കൊല്ലം: നിരോധനാജ്ഞ പ്രഖ്യാപിച്ച് വന്‍ പോലീസ് സന്നാഹം ഒരുക്കിയശേഷം മഅദനിയുടെ അറസ്റ്റ് മാറ്റി. അത്യന്തം നാടകീയവും സംഘര്‍ഷഭരിതവുമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് മാറ്റിയത്. മഅദനിയുടെ അറസ്റ്റിനു മുന്നോടിയായി ശനിയാഴ്ച 11 മണിയോടെ അന്‍വാര്‍ശ്ശേരി ഉള്‍പ്പെട്ട മൈനാഗപ്പള്ളി, ശാസ്താംകോട്ട വില്ലേജുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 12 മണിയോടെ എസ്.പി. ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തില്‍ വന്‍ സായുധ പോലീസ് സംഘം അന്‍വാര്‍ശ്ശേരിയില്‍ എത്തി. അറസ്റ്റ് നീണ്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ ത്വരിതഗതിയിലായിരുന്നു അറസ്റ്റിന് മുന്നൊരുക്കം. നിമിഷങ്ങള്‍ക്കകം നിരോധനാജ്ഞാസന്ദേശവുമായി പോലീസ് വാഹനം തുരുതുരെ ഓടി. തൊട്ടുപിന്നാലെ വന്‍ പോലീസ് പട അന്‍വാര്‍ശ്ശേരിയിലേക്ക് നിങ്ങി. മൈനാഗപ്പള്ളിയിലെയും ശാസ്താംകോട്ടയിലെയും പ്രധാന റോഡുകള്‍ പോലീസ് തടഞ്ഞു. 12 മണിയോടെ കൊല്ലം എസ്.പി. ഹര്‍ഷിത അത്തല്ലൂരി എത്തി.അന്‍വാര്‍ശ്ശേരിക്കുമുന്നില്‍ ആദ്യം എസ്.പി. ഒരു ഷെല്‍ പൊട്ടിച്ചു. ഉടന്‍ അവിടെനിന്ന ജനം പിന്നിലേക്കോടി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍നിന്നായി 10 ഡിവൈ.എസ്.പി.മാരുടെയും അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും 20 സബ് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ 300ല്‍പ്പരം പോലീസ് സേനാംഗങ്ങള്‍ അന്‍വാര്‍ശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി നിലയുറപ്പിച്ചു. മഅദനി താമസിക്കുന്ന യത്തീംഖാനയുടെ കവാടം പി.ഡി.പി.പ്രവര്‍ത്തകര്‍ അടച്ചിട്ടു. അന്‍വാര്‍ശ്ശേരിയിലേക്കുള്ള വഴികള്‍ പോലീസ് അടച്ചു. കുറേ സമയത്തേക്ക് അന്‍വാര്‍ശ്ശേരിയിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചു. ഇതിനിടെ ഫോണ്‍ മുഖേന കൊല്ലം എസ്.പി.ഓഫീസില്‍ ഭീഷണിസന്ദേശം ലഭിച്ചു.
അതിനിടെ തക്ബീര്‍ വിളികേട്ട് അന്‍വാര്‍ശ്ശേരിയില്‍ ആളുകൂടി. സ്ത്രീകളും കുട്ടികളും എത്തിച്ചേര്‍ന്നു. റോഡരികില്‍ കൂടിനിന്നവരെ പോലീസ് വിരട്ടിയോടിച്ചു. ഭയപ്പെടുത്താന്‍ ഷെല്‍ പൊട്ടിച്ചു. എസ്.പി.യും കൂട്ടരും പരിസരത്ത് തടിച്ചുകൂടിനിന്ന പി.ഡി.പി. പ്രവര്‍ത്തകരെ തുരുത്തി. രണ്ടാമത്തെ ഷെല്‍ പൊട്ടിച്ച് സമീപത്തും തൊട്ടടുത്ത വീടുകളിലും നിന്നവരെ ഓടിച്ചു. ചിലര്‍ പോലീസിനെതിരെ ബഹളംവച്ചെങ്കിലും അടുത്ത ഷെല്‍കൂടി പൊട്ടിച്ചതോടെ ബഹളം അടങ്ങി. ശേഷം അന്‍വാര്‍ശ്ശേരിയുടെ നാല് വശങ്ങളിലും പോലീസ് കാവലായി. അന്‍വാര്‍ശ്ശേരിക്കുമുന്നില്‍ ടിയര്‍ഗ്യാസ് വാഹനവും നിരയായി പോലീസും ഒരുങ്ങിനിന്നു. ഈസമയം അന്‍വാര്‍ശ്ശേരിക്കു ള്ളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കല്ലേറുണ്ടായി. എന്നാല്‍ പി.ഡി.പി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.
വീണ്ടും പോലീസ് പടയൊരുക്കം തുടങ്ങി. അന്‍വാര്‍ശ്ശേരിക്ക് നാലുകിലോമീറ്റര്‍ ചുറ്റളവാകെ പോലീസിന്റെ വലയിലായി. മാധ്യമപ്രവര്‍ത്തകരെ ഒഴികെ മറ്റാരെയും കടത്തിവിട്ടില്ല.വൈകിട്ട് 6.45ന് അന്‍വാര്‍ശ്ശേരിക്കുള്ളില്‍ മഅദനിയുടെ നേതൃത്വത്തില്‍ നോമ്പ് തുറക്കലും നിസ്‌കാരവും നടന്നു.
അന്‍വാര്‍ശ്ശേരിയില്‍ മഅദനിയെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി ഭാഗത്ത് പി.ഡി.പി. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിവീശി. പുള്ളിമാന്‍ ജങ്ഷനില്‍ പ്രകടനക്കാര്‍ ചരക്ക് ലോറി അടിച്ചു തകര്‍ത്തു. മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു. ചിത്രം എടുത്തുകൊണ്ടിരുന്ന ക്യാമറ നിലത്തെറിഞ്ഞ് തകര്‍ത്തു. കല്ലുകടവിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. ശനിയാഴ്ച വൈകുന്നേരം 5 മണിക്കുശേഷം വിവിധ സമയങ്ങളിലായിരുന്നു സംഭവം. സംഭവത്തില്‍ എസ്.ഐ.യ്ക്കും പോലീസുകാര്‍ക്കുമടക്കം നിരവധി പേര്‍ക്ക് നിസ്സാര പരിക്കുണ്ട്.
പുതിയകാവില്‍നിന്ന് അന്‍വാര്‍ശ്ശേരിയിലേക്ക് പോകുകയായിരുന്ന നൂറോളം വരുന്ന പി.ഡി.പി. പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടയിലാണ് പുള്ളിമാന്‍ ജങ്ഷനില്‍വച്ച് കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറി പ്രകടനക്കാര്‍ അടിച്ചുതകര്‍ത്തത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തേജസ് കരുനാഗപ്പള്ളി ലേഖകന്‍ എം.ആര്‍.നാദിര്‍ഷായെ പ്രകടനക്കാരില്‍ ചിലര്‍ കൈയേറ്റം ചെയ്തു.
തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ നിന്നു അന്‍വാര്‍ശ്ശേരിയിലേക്ക് പോകുകയായിരുന്ന പ്രകടനക്കാരെ മാരാരിത്തോട്ടം പെട്രോള്‍ പമ്പിന് സമീപം വച്ച് പോലീസ് അടിച്ചോടിച്ചു.
തുടര്‍ന്ന് പിരിഞ്ഞുപോയ പ്രകടനക്കാരില്‍ ചിലര്‍ ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് കല്ലുകടവിന് സമീപം എറിഞ്ഞ് തകര്‍ത്തു. കണ്ടാലറിയാവുന്ന പി.ഡി.പി. പ്രവര്‍ത്തകര്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മഅദനി ശനിയാഴ്ച സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ അധികാരമില്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് മഅദനി ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്.
മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂരിലെ വിചാരണക്കോടതിയും കര്‍ണാടക ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു. കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് മഅദനിയെ സഹായിക്കുന്ന നിയമവിദഗ്ധരുടെ സംഘം അഡ്വ. അക്ബര്‍ അലിയുടെ നേതൃത്വത്തില്‍ കഴിഞ്ഞാഴ്ച ഡല്‍ഹിയിലെത്തി. ഇവരുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അഭിഭാഷകരുമായി ജാമ്യാപേക്ഷയുടെ കാര്യങ്ങള്‍ ചര്‍ച്ച നടത്തി. അഡ്വ. അഡോള്‍ഫ് മാത്യു മുഖേന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഭരണഘടനാപരമായ ചില വിഷയങ്ങളും ഉന്നയിച്ചിട്ടുണ്ട്.
നിയമസഹായസംഘം ഡല്‍ഹിയിലെത്തിയതിന്റെ പിറ്റേന്നാണ് കര്‍ണാടക പോലീസ് സംഘം മഅദനിയെ അറസ്റ്റുചെയ്യാന്‍ കൊല്ലത്തെത്തിയത്. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷയുടെ കാര്യത്തില്‍ ചില ആശയക്കുഴപ്പമുണ്ടായി. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള നീക്കം തത്കാലം നിര്‍ത്തുന്നതായി മഅദനി തന്നെ പറഞ്ഞിരുന്നു. എന്നാല്‍, പല കാരണങ്ങളാല്‍ അറസ്റ്റ് നീളുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമം തുടങ്ങുകയായിരുന്നു. ജാമ്യാപേക്ഷ അടുത്താഴ്ച കോടതി പരിഗണിച്ചേക്കും.
Discussion about this post