തിരുവനന്തപുരം: ജയരാജനെതിരായ കോടതിവിധിയ്ക്ക് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനം. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച്ച പ്രതിഷേധദിനം ആചരിക്കുമെന്നും ഹൈക്കോടതിയുടെ മുന്നില്‍ ബഹുജന പ്രക്ഷോഭം നടത്തുമെന്നും പിണറായി അറിയിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയരാജനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
എം.വി. ജയരാജന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത് ജയരാജന്‍ കോടതിയുടെ മുന്നില്‍ ഒരു പുഴുവാണെന്നാണ്. ഇതെങ്ങനെ പറയാന്‍ സാധിച്ചു-പിണറായി ചോദിച്ചു. ജനങ്ങളെ കീടമായും പുഴുവായും കണക്കാക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണെന്ന് പിണറായി പറഞ്ഞു.
ജനങ്ങളാണ് രാജ്യത്തെ ഭരണഘടനയുണ്ടാക്കിയത്. അതിന്റെ സൃഷ്ടിയാണ് കോടതി. ഈ സംവിധാനങ്ങള്‍ എല്ലാം സൃഷ്ടിച്ചത് ജനങ്ങളാണ്. ഈ രാജ്യത്തെ പൗരനായ ജയരാജന്‍ ജനങ്ങളുടെ പ്രതിനിധി കൂടിയാണെന്ന് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. പൊതുനിരത്തില്‍ ജനങ്ങള്‍ക്ക് സംഘടിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചത്. ആദ്യം കഠിനതടവാണ് കോടതി വിധിച്ചത് പിന്നീടത് മയപ്പെടുത്തി. മാന്യമായും സംയമനത്തോടെയും പ്രതികരിക്കേണ്ട സംവിധാനാണ് കോടതി എന്നിരിക്കെ ഹൈക്കോടതിയുടെ ഇത്തരം നിലപാട് അതിരുകവിഞ്ഞ് പോയിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍, പി.കെ.ശ്രീമതി, എം.വിജയകുമാര്‍, എം.വി.ഗോവിന്ദന്‍, കടകംപ്പള്ളി സുരേന്ദ്രന്‍ തുടങ്ങിയ സി.പി.എം. നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Discussion about this post