തിരുവനന്തപുരം: ചവര്‍ നിര്‍മാര്‍ജനത്തിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, വിളപ്പില്‍ശാല ചവര്‍ ഫാക്ടറിയില്‍ നിന്നുള്ള മലിനജലം കുടിവെള്ളമായി നഗരവാസികള്‍ക്ക് നല്‍കുന്ന പണി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. ആരംഭിക്കുന്ന സമരപരിപാടികളുടെ ഭാഗമായി ജനപ്രതിനിധികള്‍ ധര്‍ണ നടത്തി. ഡിസംബര്‍ 21 ന് വിളപ്പില്‍ ചവര്‍ലോറികള്‍ തടയുന്നതിന്റെ ഫലമായി നഗരത്തിലെ ചവര്‍നിര്‍മാര്‍ജനം നില്‍ക്കുകയും നഗരം ചീഞ്ഞുനാറുകയും ചെയ്താല്‍ അതിന് ഉത്തരവാദി മേയര്‍ മാത്രമായിരിക്കുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കരമന ജയന്‍ പറഞ്ഞു. ബി.ജെ.പി. നഗരസഭാ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമാസത്തിനുള്ളില്‍ വിളപ്പില്‍ശാല പ്രശ്‌നത്തിന് പരിഹാരം കാണുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി തുടരുന്ന അനങ്ങാപ്പാറ നയം അവസാനിപ്പിക്കണമെന്നും കരമന ജയന്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗം ഡോ. പി.വി.വാവ, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, വെങ്ങാനൂര്‍ സതീഷ്, ജില്ലാ സെക്രട്ടറി കരമന അജിത്, ചിത്രാലയം രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബി.ജെ.പി. സംസ്ഥാന സമിതി അംഗവും നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി. അശോക്കുമാര്‍, കൗണ്‍സിലര്‍മാരായ എം.ആര്‍. ഗോപന്‍, മോഹനന്‍ നായര്‍, എം.ആര്‍. രാജീവ്, രാജേന്ദ്രന്‍ നായര്‍, ഷീജാ മധു എന്നിവരോടൊപ്പം ബി.ജെ.പി. നേതാക്കളായ പൊന്നറ എ. അപ്പു, ശിവശങ്കരന്‍ നായര്‍, പൂന്തുറ ശ്രീകുമാര്‍, ശ്രീവരാഹം വിജയന്‍, പദ്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post