കൊല്ലം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയെ 16ന് അറസ്റ്റ് ചെയ്യുമെന്ന് സൂചന. അനുകൂല സാഹചര്യം ഉണ്ടായാല്‍ അതിനു മുമ്പും അറസ്റ്റ് നടന്നേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട, ജില്ലയില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച തിരിച്ചെത്തും. ഞായറാഴ്ച സ്വാതന്ത്ര്യദിനം പ്രമാണിച്ച് പോലീസ് പരേഡ് ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ചിട്ടുണ്ടെങ്കിലും അവര്‍ നടത്തുകയാണെങ്കില്‍ തടയാന്‍ പോലീസ് വേണ്ടിവരും.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.പി.സിദ്ധരാമപ്പ 15ന് കൊല്ലത്ത് എത്തുന്നുണ്ട്. മഅദനിയെ അറസ്റ്റ് ചെയ്യാന്‍ ചൊവ്വാഴ്ച കര്‍ണാടകത്തില്‍നിന്ന് എത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പയും സംഘവും കൊല്ലത്ത് ക്യാമ്പ് ചെയ്യുകയാണ്.
ബാംഗ്ലൂരിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മഅദനിക്കെതിരെ പുതുക്കി പുറപ്പെടുവിച്ചിട്ടുള്ള അറസ്റ്റ് വാറന്റിന്റെ കാലാവധി ആഗസ്ത് 17ന് അവസാനിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ 16ന് അറസ്റ്റ് നടക്കാന്‍ സാധ്യത തെളിയുന്നു.
Discussion about this post