മഹാതപസ്വികളില്‍ അഗ്രിമസ്ഥാനം മഹാപ്രഭുവായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ക്ക് (എന്റെ ഗുരുനാഥന്) അവകാശപ്പെട്ടതാണ്. സ്ത്യാനം-അഥവാ സ്ഥൗല്യമെന്ന് യോഗസിദ്ധാന്തം വിധിക്കുന്ന യോഗവിഘ്‌നകാരണം അല്പം പോലും ഗുരുനാഥന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്നില്ല. തീവ്രവൈരാഗ്യം കൊണ്ട് കാമശരീരത്തെ ജയിക്കുമ്പോള്‍ യോഗിയുടെ പ്രജ്ഞാമണ്ഡലം ഭൂലോകത്തില്‍ നിന്ന് ഭുവര്‍ ലോകത്തിലാണ് ചെന്നെത്തുന്നത്. ലോകത്തിന്റെ സ്ഥൂലഭാവത്തില്‍ നിന്ന് ആധ്യാത്മികമായ സൂക്ഷ്മഭാവത്തിലാണ് ഭുവര്‍ ലോകം. സ്ഥൂലലോകത്തില്‍ നിന്ന് ബഹിര്‍ഗമിച്ച് തൊട്ടടുത്ത ഉപരിമണ്ഡലത്തിലെത്തുന്ന ജീവാത്മാവിന്റെ അനുഭവവേദിയാണ് ഭുവര്‍ലോകം. ഭുവര്‍ലോകത്തേക്കാള്‍ സൂക്ഷ്മമായ മണ്ഡലം സുവര്‍ലോകമായി വര്‍ണിച്ചിരിക്കുന്നു.
യോഗിയുടെ പ്രജ്ഞ ഭുവര്‍ലോകശക്തികളെ കീഴ്‌പ്പെടുത്തിയിട്ട് സുവര്‍ലോകത്തിലേക്ക് കടക്കുമ്പോള്‍ മാനസശരീരത്തിലാണ് ജീവാത്മാവ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാനസശരീരം അതിന്റെ സാത്വികഭാവത്തില്‍ സവിശേഷചിന്തകള്‍ക്ക് ഉറവിടവും ഉപാധിയുമാണ്. മനസ്സിന്റെ സങ്കല്പവികല്പഭാവങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ചഞ്ചലതയെ പ്രശമനം ചെയ്യുന്നതിന് മനസ്സിന്റെ സാത്വികഭാവമാണ് വളര്‍ത്തേണ്ടത്. അതിനുവേണ്ടിയുള്ള പ്രയത്‌നത്തിലാണ് ജീവാത്മാവ് വ്യാപൃതമാകുന്നത്.
മനസ്സിന്റെ യഥാര്‍ത്ഥസ്വഭാവം സാത്വികമാണെന്ന് അധ്യാത്മരാമായണം പ്രസ്താവിക്കുന്നു. (”സാത്വികത്തിങ്കല്‍ നിന്ന് മനസ്സുണ്ടായ് വന്നു”) അപ്രകാരമുള്ള സാത്വികമനോവൃത്തിയില്‍ സവിശേഷ ചിന്തകള്‍ (അധ്യാത്മ ചിന്തകള്‍) പ്രബലമായിത്തീരുന്നു. ഈ അവസ്ഥയില്‍ യോഗിയുടെ മാനസശരീരം വ്യഷ്ടിശരീരത്തില്‍ നിന്ന് സമഷ്ടി ശരീരത്തിലേക്ക് എത്തിച്ചേരുന്ന പ്രജ്ഞയുടെ മണ്ഡലമാണ് സ്വര്‍ലോകമെന്ന് നിര്‍വചിച്ചിരിക്കുന്നത്. ഇവിടെ മൂന്നു മണ്ഡലങ്ങള്‍ വിശദമാക്കി 1. സ്ഥൂലശരീരം (ഭൂമി), 2. സൂക്ഷ്മശരീരം (ഭുവര്‍ലോകം), 3. മാനസശരീരം അഥവാ സ്വര്‍ലോകം. ജീവാത്മാവ് വ്യഷ്ടിയുടെ സ്ഥൂലസൂക്ഷ്മശരീരങ്ങളെ കടന്ന് പ്രജ്ഞയുടെ ഉപരിമണ്ഡലങ്ങളിലേക്ക് വളരുന്നതെങ്ങനെയെന്ന് ഇതിലൂടെ മനസ്സിലാക്കണം.
ഏഴു മണ്ഡലങ്ങളിലൂടെയുള്ള സങ്കല്പങ്ങള്‍ വിതച്ചുകൊയ്യുന്ന വിനയും വിവേകശൂന്യതയുമില്ലാതാക്കാന്‍ വെളിച്ചം വീശുന്ന രീതിയിലാണ് യോഗശാസ്ത്രം വിശദീകരിക്കുന്നത്. ജീവാത്മാവിന്റെ പ്രജ്ഞയാണ് സപ്തലോകങ്ങളിലേയ്ക്കും വികസിച്ചെത്തുന്നതെന്ന് ജിജ്ഞാസുവും സാധകനും അറിഞ്ഞിരിക്കേണ്ടതാണ്. സാധാരണക്കാരന്‍ ഈ രഹസ്യമറിഞ്ഞിരിക്കുന്നതില്‍ തെറ്റില്ലെങ്കിലും വിഷയങ്ങളുടെ ആധിക്യത്താല്‍ ആ അറിവ് വേഗത്തില്‍ നഷ്ടപ്പെടുന്നതായിക്കാണാം.
Discussion about this post