എരുമേലി: കെഎസ്ആര്‍ടിസിക്കായി എരുമേലിയില്‍ ഉന്നത നിലവാരമുള്ള ഡിപ്പോയും ബസ് സ്റ്റാന്‍ഡും നിര്‍മിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. മോഹന്‍ലാല്‍ പറഞ്ഞു. ഇന്നലെ എരുമേലിയില്‍ പി.സി. ജോര്‍ജ് എംഎല്‍എയുമായി ഡിപ്പോ സംബന്ധിച്ച് റസ്റ്റ് ഹൌസില്‍ ചര്‍ച്ച നടത്തിയതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ഥാടന പ്രാധാന്യം മുന്‍നിര്‍ത്തിയാണ് ഡിപ്പോ അനുവദിക്കുന്നത്. തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കാനുള്ള സൗകര്യങ്ങള്‍ ഡിപ്പോയില്‍ സജ്ജമാക്കും. കെട്ടിട സമുച്ചയത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി സമഗ്ര രൂപരേഖ ഡിസൈന്‍ ചെയ്യും.
എല്ലാ രീതിയിലും മതിയായ സൌകര്യങ്ങള്‍ ഉള്ള ഡിപ്പോയായിരിക്കും എരുമേലിയിലേത്. ഡീസല്‍ ബങ്ക്, വിപുലമായ വര്‍ക്ക് ഷോപ്പ് ഗാരേജ് എന്നിവയുണ്ടാകും. അനുയോജ്യമായ അഞ്ചേക്കര്‍ സ്ഥലം ലഭിച്ചാലുടന്‍ സമയബന്ധിതമായി ഇവയെല്ലാം പൂര്‍ത്തിയാക്കും. പഞ്ചായത്താണ് സ്ഥലമെടുത്ത് നല്‍കേണ്ടത്. സര്‍വീസുകളുടെ വിപുലമായ ശൃംഖലതന്നെ ഡിപ്പോയാകുന്നതോടെ ഉണ്ടാകുമെന്നും മാനേജിംഗ് ഡയറക്ടര്‍ കെ.ജി. മോഹന്‍ലാല്‍ പറഞ്ഞു.
റാന്നിയിലെ ഓപ്പറേറ്റിംഗ് സെന്റര്‍ സന്ദര്‍ശിച്ചതിനുശേഷമാണ് അദ്ദേഹം എരുമേലിയിലെത്തിയത്. എരുമേലിയില്‍ ഡിപ്പോയ്ക്കായി ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയതിനുശേഷം മുണ്ടക്കയത്ത് ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുത്തന്‍ചന്തയിലെ ബസ് സ്റ്റാന്‍ഡ് പരിശോധിച്ചു.
Discussion about this post