പ്രൊഫ. സി.ഐ.ഐസക്
രണ്ടാം തറയില്‍ യുദ്ധത്തിലൂടെ ഭാരതത്തിന്റെ ആധിപത്യം മുസ്ലീം അസഹിഷ്‌ണുതയുടെ നീരാളിപ്പിടുത്തത്തിന് പാത്രീഭവിച്ചു എന്നത് ചരിത്രസത്യമാണ്. പക്ഷേ, പിന്നീടുണ്ടായ സംഭവവികാസങ്ങളെ, അതായത് മുസ്ലീം അസഹിഷ്‌ണുതയ്‌ക്കെതിരെ ഭാരതത്തിലാകമാനം ഉയര്‍ന്നുവന്ന ഹൈന്ദവ ഏകീകരണത്തെ, വെറും ഭക്തിപ്രസ്ഥാനമായിച്ചുരുക്കി കാണാന്‍ കൊളോണിയലും, കൊളോണിയാനന്തര ചരിത്രകാരന്മാരും ഏറെ അദ്ധ്വാനിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ചൈതന്യം ആദ്ധ്യാത്മികതയിലധിഷ്‌ഠിതമാണ് എന്ന യാഥാര്‍ത്ഥ്യം വിസ്‌മരിച്ചുകൊണ്ടാണീ യത്‌നം. ഗാന്ധിജി ഉള്‍പ്പെടെയുളഅള സാമൂഹിക, രാഷ്‌ട്രീയ പരിഷ്‌കര്‍ത്താക്കളുടെ കയ്യില്‍ ആദ്ധ്യാത്മികത ശക്തമായ ഒരു ആയുധമായിരുന്നു. ഹിന്ദുവിന്റെ ആദ്ധ്യാത്മികതയ്‌ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയേറും. കാലം പലവുരു തെളിയിച്ചതാണ്.
പൂര്‍വ്വ മധ്യകാലഘട്ടത്തില്‍ തന്നെ ദേവഗിരിയിലെ യാദവ രാജവംശം തുടങ്ങിവെച്ച ഹൈന്ദവത്തനിമയുടെ സംരക്ഷണം വിജയനഗരവും, മറാഠികളും, മൈസൂറും, തിരുവിതാംകൂറും തുടങ്ങിയ പ്രബലങ്ങളായ ഹിന്ദു രാജ്യങ്ങള്‍ തുടര്‍ന്നുപോരുന്നു. ഏകാനാഥ്, തൂക്കാറാം, സമര്‍ത്ഥ രാമദാസന്‍, പണ്ഡിറ്റ് വാമനന്‍ തുടങ്ങിയ ആദ്ധ്യാത്മികാചാര്യന്മാര്‍ ഉഴുതുമറിച്ച ഭൂമിയിലായിരുന്നു മറാഠികള്‍ രാഷ്‌ട്രീയ ഉയര്‍ത്തെഴുന്നേല്‍പ്പു നടത്തിയത്. ഈ രാഷ്‌ട്രീയ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ രഹസ്യം ഛത്രപതി ശിവാജിയുടെ കറതീര്‍ന്ന സവഭാവശുദ്ധിയുടെയും, ദേശീയ പ്രതിബദ്ധതയുടെയും ഒത്തുചേരലായിരുന്നു.
ബാല്യം തൊട്ടുതന്നെ ശിവാജിയിലെ ഹിന്ദുവിനെ തൊട്ടുണര്‍ത്തിപരിപോക്ഷിപ്പിക്കുന്നതില്‍ മാതാവ് ജീജാബായിയും ഗുരുനാഥന്‍ ദാദാജി കോണ്ടദേവും വഹിച്ച പങ്ക് നിസ്‌തുലമായിരുന്നു. 1627 ഏപ്രില്‍ 10ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയിലായിരുന്നു ജനനം. മാതാവില്‍നിന്ന് ഇതിഹാസ, പുരാണാദികഥകള്‍ കേട്ടുവളര്‍ന്ന ശിവാജി കോണ്ടദേവിലൂടെ ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായിവളര്‍ന്നു. ആയോധനകല, കുതിരസ്സവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഇതിഹാസാദിഹൈന്ദവ ഗ്രന്ഥങ്ങളിലും വ്യുല്‍പ്പത്തി നേടിയിരുന്നു. ദാദാജികൊണ്ടദേവ് എന്ന ഉല്‍കൃഷ്‌ടനായ ഗുരുനാഥന്റെ ലക്ഷ്യബോധത്തോടുകൂടിയ ശിക്ഷണപദ്ധതിയിലൂടെ ശിവാജിക്കുദേശീയബോധവും, രാഷ്‌ട്രതന്ത്രജ്ഞതയും, സ്വാത്വിക സദുക്തിയും ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞു.
പൂര്‍വ്വമധ്യകാലം മുതല്‍ ഭാരതത്തില്‍ സീജവമായിരുന്ന ആദ്ധ്യാത്മികതയ്‌ക്ക്, രാഷ്ട്രീയമാനം നല്‍കുവാന്‍ ആയി എന്നതുകൊണ്ടാണ് ശിവാജിക്ക് ഭാരത ചരിത്രത്തില്‍ ഏറെ തിളക്കം ആര്‍ജ്ജിക്കാനായത്. ശിവാജി, മത അസഹിഷ്‌ണുതയുടെ വക്താക്കളായിരുന്ന മുസ്ലീം ഭരണാധികാരികള്‍ക്കെതിരേ സന്ധിയില്ലാത്ത യുദ്ധം നയിച്ചിരുന്നപ്പോഴും മതവിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്നില്ല. അറംഗസീബിനെതിരേ നിരന്തരമായി യുദ്ധം ചെയ്‌ത ശിവാജി മുസ്ലീംങ്ങളെ സൈന്യമുള്‍പ്പെടെയുള്ള എല്ലാ രാജകീയ സേവനതുറകളിലും നിര്‍ലോഭം പങ്കെടുപ്പിച്ചിരുന്നതായി നെഹ്‌റുപറയുന്നു. അതേപോലെ തന്നെ യുദ്ധസമയത്ത് സ്‌ത്രീകള്‍, കുട്ടികള്‍, ആരാധനാ സ്ഥലങ്ങള്‍ എന്നിവകള്‍ക്ക് പൂര്‍ണ്ണമായ സംരക്ഷണം നല്‍കിക്കൊണ്ട് ഹിന്ദുമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശിവാജി ബദ്ധശ്രദ്ധനായിരുന്നുവെന്ന് ജെ.എന്‍സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഉജ്ജീവനം ലഭിച്ച ഹിന്ദു ദേശീയതയുടെ ചിഹ്നവും, നമ്മുടെ പുരാതനമായ ചിരന്തന സാഹിത്യത്തില്‍ നിന്നാവേശം ഉള്‍ക്കൊണ്ട ധീരവും ഉത്തമവുമായ നേതൃത്വ പാടവം ആര്‍ജ്ജിച്ച വ്യക്തിത്വമായിരുന്നു ശിവാജിയുടേത്. മറാഠികളുടെ ക്ഷത്രീയവീര്യത്തിന് ദേശീയസ്വഭാവം നല്‍കിയതിലൂടെ മുഗളസാമ്രാജ്യത്തെ ശിഥിലീകരിക്കുകയും ചെയ്‌തുവെന്ന് നെഹ്രു അഭിപ്രായപ്പെട്ടിരിക്കുന്നു.
1647 മാര്‍ച്ച് 7ന് ഗുരുനാഥന്‍ ദാദാജികൊണ്ടദേവ് മരിക്കുമ്പോള്‍ കേവലം ഇരുപതുവയസ്സുകാരനായിരുന്ന ശിവാജി ഒരു മഹത്തായ ദൗത്യം, അതായത്, ഹിന്ദു ധര്‍മ്മസംരക്ഷണം ഏറ്റെടുത്തുകൊണ്ട് ദക്ഷിണഭാരതത്തിലെയും, ഉത്തരഭാരതത്തിലെയും മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ ധീരമായിപോരാട്ടം ആരംഭിക്കുക കൂടിയായിരുന്നു. തീര്‍ച്ചയായും വിജയ നഗരസാമ്രാജ്യം തുടങ്ങിവെച്ച സംരംഭങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു. ശിവാജിയുടെ ഈ മുന്നേറ്റങ്ങള്‍. വിജയനഗരത്തിന്റെ പതനമായിരുന്നില്ല. ഇക്കാലത്ത് ശിവാജി തന്റെ സംഭവ ബഹുലമായ ജീവിതയാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു.
നിരവധി യുദ്ധങ്ങള്‍ ജയിക്കുകമാത്രമല്ല, അഫ്‌സല്‍ഖാന്‍, ഷെയ്‌സ്‌തഖാന്‍ തുടങ്ങിയ ആണും പെണ്ണും കെട്ട മുസ്ലീം സൈനികത്തലവന്മാരെ നല്ല പാഠം പഠിപ്പിക്കുകകൂടി ചെയ്‌തു. അപ്പോഴും അദ്ദേഹത്തിലെ ഹിന്ദുത്തനിമ – ഏകം സദ്‌വിപ്രാ ബഹുധാ വദന്തി എന്ന ആശയം നഷ്‌ടപ്പെട്ടില്ല. തന്റെ പടയോട്ടങ്ങള്‍ക്കിടയില്‍പ്പോലും കൈവശം വന്നു ചേര്‍ന്നിരുന്ന ഖുറാന്‍ അതിന്റെ പവിത്രതക്കു ഭംഗംതട്ടാതെ തന്നെ തന്റെ മുസ്ലീം ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തിരുന്നു. ഭാരതത്തിലെ മധ്യകാല ഹിന്ദുസാമ്രാജ്യങ്ങള്‍ എല്ലാംതന്നെ ഉദാത്തമായ ഈ മാതൃക പിന്‍ തുടര്‍ന്നിരുന്നു എന്ന സത്യം വിസ്‌മരിക്കാവതല്ല. എന്നാല്‍ വിജയനഗരമുള്‍പ്പെടെയുള്ള പലഹിന്ദു സാമ്രാജ്യങ്ങളുടെയും പതനത്തിനിട നല്‍കിയത് പരസ്‌പരപൂരകമല്ലാതിരുന്ന ഈ മുസ്ലീം സ്‌നേഹമായിരുന്നുവെന്ന് വിസ്‌മരിക്കരുത്.
കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു വിശാലമായ ഹിന്ദു സാമ്രാജ്യം സൃഷ്‌ടിക്കാന്‍ ശിവാജിക്കു കഴിഞ്ഞു. ഒപ്പം ദുര്‍ബലന്മാരായിത്തീര്‍ന്ന മുസ്ലീം രാജാക്കന്മാരുടെ രാജ്യങ്ങളില്‍നിന്ന് ശിവാജിയുടെ റവന്യൂ ഉദ്യോഗസ്ഥന്മാര്‍ കരവും പിരിച്ചിരുന്നു. മുഗള്‍-ഡക്കാണ്‍ സുല്‍ത്താന്മാരുടെ ആക്രമണത്തിന്റെ വീര്യം കുറഞ്ഞു തുടങ്ങിയപ്പോള്‍ അദ്ദേഹം 1674 ജൂണ്‍ 6ന് രാജഗൃഹത്തില്‍വെച്ച് ഛത്രപതിയായി സിംഹാസനാരോഹണം നടത്തുകയും ചെയ്‌തു. വടക്ക് സൂറത്ത് മുതല്‍ തെക്ക് കാര്‍വാര്‍വരെയും, ബല്‍ഗാം, നാസ്സിക്ക്, പൂന, കോല്‍ഹാപ്പൂര്‍ എന്നിവ ചേര്‍ന്ന വിപുലമായ ഈ സാമ്രാജ്യം മുഗള്‍സാമ്രാജ്യത്തേക്കാള്‍ വിപുലമായിരുന്നു.
ദക്ഷിണ ഭാരതത്തിലെ യുദ്ധങ്ങള്‍ അറംഗസീബിന്റെയും മുഗള്‍ സാമ്രാജ്യത്തിന്റെയും ശവപ്പറമ്പായിരുന്നു എന്ന് വി.ഏ.സ്‌മിത് അഭിപ്രായപ്പെട്ടിരിക്കുന്നു. ശരിയായ അര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ഛത്രപതി ശിവാജിയുമായും തുടര്‍ന്ന് പേഷ്വാമാരുമായും നടത്തിയ യുദ്ധങ്ങളായിരുന്നു മുഗളസാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയത്.
ഛത്രപതി തന്റെ വിപുലമായ രാജ്യത്തെ ഭരിക്കുന്നതിനുവേണ്ടി അഷ്‌ടപ്രധാന്‍ എന്ന പേരില്‍ ഒരു മന്ത്രിസഭ ഉണ്ടാക്കിയിരുന്നു. ഇതില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ ഉണ്ടായിരുന്നു. എട്ട് ആളുകളും വ്യത്യസ്‌തങ്ങളായ വകുപ്പുകളുടെ ഭരണച്ചുമതലക്കാരായിരുന്നു. ചുരുക്കത്തില്‍ ആധുനികമായ ഒരു ഭരണയന്ത്രം സ്ഥാപിക്കുന്നതിന് ശിവാജിക്ക് കഴിഞ്ഞു എന്ന് സാരം. മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപന ഉദ്ദേശ്യം ശിവാജിയുടെ മരണശേഷം മുതല്‍ 1761ലെ മൂന്നാം പാനിപ്പട്ട് യുദ്ധം വരെ തുടര്‍ന്നുപോന്നിരുന്നത് പേഷ്വാമാരായിരുന്നു. ചുരുക്കത്തില്‍ അഷ്‌ടപ്രധാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തില്‍ നിന്നുടലെടുത്തതാണ്.
ഛത്രപതി ശിവാജിയെപ്പറ്റി സമഗ്രമായി പഠിച്ച ചരിത്രപണ്ഡിതനാണ് ജെ.എന്‍.സര്‍ക്കാര്‍ എന്നു വിളിക്കപ്പെടുന്ന ജാദു നാഥ് സര്‍ക്കാര്‍. അദ്ദേഹം പറയുന്നു. ശിവാജിയില്‍ പ്രകടമായിരുന്ന രചനാത്മകപ്രതിഭ ആധുനികകാലത്തെ മറ്റു ഹിന്ദുക്കളില്‍ കാണ്മാനാവില്ല. ഹിന്ദുക്കള്‍ക്ക് രാജ്യം ഉണ്ടാക്കാം, രാഷ്‌ട്രം നിര്‍മ്മിക്കാം, ശത്രുക്കളെ തുരത്താം, സ്വന്തം സാഹിത്യം, വ്യവസായം, വാണിജ്യം, കല എന്നിവകളെ സംരക്ഷിക്കാം, വിദേശികളെപ്പോലെ തന്നെ നാവിക വ്യാപാരം നടത്താം. ആധുനിക ഹിന്ദുവിന് ഔന്നത്യങ്ങളിലേക്ക് ഉയരാം എന്നിവയാണ് ഛത്രപതി ശിവാജിയില്‍ നിന്ന് നമുക്കുള്‍ക്കൊള്ളാനാകുന്നത്. ചുരുക്കത്തില്‍ ശിവാജിയായിരുന്നു നമ്മുടെ രാഷ്‌ട്ര സങ്കല്‌പത്തെ ആദ്ധ്യാത്മികതയില്‍ നിന്ന് പ്രായോഗിക രാഷ്‌ട്ര സങ്കല്‌പത്തിലെത്തിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍വരെ ഹിന്ദുവിന്റെ രാഷ്‌ട്ര സങ്കല്‌പം ആദ്ധ്യാത്മികാധിഷ്‌ഠിതം മാത്രമായിരുന്നു. മുഹമ്മദ് ഘോറിയുടെ പൈശാചികവും ക്രൂരവുമായ ഭാരത ആക്രമണം ഈ പരമ്പരാഗത രാഷ്‌ട്ര സങ്കല്‌പത്തെ പുനര്‍നിര്‍വചിക്കാന്‍ പ്രേരിതമാക്കി. അതില്‍ ഹരിഹരനും, ബുക്കനും, ശിവാജിയുമൊക്കെ രാഷ്‌ട്ര സങ്കല്‌പത്തെ രാജനൈതികതയിലേക്കുകൂടി വ്യാപിക്കുന്നതിന് മുന്‍പോട്ടുവന്ന ശ്രേഷ്‌ഠവ്യക്തിത്വങ്ങളാണ്.
ഒരു ജാഗിര്‍ദാറുടെ മകനായി ജനിച്ച ശിവാജിയുടെ വിജയം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഉന്നത നിലവാരമുള്ള ഒരു സന്മാര്‍ഗ്ഗിയും, സമര്‍പ്പിതനായ പുത്രനും സ്‌നേഹനിധിയായ പിതാവും, ശ്രദ്ധാലുവായ ഭര്‍ത്താവുമായിരുന്നു ശിവാജി എന്ന് ജെ.എന്‍.സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാഫിഖാന്‍ എന്ന മുഗള്‍ കൊട്ടാരം ചരിത്രകാരന്‍പോലും അദ്ദേഹം സ് ത്രീകള്‍ക്ക് കല്‌പിച്ചിരുന്ന മാന്യതയേയും, ഒപ്പം അദ്ദേഹത്തിന്റെ പടയാളികളെ മാന്യന്മാരും ധര്‍മ്മചിന്തയുള്ളവരുമായി പരിശീലിപ്പിച്ചിരിക്കുന്നതിനെയും ശ്ലാഘിക്കുന്നുണ്ട്. ഛത്രപതി ശിവാജി തന്റെ സൈന്യത്തെ സുസജ്ജവും, അച്ചടക്കമുള്ളതും യുദ്ധമര്യാദകള്‍ പാലിക്കുന്നവരുമാക്കി മാറ്റിയതിലൂടെ അവരുടെ കാര്യക്ഷമത മുസ്ലീംസൈന്യങ്ങളുടേതിനേക്കാള്‍ ഏറെ മുന്തിയതായിരുന്നു എന്നു കാഫിഖാന്‍ സാക്ഷ്യപ്പെടുത്തുന്നു. കാഫിഖാന്‍ തുടരുന്നു. അതുകൊണ്ടുതന്നെ ഈ ഹിന്ദുസൈന്യങ്ങള്‍ പരാജിത രാജ്യത്തെ ജനങ്ങളോടും സൈന്യങ്ങളോടും മാന്യമായി പെരുമാറിയിരുന്നു.
Discussion about this post