തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആറാം ദര്‍ശനത്തിന് അഭൂതപൂര്‍വമായ തിരക്ക്. ഉത്സവം തുടങ്ങിയശേഷം ഏറ്റവും തിരക്കുണ്ടായ ദിവസമായിരുന്നു ഞായറാഴ്ച. ഏകദേശം കിള്ളിപ്പാലം പി.ആര്‍.എസ്. റോഡുവരെ ദര്‍ശനത്തിനായുള്ള വരി നീണ്ടു. തിരക്കു പ്രമാണിച്ച് റോഡുകളില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തി. ക്ഷേത്രപരിസരത്തും റോഡുകളിലും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി. ക്ഷേത്രത്തിനകത്ത് 16 നിരീക്ഷണ ക്യാമറകള്‍, പുറത്ത് 16 സി.സി.ടി.വി, നൂറില്‍പ്പരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പക്കല്‍ പ്രത്യേക മൂവിക്യാമറകള്‍ എന്നിവയാണ് സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തിരക്കേറിയതോടെ ആറ്റുകാലില്‍ 4000 പോലീസുകാരെ വിന്യസിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും മഫ്ടി, ഷാഡോ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ക്ഷേത്രദര്‍ശനത്തിന് ആന്ധ്ര, മൈസൂര്‍, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും ഇത്തവണ ഒട്ടേറെ ഭക്തജനങ്ങള് എത്തുന്നുണ്ട്. പത്തോളം ബസ്സുകളാണ് ആന്ധ്രയില്‍നിന്നും ആറ്റുകാലിലേക്ക് എത്തിയത്. മൈസൂറില്‍നിന്ന് അഞ്ച് വലിയ ബസ്സുകളില്‍ സന്ദര്‍ശകരെത്തി. കര്‍ണാടകയില്‍ നിന്ന് ആറ് ബസ്സുകളിലാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തിയത്. പൊങ്കാല കഴിഞ്ഞേ ഇനി ഈ സംഘങ്ങള്‍ മടങ്ങുകയുള്ളൂ.
പൊങ്കാല ദിവസം നഗരത്തില്‍ അത്യാഹിത സേവനത്തിനായി 30 ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ശിവസേന പത്രക്കുറിപ്പില്‍ അറിയിച്ചു. കിഴക്കേകോട്ട, കിഴക്കേനട, പടിഞ്ഞാറേ നട, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുളങ്ങര, മണക്കാട്, ആറ്റുകാല്‍ ക്ഷേത്രം, കരമന, കാലടി തുടങ്ങി 30 സ്ഥലങ്ങളില്‍ ആംബുലന്‍സുകള്‍ നിരത്തിലുണ്ടാകും. മെഡിക്കല്‍ കോളേജിലെയുംസ്വകാര്യ ആസ്പത്രികളിലെയും 20 ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തില്‍ 5 മെഡിക്കല്‍ ക്യാമ്പുകളും പൊങ്കാലയോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. സേവനങ്ങള്‍ക്ക് 0471-2460100, 0471-2465758, 9447749300 എന്നീ ഫോണുകളില്‍ ബന്ധപ്പെടണം.
Discussion about this post