തിരുവനന്തപുരം: പോലീസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന സുരക്ഷാ കമ്മീഷന്റെ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 54,000 പേരാണ് പോലീസ് സേനയില്‍ ഉള്ളത്. ഇത് 68,000 എങ്കിലുമാക്കി ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പോലീസ് സ്റ്റേഷനുകളില്‍ കുറ്റാന്വേഷണവും ക്രമസമാധാന പരിപാലനവും വേര്‍തിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് പോലീസ് സ്റ്റേഷനുകളില്‍ ഇത് നടപ്പിലാക്കും. ഓരോ പോലീസ് സ്റ്റേഷനിലുമുള്ള കേസുകളുടെ എണ്ണം വിലയിരുത്തി എത്ര പോലീസ് സ്റ്റേഷനുകളിലാണ് ഇത് നടപ്പിലാക്കാന്‍ കഴിയുക എന്ന് പരിശോധിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. തീവണ്ടിയില്‍ സുരക്ഷയ്ക്കായി സംസ്ഥാന പോലീസിനെ നിയോഗിക്കുന്നതിന് റെയില്‍വേയുടെ സഹകരണം പൂര്‍ണമായി ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസുകാര്‍ക്ക് പാസ് അനുവദിക്കാമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടായില്ല. സംസ്ഥാന പോലീസിനെ തീവണ്ടിയില്‍ ടിക്കറ്റെടുത്ത് സുരക്ഷയ്ക്ക് നിയോഗിക്കേണ്ട സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാളകം സംഭവത്തിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്രമന്ത്രിമാര്‍ വഴിയും മറ്റും സിബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് വാളകം സംഭവം യോഗത്തില്‍ ഉന്നയിച്ചത്.ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ആക്ട് പ്രകാരമുള്ള കമ്മറ്റികള്‍ രൂപീകരിക്കാനും പോലീസിന്റെ പ്രകടനം വിലയിരുത്താനുള്ള മറ്റ് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post