കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ നടത്തിയ വിശദീകരണത്തില്‍ വിദഗ്ധരുടെയും ഹൈക്കോടതിയുടെയും പിന്തുണ. എജി കഴിഞ്ഞ ദിവസം നടത്തിയ വിശദീകരണത്തില്‍ ഹൈക്കോടതി പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കോടതിയില്‍ നടത്തിയ വിശദീകരണത്തിന്റെ പേരില്‍ താന്‍ മാധ്യമവിചാരണ നേരിടുകയാണെന്ന് എജി ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ പിന്തുണ. എജിക്കെതിരായ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും അപകടമുണ്ടാകില്ലെന്നും ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ക്ക് ഈ വെളളം താങ്ങാന്‍ ശേഷിയുണ്ടെന്നുമായിരുന്നു എജിയുടെ വിവാദമായ വിശദീകരണം.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വിദഗ്ധരെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍, കെഎസ്ഇബി ചെയര്‍മാന്‍ ടി.എം. മനോഹരന്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ വെള്ളം താങ്ങാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന എജിയുടെ അഭിപ്രായത്തെ എം.കെ. പരമേശ്വരനും പിന്തുണച്ചു. ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള അണക്കെട്ടാണ് ഇടുക്കി. നിലവില്‍ വൈദ്യുതി ഉല്‍പാദനം കൂട്ടി ഇടുക്കിയിലെ ജലനിരപ്പ് ക്രമീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുല്ലപ്പെരിയാറിലെ വെള്ളം ഒന്നിച്ചൊഴുകി വന്നാല്‍ ഇടുക്കി അണക്കെട്ടിന്റെ സ്ഥിതി എന്താകുമെന്ന് വ്യക്തമായി പറയാനാകില്ലെന്ന വിശദീകരണമാണ് ടി.എം. മനോഹരന്‍ നല്‍കിയത്. പാറക്കെട്ടും മണ്ണും ഒക്കെയായി വെള്ളം ഒലിച്ചുവന്നാല്‍ അതിന്റെ അനന്തരഫലം പറയാനാകില്ലെന്നും ടി.എം. മനോഹരന്‍ പറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് ഇതേ രീതിയില്‍ നിലനിര്‍ത്താനാകില്ലെന്നും വേനല്‍ക്കാലത്ത് ഇത് വൈദ്യുതക്ഷാമത്തിന് കാരണമാകുമെന്നും ടി.എം. മനോഹരന്‍ പറഞ്ഞു. തുടര്‍ന്ന് ദുരന്തമുണ്ടായാല്‍ ജനങ്ങളെ രക്ഷിക്കാന്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ച് ഈ മാസം 15 നകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
Discussion about this post