കോവളം: വിഴിഞ്ഞം സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ വൈകിയതു കാരണം രണ്ടുപേര്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി പ്രകാശ്ചന്ദ് മണ്ഡല്‍ (55), ചാവടിനട സിസിലിപുരം പറയന്‍വിളാകത്ത് വീട്ടില്‍ വിജയന്‍ (50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അസുഖബാധിതനായ പ്രകാശ്ചന്ദ് മണ്ഡല്‍ ആസ്പത്രിയിലെത്തിയത്. എന്നാല്‍ ചികിത്സിക്കാന്‍ ഡോക്ടറില്ലാത്തതിനാല്‍ ആസ്പത്രിവരാന്തയില്‍ ഇരിക്കുകയായിരുന്നു. രണ്ടുമണിക്കൂറോളം ഇരുന്നിട്ടും പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. അസുഖം മൂര്‍ച്ഛിച്ച് ആസ്പത്രിവരാന്തയില്‍ കിടന്ന പ്രകാശ് ചന്ദ് മണ്ഡല്‍ മരണപ്പെട്ടു. രാവിലെ 9 മണിയോടെ ഡോക്ടര്‍ എത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.
പെയിന്റിങ് പണിയിലേര്‍പ്പെട്ടിരുന്ന സിസിലിപുരം സ്വദേശി വിജയനെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്നാണ് വിഴിഞ്ഞം ആസ്പത്രിയിലെത്തിച്ചത്. അരമണിക്കൂറോളം കഴിഞ്ഞ് ഒ.പി യിലെ ഡോക്ടര്‍മാരെത്തി പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ആസ്പത്രിയിലെ ആംബുലന്‍സ് സ്ഥലത്തില്ലാതിരുന്നതിനാല്‍ 108 ആംബുലന്‍സ് വിളിച്ചുവരുത്തി. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച വിജയന്‍ വിഴിഞ്ഞം ആസ്പത്രിയില്വെച്ചുതന്നെ മരണപ്പെട്ടു. ചികിത്സ കിട്ടാതെയാണ് രോഗികള്‍ മരണപ്പെട്ടതാണെന്നാരോപിച്ച് ആസ്പത്രി പരിസരത്ത് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉച്ചയോടെ സംഭവം അന്വേഷിക്കാന്‍ ആസ്പത്രിയിലെത്തിയ എ.ഡി.എം.ഒ മാരായ ഡോ. ഷീലാ ജോസഫ്, ഡോ. നീന എന്നിവരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. മുന്‍കൂട്ടി അറിയിക്കാതെ വിഴിഞ്ഞം ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ അവധിയെടുത്തത് സംബന്ധിച്ചും രോഗികള്‍ മരണപ്പെട്ടതു സംബന്ധിച്ചും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മൃതദേഹങ്ങള്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട പ്രകാശ് മണ്ഡല്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു. ഉച്ചക്കട വട്ടവിളയില്‍ സൂഹൃത്തുക്കളോടൊപ്പം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. താരാദേവിയാണ് പ്രകാശ് മണ്ഡലിന്റെ ഭാര്യ.
പെയിന്റിങ് തൊഴിലാളിയായിരുന്നു മരണപ്പെട്ട വിജയന്‍. വിലാസിനി ഭാര്യയാണ്. വിമല്‍ലാല്‍, വിജിതാ വിജയന്‍ എന്നിവര്‍ മക്കളാണ്.
Discussion about this post