കാളികാവ് (മലപ്പുറം): അറസ്റ്റ് വാറണ്ടുമായി വീട്ടിലെത്തിയ എസ്.ഐയെ വെടിവെച്ചുകൊന്ന പ്രതിയുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്തുള്ള തക്കംപള്ളി റബ്ബര്‍ എസ്‌റ്റേറ്റില്‍ നിന്ന് കണ്ടെത്തി. കാളികാവ് പോലീസ്‌സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി.പി. വിജയകൃഷ്‌ണനെ വെടിവെച്ച് കൊന്ന ചോക്കാട് പെടയന്താളിലെ അറങ്ങോടന്‍ മുജീബ്‌റഹ്മാന്റെയും (34) ഭാര്യ ഖമറുന്നീസയുടെയും മൃതശരീരങ്ങളാണ് പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. അവര്‍ പോലീസിനെ വിവരം അറിയിക്കയായിരുന്നു.
ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്‌തുവെന്നാണ് പ്രാഥമിക നിഗമനം. കാട്ടിനുള്ളിലെ എല്ലാ പാതകളും അടച്ചതോടെ പോലീസ് പിടിയിലാകുമെന്ന് ഭയന്നാകും ഇവര്‍ ജീവനൊടുക്കിയത്. ഇവരുടെ കുട്ടികളെ പോലീസ് കണ്ടെത്തി. അവര്‍ സുരക്ഷിതരാണ്.
സംഭവശേഷം പ്രതിയും കുടുംബവും കാടിനുള്ളിലേക്ക് ഓടിരക്ഷപ്പെട്ടിരുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12 മണിക്കാണ് സംഭവം. അതിനുശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതി ഭാര്യയെയും രണ്ടുമക്കളെയും കൂട്ടി ഓടിരക്ഷപ്പെട്ടത്. പ്രതിയെ പിടികൂടാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍, ഡിവൈ.എസ്.പി മാരായ കെ. സുദര്‍ശന്‍, വി.കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍സംഘമാണ് തിരച്ചില്‍ നടത്തിയത്.
വിവാഹത്തട്ടിപ്പ് വീരനായ പ്രതിക്കെതിരെ ഭാര്യമാരിലൊരാള്‍ മലപ്പുറം കുടുംബകോടതിയില്‍ നല്‍കിയ കേസിലെ വാറണ്ട് നടപ്പാക്കാനാണ് പോലീസ്‌സംഘം ഞായറാഴ്‌ച വീട്ടിലെത്തിയത്. കാളികാവ് എസ്.ഐ ടി. മനോഹരന്റെ നേതൃത്വത്തിലായിരുന്ന സംഘം അടച്ചിട്ട വീടിന്റെ വാതിലില്‍ മുട്ടി കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
തന്റെ കൈയില്‍ തോക്കുണ്ടെന്നും പിടികൂടാന്‍ ശ്രമിച്ചാല്‍ വെടിവെക്കുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന പ്രതിയെ അനുനയിപ്പിക്കാനായി മുന്നോട്ട് നീങ്ങിയപ്പോഴാണ് എസ്.ഐ വിജയകൃഷ്‌ണനെ ജനവാതില്‍ മറച്ചിരുന്ന ഷീറ്റ് നീക്കി പ്രതി വെടിവെച്ചത്.
വെടിയേറ്റ് എസ്.ഐ വീണതോടെ പോലീസുകാര്‍ ഓടിമാറി. വെടിയേറ്റുവീണ എസ്.ഐക്കുനേരെ പ്രതി വീണ്ടും വെടിവെച്ചു. പോലീസുകാര്‍ മടങ്ങിവരാതിരിക്കാന്‍ വീടിന്റെ മുകളിലേക്കും വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഉടന്‍ ഭാര്യ ഖമറുന്നീസയെയും രണ്ടു മക്കളെയും കൂട്ടി സമീപത്തുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു. നാടന്‍ ഇരട്ടക്കുഴല്‍ തോക്കും പ്രതി കൊണ്ടുപോയിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണ് വിജയകൃഷ്‌ണനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആസ്?പത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. കാളികാവ് സ്‌റ്റേഷനിലെ െ്രെകം നമ്പര്‍ 247/2010 പ്രകാരം രജിസ്റ്റര്‍ചെയ്‌ത കേസിലെ പ്രതിയാണ് മുജീബ് റഹ്മാന്‍.
Discussion about this post