തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെതിരെ കേസെടുത്ത ഡി.സി.പിക്കും എസ്.ഐ മാര്‍ക്കുമെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍ ഫയലില്‍ സ്വീകരിച്ചു. പൊങ്കാല സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡി.സി.പി വി. സി. മോഹനന്‍, ഫോര്‍ട്ട് എസ്.ഐ എ.കെ. ഷെറി, തമ്പാനൂര്‍ എസ്.ഐ ആര്‍. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. യേശുദാസന്‍ വര്‍ഗീസ് എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.
പാതയോരയോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പരിധിയില്‍ നിന്ന് ആറ്റുകാല്‍ പൊങ്കാലയെ ഒഴിവാക്കിയിരുന്നിട്ടും പ്രതികള്‍ ഗൂഢാലോചന നടത്തി കേസെടുത്ത് പൊതുജന വികാരം വ്രണപ്പെടുത്തിയെന്നാണ് ഹര്‍ജികളില്‍ ആരോപിക്കുന്നത്.
ഡി.സി.പിക്കും ഫോര്‍ട്ട് എസ്.ഐ ക്കുമെതിരെ സമര്‍പ്പിച്ച ഹര്‍ജി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ. വിഷ്ണു വെള്ളിയാഴ്ച പരിഗണിക്കും. എന്നാല്‍ ഡി.സി.പിക്കും തമ്പാനൂര്‍ എസ്.ഐ ക്കുമെതിരെ സമര്‍പ്പിച്ച ഹര്‍ജി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.പി. സുനില്‍ ഏപ്രില്‍ 13-ന് മാത്രമേ പരിഗണിക്കൂ.
Discussion about this post