* കോടികളുടെ നഷ്ടം
* ആളപായമില്ല
തിരുവനന്തപുരം: ചാലക്കമ്പോളത്തില്‍ ആര്യശാലയില്‍ പാഴ്‌സല്‍ ഓഫീസിന്റെ ഗോഡൗണിന് തീപിടിച്ചു. രണ്ട് കടകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.
തിങ്കളാഴ്ച രാത്രി 10.20 ന് ചാല, ആര്യശാലയില്‍ കോഴിക്കോട് സ്വദേശി മൊയ്തുഹാജിയുടെ ഉടമസ്ഥതയിലുള്ള കെ.ആര്‍.എസ്. പാഴ്‌സല്‍ സര്‍വീസിന്റെ ഗോഡൗണിലാണ് ആദ്യം തീ കണ്ടത്. ഉടനെതന്നെ അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും പെട്ടെന്ന് വെള്ളം തീര്‍ന്നുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടു.
കെ.ആര്‍.എസ്.പാഴ്‌സല്‍ സര്‍വീസും അതിനടുത്തുള്ള സിഗരറ്റ് കമ്പനിയുടെ ഗോഡൗണും ഒരു തടിക്കടയും ഭാഗികമായി കത്തിനശിച്ചു. മറ്റ് സ്ഥലങ്ങളിലേയ്ക്ക് തീപടരാതിരിക്കാന്‍ അഗ്‌നിശമന സേന പ്രത്യേകം ശ്രദ്ധിച്ചു.
വലിയ ജവുളി വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള തുണിയുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ചാലയിലെ ഈ പാഴ്‌സല്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. വൈകീട്ട് 9.45 നാണ് ഉടമസ്ഥര്‍ പാഴ്‌സല്‍ ഗോഡൗണ്‍ പൂട്ടിയിട്ട് പോയത്. പാഴ്‌സല്‍ ഡിപ്പോയിലെ വാച്ചുമാന്‍ സോമനാണ് ഇലക്ട്രിക്കല്‍ റൂമിനടുത്ത് ആദ്യം തീപടരുന്നത് കണ്ടത്. അദ്ദേഹം തൊട്ടടുത്ത് താമസിക്കുന്ന അധ്യാപികയെ വിവരം അറിയിച്ചു. അവരാണ് ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായം അഭ്യര്‍ത്ഥിച്ചത്.
രാത്രി 12.30 ന് തീ നിയത്രണവിധേയമായി. സംഭവമറിഞ്ഞയുടന്‍ മന്ത്രി കെ.പി. മോഹനന്‍, പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം, മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Discussion about this post