തിരുവനന്തപുരം: അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. അനര്‍ഹരായ 16,000 ത്തോളം കുടുംബങ്ങളുടെ ബി.പി.എല്‍. കാര്‍ഡുകള്‍ റദ്ദുചെയ്യാനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. വന്‍ വരുമാനക്കാരായ പതിനായിരക്കണക്കിന് പേര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണെന്ന് മുന്‍പ് കണ്ടെത്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. 24,000 പേരുടെ കാര്‍ഡുകള്‍ ഇത്തരത്തിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഇതില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിനിമാതാരങ്ങള്‍, വിദേശമലയാളികള്‍, വ്യാപാരികള്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നു.
അനര്‍ഹരായ വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുകള്‍ ജനുവരി 15 നകം തിരിച്ചേല്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ഇതില്‍ 8,000 ത്തോളം പേര്‍ മാത്രമാണ് നിര്‍ദേശം പാലിച്ച് എ.പി.എല്‍. വിഭാഗത്തിലേക്ക് മാറിയത്. ഈ സാഹചര്യത്തിലാണ് ബാക്കിയുള്ളവ റദ്ദുചെയ്യാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവിട്ടത്.
Discussion about this post