തൃപ്പൂണിത്തുറ: ചോറ്റാനിക്കരയമ്മയ്ക്കു മുന്നില്‍ നാമജപവുമായെത്തിയ ഭക്തസഹസ്രങ്ങള്‍ മകംതൊഴുതു മടങ്ങി. കുംഭമാസത്തിലെ മകം നാളായ ഇന്ന് ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് മകംതൊഴല്‍ തുടങ്ങിയത്. കീഴ്ക്കാവില്‍ പ്രതിഷ്ഠയ്‌ക്കെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് ചോറ്റാനിക്കര ദേവി ദര്‍ശനമരുളിയതിന്റെ സ്മരണയിലാണ് മകംതൊഴല്‍. ആദ്യദര്‍ശനവേളയില്‍ കാണപ്പെട്ട രൂപത്തില്‍ തയാറാക്കിയ തങ്കഗോളകയാണ് ഇന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നത്.
ഇന്നു രാവിലെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടു കഴിഞ്ഞ് എന്‍എസ്എസ് കരയോഗത്തിനു മുന്നില്‍ പറ നിറയ്ക്കലിനും ഏഴ് ഗജവീരന്മാര്‍ അണിനിരന്ന മകം എഴുന്നള്ളിപ്പിനും ശേഷം ദേവി അകത്തേക്ക് എഴുന്നള്ളിയതോടെ മകം ഒരുക്കങ്ങള്‍ക്കായി നട അടച്ചു. വിശേഷപ്പെട്ട തങ്ക ഗോളകയും സ്വര്‍ണാഭരണങ്ങളും പട്ടുടയാടകളും അണിയിച്ച് അഭയവരദ മുദ്രകളോടെ നെയ്‌വിളക്ക് തെളിയിച്ച് ദേവിയെ ദര്‍ശനത്തിനൊരുക്കിയ ശേഷമാണ് മേല്‍ശാന്തി ശ്രീകോവില്‍ നട തുറന്നത്. ഇതോടെ ക്ഷേത്രത്തിനു ചുറ്റും ഭക്തജന സഹസ്രങ്ങള്‍ ദേവീ മന്ത്രങ്ങളുമായി ഭക്തി ലഹരിയിലമര്‍ന്നു. പടിഞ്ഞാറേ ഗോപുരത്തിലൂടെ സ്ത്രീകളെ മാത്രമായും പൂരപ്പറമ്പില്‍ നിന്നും പുരുഷന്മാരെയും സ്ത്രീകളെയും ദര്‍ശനത്തിനായി പ്രത്യേകം ഒരുക്കിയിട്ടുള്ള ബാരിക്കേഡുകളിലൂടെ അകത്തേക്കു കടത്തിവിട്ടാണ് തിരക്ക് നിയന്ത്രിച്ചത്.
‘അമ്മേ നാരായണ, ദേവീ നാരായണ, ഭദ്രേ നാരായണ വിളികളോടെയാണ് കാണിക്ക അര്‍പ്പിച്ച് ഭക്തസമൂഹം ദേവീകടാക്ഷം തേടിയത്. മകംതൊഴല്‍ ഇന്നു രാത്രി ഒന്‍പതു മണി വരെ നീളും. കാണിക്കയിടാനും പറനിറയ്ക്കാനും അഭൂതപൂര്‍വമായ തിരക്കാണ് ക്ഷേത്രത്തിലുണ്ടായത്. കീഴ്ക്കാവു ഭാഗത്തും വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേ നടയിലും ക്യൂവില്‍ ഭക്തര്‍ തിങ്ങിനിറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനം നോക്കുന്നതിനും മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ചോറ്റാനിക്കരയില്‍ വിന്യസിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു തുടങ്ങിയ ദര്‍ശനത്തിനായി ഇന്നലെ ഉച്ചമുതല്‍ തന്നെ പടിഞ്ഞാറേ നടയിലെ പന്തലില്‍ സ്ത്രീകള്‍ സ്ഥാനംപിടിച്ചിരുന്നു.
ദേവി പരാശക്തിയുടെ കാരുണ്യം ചൊരിയുന്ന മഹാസന്നിധാനമായാണ് ചോറ്റാനിക്കരയെ ഭക്തര്‍ കാണുന്നത്. നിര്‍മാല്യം മുതല്‍ ഉഷഃപൂജ വരെ സരസ്വതീദേവിയായും പിന്നീട് ജ്ഞാനസ്വരൂപിണിയും ഐശ്വര്യപ്രദായിനിയുമായ മഹാലക്ഷ്മിയായും തുടര്‍ന്ന് ദുഷ്ടനിഗ്രഹരൂപിയായ ദുര്‍ഗയായുമായി ചോറ്റാനിക്കരയമ്മയെ ദര്‍ശിക്കാം. തൃക്കാര്‍ത്തിക, കുംഭത്തിലെ മകം തൊഴല്‍, വിഷു വിളക്ക്, നവരാത്രി, മണ്ഡലകാലം എന്നിവയാണ് പ്രധാനം.
Discussion about this post