തിരുവനന്തപുരം: ജനാധിപത്യത്തെ അതിന്റെ പൂര്‍ണതയില്‍ അംഗീകരിക്കുന്ന ഉത്രാടം തിരുനാള്‍ ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. ലാളിത്യം, വിനയം, പെരുമാറ്റത്തിലെ മഹത്വം എന്നിവയാണു മറ്റുള്ളവരില്‍നിന്ന് അദ്ദേഹത്തെ വേര്‍തിരിക്കുന്ന പ്രത്യേകതകള്‍. വികസനത്തിന്റെ പുതിയ മുഖങ്ങള്‍ നമുക്കു പകര്‍ന്നു നല്കിയ വേറിട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും സ്പീക്കര്‍ പറഞ്ഞു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നവതി ആഘോഷങ്ങള്‍ നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. രാജവംശത്തില്‍ പിറന്നതുകൊണ്ടു മാത്രം കുലീനത ഉണ്ടാകണമെന്നില്ല. ഇന്നൊരു പഞ്ചായത്ത് മെമ്പറാകുമ്പോള്‍ കാണിക്കുന്ന അധികാരത്തിന്റെ ഹുങ്ക് കാണുമ്പോള്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ ലാളിത്യഭരണത്തെക്കുറിച്ച് ഓര്‍ത്തുപോകുമെന്നും സ്പീക്കര്‍ പറഞ്ഞു.
രാജാധികാരം കൈയാളിക്കൊണ്ടു ജനസേവനം ചെയ്ത ആളെന്ന രീതിയിലും രാജാധികാരമില്ലാതെ ജനസേവനം നടത്തുന്ന വ്യക്തിയെന്ന രീതിയിലും ഉത്രാടം തിരുനാള്‍ ശ്രദ്ധേയനാണെന്നു മുന്‍ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ രാജവംശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍, സ്വാമി പ്രകാശാനന്ദ, പി.പരമേശ്വരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post