തിരുവനന്തപുരം: മടവൂര്‍പ്പാറ പ്രദേശവാസികള്‍ക്ക് മൂന്നുദിവസമായി ഉത്സവലഹരി പകര്‍ന്നു നല്‍കിയ ഗ്രാമോത്സവത്തിന് കൊടിയിറങ്ങി. കേരള ഫോക്‌ലോര്‍ അക്കാദമിയും പുരാവസ്തു വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ തനത്കലാരൂപങ്ങളായ പടയണിയും തിരിയുഴിച്ചലും, ചരടുപിന്നിക്കളിയും മൊന്തയും താലവും കളിയും കോലാട്ടക്കളിയും കനാര്‍കേളന്‍ തെയ്യവും നാടന്‍ പാട്ടുമേളയുമെല്ലാം ആസ്വദിക്കാന്‍ നൂറുകണക്കിനാളുകളാണ് പ്രക്യതിഭംഗി വഴിഞ്ഞൊഴുകുന്ന മടവൂര്‍ പാറയിലെത്തിയത്. മാര്‍ക്കണ്ടേയനെ വധിക്കാനെത്തിയ ശിവന്റെ തെയ്യവും ശ്രീക്യഷ്ണന്റെ ബാല്യകാല കേളികളുമായി ബന്ധപ്പെട്ട ചരടുപിന്നിക്കളിയും, സര്‍പ്പശാപം തീര്‍ക്കാനായി പുള്ളുവര്‍ നടത്തുന്ന തിരിയുഴിച്ചിലും, വയനാട്ടുകുലവന്‍ ദൈവമായ കനാര്‍ കേളന്‍ തെയ്യവുമെല്ലാം കൗതുകത്തോടെ ആസ്വദിക്കുകയും ചെയ്തു. വെളളിയാഴ്ച എം.എ.വാഹീദ് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പട്ടികവര്‍ഗ്ഗ വികസന യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മടവൂര്‍പ്പാറയുടെ സമഗ്രമായ വികസനത്തിന് തന്റെ വകുപ്പില്‍ നിന്നും എല്ലാവിധ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. പുരാവസ്തു വകുപ്പ് സൂപ്രണ്ട് സി.എസ്.അനില്‍കുമാര്‍ സ്വാഗതവും കൗണ്‍സിലര്‍മാര്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍സംസാരിച്ചു.
Discussion about this post