കോയമ്പത്തൂര്‍: മാവേലിനാട്ടില്‍ പൂക്കളമൊരുങ്ങുമ്പോള്‍ കോയമ്പത്തൂരിലെ പൂമാര്‍ക്കറ്റില്‍ ആഹ്ലാദത്തിമിര്‍പ്പ്. അമിതവില; അധികവില്പന- കേരളത്തിലെ ഓണാഘോഷം പൂമാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് നല്‍കുന്ന സമ്മാനമിതാണ്. ശനിയാഴ്ചത്തെ ‘അത്തം’ വ്യാപാരികള്‍ക്ക് നല്‍കിയ വില്പന ചില്ലറയൊന്നുമല്ല. 10 ടണ്‍ പൂക്കളാണ് കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റില്‍നിന്ന് അത്തപ്പൂക്കളത്തിന് മാത്രമായി വെള്ളിയാഴ്ച കേരളത്തിലേക്കയച്ചത്. ഇനി ദിനംപ്രതി രണ്ടുടണ്‍ വീതം വര്‍ധിക്കും. തിരുവോണത്തിന് മൂന്ന് നാള്‍മുമ്പുമുതല്‍ 50 ടണ്ണിലേറെ പൂക്കള്‍ കേരളത്തിലേക്കയയ്ക്കും.
വില്പന മാത്രമല്ല, അത്തം പിറന്നതോടെ വിലയും ഉയര്‍ന്നു. വെള്ളിയാഴ്ചമാത്രം മാര്‍ക്കറ്റില്‍ നിറമുള്ള പൂക്കള്‍ക്ക് കിലോഗ്രാമിന് ശരാശരി 10 രൂപ കൂടി.
മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലി, വാടാമല്ലി, കോഴിപ്പൂ, ജമന്തി എന്നിവയാണ് പൂക്കളവിപണിയിലേക്ക് കൂടുതലായി അയയ്ക്കുന്നത്. ഓറഞ്ച് ചെണ്ടുമല്ലി കോയമ്പത്തൂര്‍ മേഖലയില്‍ വിളവെടുക്കുന്നതിനാല്‍ വില കുറവ്. കിലോഗ്രാമിന് 25 രൂപയാണ്. വെള്ളിയാഴ്ച മാത്രം അഞ്ച് രൂപ ഉയര്‍ന്നു.
മഞ്ഞചെണ്ടുമല്ലിക്ക് 30ല്‍നിന്ന് 40 രൂപയായി. ഹൊസൂര്‍, ധര്‍മപുരി, കൃഷ്ണഗിരി എന്നിവിടങ്ങളില്‍നിന്നാണ് ഈ പൂക്കള്‍ എത്തുന്നത്. വാടാമല്ലി 40, കോഴിപ്പൂ 60, അരളി 80 എന്നിങ്ങനെയാണ് വില. ഈയിനങ്ങള്‍ക്ക് വെള്ളിയാഴ്ച പൂമാര്‍ക്കറ്റില്‍ കിലോഗ്രാമിന് 10 രൂപ ഉയര്‍ന്നു.
വെള്ള ജമന്തിക്ക് 120, മഞ്ഞ ജമന്തിക്ക് 100 എന്നിങ്ങനെയാണ് വില. വ്യാഴാഴ്ച ഇത് യഥാക്രമം 100, 80 എന്നിങ്ങനെയായിരുന്നു.
ടെമ്പോവാന്‍, മിനി ഓട്ടോ, പിക്കപ്പ് ജീപ്പ്, ട്രാവല്‍സ് ബസ്സുകള്‍ എന്നിവയിലാണ് പൂമാര്‍ക്കറ്റില്‍നിന്ന് കേരളത്തിലേക്ക് പൂക്കള്‍ അയയ്ക്കുന്നത്. വില മാത്രമല്ല വില്പനയും തിരുവോണനാളുകളിലാണ് ഉയരുക
Discussion about this post