കോയമ്പത്തൂര്‍: ഈറോഡിന് സമീപം ഭവാനിയില്‍ സ്വകാര്യബസ് ടാങ്കര്‍ലോറിയ്ക്ക് പിന്നിലിടിച്ച് കത്തി ഏഴുപേര്‍ മരിച്ചു. ബാംഗ്ലൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോയ സ്വകാര്യ എയര്‍ബസ്സാണ് അപകടത്തില്‍ പെട്ടത്. 27 പേര്‍ക്ക് പരിക്കേറ്റു. ഒന്‍പതുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. പുലര്‍ച്ചെ 3.30 നാണ് അപകടം നടന്നത്.
കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനവുമായി പോയ ടാങ്കറിന് പിന്നില്‍ ബസ് ഇടിച്ചതിനെ തുടര്‍ന്ന് ഇരു വാഹനങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. രണ്ട് കുട്ടികളും ഒരു സ്ത്രീയും അടക്കം അഞ്ചുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ഭവാനി, കോയമ്പത്തൂര്‍, ഈറോഡ് എന്നിവിടങ്ങളിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
ദേശീയപാത 47 ലാണ് അപകടം നടന്നത്. ബസ് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. ബസ്സിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്താണ് യാത്രക്കാര്‍ പലരും രക്ഷപെട്ടത്.
Discussion about this post