കൊല്ലം: കപ്പലിടിച്ച് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെത്തി. പള്ളിത്തോട്ടം സ്വദേശി സന്തോഷി (28) ന്റെ മൃതദേഹമാണ് കിട്ടിയത്.മറ്റു രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
നാവികസേനയുടെ സ്‌കാനിങ് കപ്പലായ സര്‍വേക്ഷക് ആണ് അപകടമുണ്ടായ ഭാഗത്തുനിന്ന് കഴിഞ്ഞദിവസം ബോട്ട് കണ്ടെത്തിയത്. കടലില്‍ 47 മീറ്റര്‍ ആഴത്തിലാണ് ബോട്ട് കിടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബോട്ട് കണ്ടെത്തിയത്. നാവികസേനതന്നെ മുങ്ങല്‍വിദഗ്ധരെ എത്തിച്ചെങ്കിലും ബോട്ട് ക്യാബിന്‍ തകര്‍ന്ന് എണ്ണ ചോരുന്ന നിലയിലായിരുന്നെന്ന് നാവിക അധികൃതര്‍ പറഞ്ഞു. മണ്ണുമൂടിയ നിലയിലുള്ള ബോട്ട്, പൊക്കിയെടുക്കാനാകാത്തവിധം മത്സ്യബന്ധനവല കുരുങ്ങിക്കിടക്കുകയാണ്. ഇന്നുച്ചയോടെ ബോട്ട് പൊക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് നാവികസേന അറിയിച്ചു.
കൊല്ലം, പള്ളിത്തോട്ടം തോപ്പില്‍ ബേബിച്ചന്‍ (32), ചവറ കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ് (34) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഇന്ത്യക്കാരനായ രോഹിത് ടൊലാനിയുടെ ഉടമസ്ഥതയിലുള്ള ടൊലാനി ഷിപ്പിംഗ് കമ്പനിയുടെ പ്രഭുദയ എന്ന കപ്പലാണെന്നാണ് സൂചന. ഗോവയില്‍നിന്ന് സിംഗപ്പൂരിലേക്ക് ആലപ്പുഴ തീരം വഴി ചരക്കുമായി പോകുനോഴാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു.
Discussion about this post