തിരുവനന്തപുരം: കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ. റയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പണിമുടക്കില്‍ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് തുടങ്ങിയ പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം പങ്കുചേരുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനോ വാഹനങ്ങള്‍ ഓടുന്നതിനോ തടസ്സമുണ്ടായിരിക്കില്ല.
എന്നാല്‍ എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുമെന്നു സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു. വിവിധ ഫെഡറേഷനുകള്‍, സര്‍വീസ് സംഘടനകള്‍, സംസ്ഥാനതല യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയും പിന്തുണ പ്രഖ്യാപിച്ചു.
തൊഴിലാളിവിരുദ്ധ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ ഒന്‍പതു യൂണിയനുകളില്‍ ഏഴും പണിമുടക്കില്‍ പങ്കുചേരുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കടാചലം അറിയിച്ചു. ബാങ്കിങ് സേവനം തടസ്സപ്പെട്ടേക്കാമെന്ന് എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post