സ്വാമി സത്യാനന്ദ സരസ്വതി
ശ്രദ്ധാത്രൈവിധ്യം
ശ്രദ്ധ –ജീവിതവിജയത്തിന്
”ശ്രദ്ധയാ പരയാ തപ്തം തപസ്തത് ത്രിവിധം നരൈഃ
അഫലാകാംക്ഷിഭിര്‍ യുക്തൈഃ സാത്വികം പരിചക്ഷതേ” –
‘മനോവാക്കായങ്ങളിലൂടെ അനുഷ്ഠിക്കുന്ന ഏതൊരുകര്‍മവും ശ്രദ്ധയോടും ഫലകാംക്ഷയില്ലാതെയും നിര്‍വഹിക്കേണ്ടതാണ്. അങ്ങനെയുള്ള കര്‍മങ്ങളെ സാത്വികകര്‍മങ്ങളെന്നു വിളിക്കുന്നു.’ ഏതൊരു കര്‍മത്തിന്റെയും ഗുണഭോക്തൃത്വം ശ്രദ്ധയിലൂടെ മാത്രമാണ് സംഭവിക്കുന്നത്. ഫലം നന്മയായാലും തിന്മയായാലും ശ്രദ്ധകൂടാതെയുള്ള ധര്‍മനിര്‍വഹണം ആപത്കരമാണ്. ഇന്ദ്രിയങ്ങളെ പ്രയോഗിക്കുന്നതിനും നിഗ്രഹിക്കുന്നതിനും ശ്രദ്ധ അത്യാവശ്യമാണ്.
ശരീരത്തില്‍ ദശപ്രാണന്മാരും ദശേന്ദ്രിയങ്ങളും ബന്ധപ്പെട്ടാണ് കര്‍മം നിര്‍വഹിക്കുന്നത്. ചെയ്യുന്ന കര്‍മങ്ങള്‍ വികാരരഹിതമോ വികാരസഹിതമോ ആകാം. ഫലം രണ്ടിനും വ്യത്യസ്തമാണ്. ശ്രദ്ധ രാജസിയാണെങ്കില്‍ ഫലം ദുഃഖപൂര്‍ണവും സാത്വികിയാണെങ്കില്‍ ദുഃഖരഹിതവുമാണ്. ഇന്ദ്രിയങ്ങളുടെ വൃത്തികളെ ബുദ്ധിയുടെ സഹായത്തോടെ നിയന്ത്രിക്കുന്നത് ശ്രദ്ധയാണ്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ ജീവന്റെ സ്ഥാനം വഹിക്കുന്നു. സര്‍വരാചരങ്ങളിലും ശ്രദ്ധ കര്‍മാനുസൃതമായ സ്വഭാവത്തോടെ വ്യാപരിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ നോക്കുന്ന മൃഗങ്ങളും പക്ഷികളും ശ്രദ്ധാപൂര്‍വം അത് നിര്‍വഹിക്കുന്നു. ജീവന്റെ അതിസൂക്ഷ്മസംസ്‌കാരമായ തപസ്സ് ശ്രദ്ധതന്നെയാണ്. ശ്രദ്ധയിലൂടെയാണ് അത് വളരുന്നത്. ശ്രദ്ധയില്‍കൂടെയാണത് നിലനില്‍ക്കുന്നതും. ജീവനെ വസ്തുപരതയിലേക്ക് ബന്ധിപ്പിക്കുന്നതും വസ്തുപരതയില്‍ നിന്ന് ഭാവപരതയിലേയ്ക്കുയര്‍ത്തുന്നതും ശ്രദ്ധതന്നെയാണ്. മനുഷ്യനില്‍ മാത്രമല്ല, സര്‍വചരാചരങ്ങളിലും ശ്രദ്ധ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗുണഭേദങ്ങളെ ആസ്പദമാക്കി വ്യവഹരിക്കപ്പെടുന്ന ശ്രദ്ധ ത്രിവിധങ്ങളായി വിഭജിച്ചുവെന്ന് നേരത്തെ പ്രസ്താവിച്ചുവല്ലോ.
ശ്രദ്ധയും സൃഷ്ടികലയും
ശാശ്വതപരമാണുവില്‍ സൂക്ഷ്മദശയില്‍ കഴിഞ്ഞുകൂടുന്ന ജീവന്‍മുക്തിയെ പ്രാപിക്കുന്നതുവരെ വാസനാബന്ധമായിത്തന്നെയിരിക്കുന്നു. വസ്തുക്കളില്‍ നിന്ന് ജീവന്‍ സമ്പാദിച്ച സംസ്‌കാരമാണ് വാസന. അനുകൂലപശ്ചാത്തലത്തില്‍ അതു ക്രിയായുക്തമാവുകയാണ് ചെയ്യുന്നത്. ഇച്ഛയ്ക്കും ക്രിയയ്ക്കും ആവശ്യമായ അറിവിലാണ് ജീവന്‍ വസ്തുസംസ്‌കാരത്തെ സൂക്ഷിച്ചിരിക്കുന്നത്. അണു മുതല്‍ മുകളിലേക്കുള്ള എല്ലാ ജീവരാശികളിലും വസ്തുക്കളുടെ സൂക്ഷ്മഗുണാംശമായ വാസനയെ സൂക്ഷിക്കുന്ന പ്രക്രിയയുണ്ട്. അനുകൂലപരിതസ്ഥിതി വരുന്നതുവരെ അതീവ ശ്രദ്ധയോടെയാണ് വസ്തുഗുണങ്ങളെ സൂക്ഷിച്ചുവച്ചിരിക്കുന്നത്. ജീവനും വസ്തുസ്വരൂപമായ വാസനയും തമ്മിലുള്ള ഈ ബന്ധത്തില്‍ നിന്നാണ് മുളച്ചോ പ്രസവിച്ചോ ഉത്പന്നമാകുന്ന സമസ്ത ജീവരാശികളുടേയും പ്രഭവം. ഇങ്ങനെ അതിസൂക്ഷ്മമായ പരമാണുഘട്ടം മുതല്‍. ജീവനും വസ്തുവും തമ്മില്‍ ബന്ധം ശ്രദ്ധയാല്‍ ബന്ധപ്പെട്ടിരിക്കുന്നു. ജീവന്റെ സംസ്‌കാരമായ ഈ ശ്രദ്ധ എവിടെയാണോ നഷ്ടപ്പെടുന്നത് അവിടെ ശരീരോല്പത്തി തന്നെ പ്രയാസമായിത്തീരും. വിത്തുമുളച്ചുവളര്‍ന്നു വികസിക്കുന്നതിനും ജീവനും വസ്തുവും തമ്മിലുള്ള അഭേദ്യമായ ബന്ധം നിലനില്‍ക്കണം. പ്രപഞ്ചത്തിന്റെ സൃഷ്ടികലയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഈ ശ്രദ്ധ മനുഷ്യജീവിതതത്തിലെത്രത്തോളമാവശ്യമാണെന്ന് ഇതിനാല്‍ ചിന്തിക്കേണ്ടതാണ്.
”മയ്യാവേശ്യ മനോ യോ മാം നിത്യയുക്താ ഉപാസതേ
ശ്രദ്ധയാ പരയോപേതാസ്‌തേ മേ യുക്തതമാ മതാഃ”
-‘എന്നില്‍ അര്‍പ്പിക്കപ്പെട്ട മനസ്സോടുകൂടി എന്നെ സങ്കല്പിച്ചുചെയ്യുന്ന കര്‍മങ്ങളുടെ ഫലം എന്നില്‍തന്നെ സമര്‍പ്പിച്ച് സാത്വികമായ ശ്രദ്ധയോടുകൂടി എന്നെ ഉപാസിക്കുന്നവര്‍ ശ്രേഷ്ഠന്മാരാണെന്ന് എനിക്ക് സമ്മതമാകുന്നു.’ മേല്‍പ്പറഞ്ഞ ഭഗവദ്‌വചനങ്ങളില്‍ ശ്രദ്ധയുടെ പ്രാധാന്യവും വൈശിഷ്ട്യവും വ്യക്തമായി പ്രസ്താവ്യമായിട്ടുണ്ട്. എന്നില്‍തന്നെ അര്‍പിക്കപ്പെട്ട മനസ്സ് എന്നുള്ളിടത്തും ശ്രദ്ധയുടെ പ്രാധാന്യം എടുത്തുപറയുവാനുണ്ട്.
ശ്രദ്ധയെസംബന്ധിച്ച് അനേകം ഉപന്യാസങ്ങള്‍ എഴുതിയാലും അതിന്റെ ഏകത്വവും നാനാത്വവും വര്‍ണിക്കുക സാധ്യമല്ല. ജീവാത്മാവിന്റെ സര്‍ഗശക്തിയില്‍ നിക്ഷിപ്തമായിരിക്കുന്ന പ്രപഞ്ചബീജം ശ്രദ്ധയെന്ന തപസ്സിനെയാശ്രയിച്ചാണ് പുനരുജ്ജീവനത്തിന് തയ്യാറാകുന്നത്. വിശിഷ്ടകര്‍മങ്ങളാചരിക്കുന്നതിനൂം നിഷിദ്ധകര്‍മങ്ങള്‍ നിരാകരിക്കുന്നതിനും ശ്രദ്ധ ആവശ്യമാണ്. കുടുംബജീവിതത്തിന്റെ വിജയം, ധര്‍മകര്‍മനിര്‍വഹണം, സമൂഹത്തിന്റെ കെട്ടുറപ്പ്, രാശഷ്ട്രത്തിന്റെ പുനര്‍നിര്‍മാണം, ശാസ്ത്രപഠനം തുടങ്ങി വേദാന്തത്തിന്റെ ഉപരിലോകപരിവൃത്തിക്കും പ്രജ്ഞാവികാസത്തിനും ശ്രദ്ധയുടെ പ്രാധാന്യം മഹത്തരമാണ്. മേല്പറഞ്ഞ ഉദാഹരണങ്ങളിലെല്ലാം സജീവമായി വര്‍ത്തിക്കുന്നത് സാത്വികീസ്വഭാവത്തോടുകൂടിയ ശ്രദ്ധാവിഭാഗമാണ്. എന്നാല്‍ ശ്രദ്ധ രാജസിയും താമസിയുമുണ്ടല്ലോ.
Discussion about this post