ആലപ്പുഴ: തനിക്കെതിരെ എടുത്ത കള്ളക്കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ആറ് അഴിമതി മന്ത്രിമാരാണ് ഇതിനു പിന്നില്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിനു കാസര്‍കോട്ട് ഭൂമി പതിച്ചുകൊടുത്തെന്ന ആരോപണത്തില്‍ വി.എസ്. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജിലന്‍സ് ഡയറക്ടര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുത്താണ്് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം ചെയ്യിക്കുന്നത്. പത്തെഴുപതു കൊല്ലമായി പൊതുപ്രവര്‍ത്തന രംഗത്തു താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. അവരുടെ മുന്നില്‍ ഈ കള്ളന്‍മാരുടെ വേഷമൊന്നും ചെലവാകില്ലെന്നു വി.എസ് പറഞ്ഞു.
പൊലീസിനെയും കോടതിയെയും കോഴ കൊടുത്തു വശീകരിക്കാന്‍ കഴിവുള്ളയാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെന്നു തെളിഞ്ഞതാണ്. ആ കേസ് പൊങ്ങി വരുന്നതിനു മുന്‍പ് തന്നെ കള്ളക്കേസില്‍ കുടുക്കി ആനന്ദം കണ്ടെത്താനാണു ശ്രമം. കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപിള്ള, ടോമിന്‍ തച്ചങ്കരി തുടങ്ങിയവരെല്ലാം തനിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്നും വി.എസ് പറഞ്ഞു.
Discussion about this post