ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന് 186,95,59,000 രൂപ വരവും 178,05,93,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. 8,89,66,000 രൂപ മിച്ചവും കണക്കാക്കുന്നു. ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും വികസനം ലക്ഷ്യമിട്ടുള്ള ഗുരുവായൂര്‍ ടെമ്പിള്‍ മാസ്റ്റര്‍ പ്ലാനാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശം. ഇതിനായി 5 കോടി നീക്കിവെച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രശസ്തരായ വാസ്തുശില്പികളുടെ മേല്‍നോട്ടത്തിലായിരിക്കും പ്ലാന്‍ തയ്യാറാക്കുക. മെയ് അവസാനത്തോടെ ഇതിന്റെ രൂപരേഖ തയ്യാറാക്കും.
ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണം ലക്ഷ്യമിട്ട് സാമ്പത്തികശേഷി കുറഞ്ഞ പൊതുക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് 2.5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കഴിഞ്ഞ തവണ ഒന്നരക്കോടി രൂപയായിരുന്നു ഈ ഇനത്തില്‍ മാറ്റിവെച്ചിരുന്നത്.
ആനക്കോട്ട പരിപാലനത്തിനും വിപുലീകരണത്തിനുമായി 1 കോടി ഉള്‍പ്പെടുത്തി. എല്ലാ ആനകള്‍ക്കും പ്രത്യേകം കൂടാരങ്ങള്‍, ആനകള്‍ക്കുള്ള മറ്റു സൗകര്യങ്ങള്‍, ആനക്കോട്ട സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.
ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സുരക്ഷാസംവിധാനങ്ങള്‍ക്കായി മൂന്നു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കണ്ടാണശ്ശേരിയിലെ ജലസ്രോതസ്സ് മെച്ചപ്പെടുത്തുന്നതിന് ഒരു കോടി, ദേവസ്വം കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് 50 ലക്ഷം, പ്ലാന്റ്- മെഷീനറി എന്നിവയ്ക്ക് 80 ലക്ഷം, ഹൈന്ദവധര്‍മ്മ പ്രചാരണത്തിന് 25 ലക്ഷം, നാരായണീയത്തിന്റെയും ഭാഗവതത്തിന്റെയും പ്രചാരണത്തിന് 10 ലക്ഷം, പടിഞ്ഞാറെ നടയിലെ കുളം മെച്ചപ്പെടുത്തുന്നതിന് 10 ലക്ഷം, ക്ഷേത്ര വാസ്തുശില്പകല പഠിപ്പിക്കാന്‍ 5 ലക്ഷം, ക്ഷേത്ര ജ്യോതിശാസ്ത്രം പഠിപ്പിക്കാന്‍ 5 ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.
ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്റെ അധ്യക്ഷതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാലാണ് ബജറ്റവതരണം നടത്തിയത്. അംഗങ്ങളായ എന്‍. രാജു, അഡ്വ. ജി. മധുസൂദനന്‍പിള്ള, അഡ്വ. എം. ജനാര്‍ദ്ദനന്‍, കെ. ശിവശങ്കരന്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. മോഹനദാസ് എന്നിവരും പങ്കെടുത്തു.
Discussion about this post