കൊച്ചി: ശബരിമലയില്‍ അരവണ നിറയ്ക്കാന്‍ പേപ്പര്‍ കാനിനു പകരം ലോഹനിര്‍മിത കാന്‍ ഉപയോഗിക്കുന്നത് ആലോചിക്കണമെന്നു ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ സീസണില്‍ അരവണ ടിന്‍ പൊട്ടിത്തെറിക്കാനുള്ള കാരണം ശര്‍ക്കരയില്‍ പഞ്ചസാരയുടെ അംശം കുറഞ്ഞതാണ്. തിളയ്ക്കാനും തണുക്കാനുമുള്ള നിശ്ചിത സമയക്രമം പാലിക്കാനാകാതെ വന്നതിനാല്‍ അരവണയില്‍ ജലാംശം കൂടിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അരവണ പ്ലാന്റ് പരിശോധിച്ചു. തിരക്കു ക്രമാതീതമായി കൂടിയതിനാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തിളയ്ക്കാനും തണുക്കാനുമുള്ള സമയം പാലിക്കാനായില്ല. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്കു കൃത്യമായ പരിശീലനം നല്‍കേണ്ടതുണ്ട്. അരവണ നിര്‍മാണം ഫലപ്രദമാക്കാന്‍ ജോയിന്റ് ഫുഡ് സേഫ്ടി കമ്മിഷണറുടെ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ പരാതിക്കിടയുണ്ടാവില്ല. ഓരോ അരവണക്കൂട്ടിലും ആവശ്യമായ ശര്‍ക്കരയുടെ അളവ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തണം.
ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ശബരിമലയിലും പമ്പയിലും പരിശോധന തുടങ്ങാമെന്നു സമ്മതിച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ പഞ്ചസാരയുടെ അംശം കുറവെന്നു കണ്ടാല്‍ അത് നിരസിച്ച്, അത്തരം ശര്‍ക്കര എത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. നിലവിലെ പ്ലാന്റ് പഴയതായതിനാല്‍ പുതിയത് അനിവാര്യമാണ്. പ്ലാന്റില്‍ സ്ഥലദൗര്‍ലഭ്യമുണ്ടെന്നും ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് ആര്‍. ഭാസ്‌ക്കരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post