പത്തനംതിട്ട: ശബരിമല സന്നിധാനം സുരക്ഷാ ഭീഷണി നേരിടുന്ന കേന്ദ്രങ്ങളുടെ പട്ടികയിലാണെന്നു വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പു നല്‍കി. കാനന ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭീഷണി നേരിടാന്‍ തക്കതല്ലെന്നു ഇന്റലിജന്‍സ് വിഭാഗങ്ങള്‍ വിലയിരുത്തുന്നു. സന്നിധാനവും പമ്പയുമെല്ലാം പോലീസിന്റെ അതീവ സുരക്ഷാ മേഖലയിലാണ് ഉള്‍പ്പെടുന്നതെങ്കിലും വിവിധ കാനന പാതയിലൂടെ സന്നിധാനത്ത് വന്നുപോകുന്നവരെ നിയന്ത്രിക്കാന്‍ പോലീസിനു കഴിയാത്തതും സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ഓരോ വര്‍ഷവും തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നില്ല. ഇതാകട്ടെ വിദൂരഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവച്ചേക്കുമെന്നാണ് പോലീസിന്റെ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിലയിരുത്തല്‍. സന്നിധാനത്തേക്കെത്തുന്ന തീര്‍ഥാടകരെ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണെ്ടങ്കിലും ഇത് എല്ലാവര്‍ക്കും ബാധകമാകുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ ഏതൊരു മേഖലയില്‍ കൂടിയും പമ്പയിലും സന്നിധാനത്തും വന്നുപോകാന്‍ അവസരങ്ങള്‍ ഏറെയാണുള്ളത്.
ശബരിമല ക്ഷേത്രത്തോടു ചേര്‍ന്നു ഭസ്മക്കുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യാതൊരു സുരക്ഷാ പരിശോധനയ്ക്കും വിധേയമാകാതെ എത്തുന്നവരുടെ എണ്ണംദിനംപ്രതി ഏറിവരികയാണ്. സന്നിധാനത്ത് മാത്രമല്ല, സന്നിധാനത്തിനു ചുറ്റുവട്ടത്തുള്ള ഏതൊരു പ്രദേശത്തും അപകടഭീഷണി നിലനില്‍ക്കുവെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വെളിപ്പെടുത്തല്‍. സുരക്ഷാ സംവിധാനത്തിനായി പോലീസും കമാന്‍ഡോകളുമൊക്കെ കഴിഞ്ഞ കാലങ്ങളായി നിലയുറപ്പിക്കുന്നുണെ്ടങ്കിലും ഇതെല്ലാം പരിമിതമാണ്. പ്രധാന ദിനങ്ങളില്‍ അതീവ സുരക്ഷാവലയം ഒരുക്കുന്നുണെ്ടങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ല. ചുരുക്കം സമയങ്ങളില്‍ മാത്രമാണ് നിരീക്ഷണ ഗോപുരങ്ങളുടെ സഹായത്തോടെയുള്ള പരിശോധനകളും നടക്കുന്നത്.
രാജ്യത്തിന് അകത്തും പുറത്തും നിന്നുമുള്ള തീര്‍ഥാടകരും വ്യവസായികളുമെല്ലാം എത്തുന്ന തീര്‍ഥാടനകേന്ദ്രത്തില്‍ പലപ്പോഴും പോലീസിന്റെ പരിശോധനകളും കാര്യക്ഷമമാകാറില്ല. കഴുതപ്പുറത്തും ട്രാക്ടറിലുമെത്തുന്ന സാധനസാമഗ്രികള്‍ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ശരണപാതകളില്‍ തമ്പടിച്ചിരിക്കുന്ന വഴിവാണിഭക്കാര്‍ ഉള്‍പ്പെടെയുള്ളവ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നിലവില്‍ കച്ചവടത്തിനും ജോലിസംബന്ധമായും എത്തുന്നവര്‍ക്ക് പോലീസും അതാത് സ്ഥാപനങ്ങളും നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് ഉള്ളത്. ഇത്തരത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നിരവധിപേര്‍ ശബരിമലയില്‍ തങ്ങുന്നുണെ്ടന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണെ്ടത്തിയിട്ടുണ്ട്.
അരവണപ്ലാന്റ് പ്രവര്‍ത്തിക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന വൈദ്യുതി നിലയവും സുരക്ഷിതമല്ല. ഇവിടെ 250 കെവിയുടെ നാല് ട്രാന്‍സ്‌ഫോര്‍മറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.സോപാനം, മരക്കൂട്ടം എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി വിളക്കുകളും ഇവിടെനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്ന പ്രദേശത്തും സുരക്ഷവേണമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ആവശ്യം. ശബരിമലയിലെ വൈദ്യുതി വിതരണം ക്രമീകരിച്ചിരിക്കുന്ന ചെറുതും വലുതുമായ ട്രാന്‍സ്‌ഫോര്‍മര്‍ യൂണിറ്റുകളിലും യാതൊരു സുരക്ഷാസജ്ജീകരണങ്ങളും ഏര്‍പ്പെടുത്താത്തതും വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണ്. ഭസ്മക്കുളത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഡീസല്‍ ടാങ്കാണ് മറ്റൊരു അപകടമേഖല. ഭസ്മക്കുളത്തിനു സമീപം ഒറ്റപ്പെട്ട ഭാഗത്തായാണ് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.
പതിനെട്ടാംപടി, സോപാനം എന്നിവിടങ്ങളിലെല്ലാം പരിശോധനയ്ക്കുശേഷമാണ് തീര്‍ഥാടകരെ കടത്തിവിടുന്നതെങ്കിലും സോപാനത്തിലേക്ക് മറ്റു വഴികളിലൂടെയും പലരും എത്തിച്ചേരുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വിട്ടുവീഴ്ചാ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത് ഗുരുതരമായി കാണണമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ആവശ്യം.
Discussion about this post