തിരുവനന്തപുരം: ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ കെ.പി.സി.സി നേതൃയോഗത്തില്‍ ശക്തമായ എതിര്‍പ്പ്. ലീഗിന്റെ ധാര്‍ഷ്ട്യത്തിനു വഴങ്ങേണ്ടതില്ലെന്നും, കോണ്‍ഗ്രസിനു കോട്ടമുണ്ടാകാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
വീണ്ടും മന്ത്രിപദം നല്‍കിയാല്‍ യുഡിഎഫിന് ഹിന്ദു വോട്ടുകള്‍ നഷ്ടമായേക്കുമെന്നു ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ലീഗാണ് ഭരണം നിയന്ത്രിക്കുന്നതെന്ന ചിന്തയുണ്ടാക്കരുത്. എന്നാല്‍ മൂന്നു മണിക്കു നടക്കുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയുടെ യോഗത്തിലെ അഭിപ്രായം കൂടി പരിഗണിച്ചശേഷം ഹൈക്കമാന്‍ഡിനെ തീരുമാനം അറിയിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
നിര്‍വാഹക സമിതിയില്‍ സംസാരിച്ച പ്രമുഖ നേതാക്കളെല്ലാം ലീഗിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങേണ്ടെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. ലീഗിന് ഒരു മന്ത്രിപദം കൂടി നല്‍കിയാല്‍ പ്രബലവിഭാഗം പാര്‍ട്ടിക്കെതിരാകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
എം.ഐ.ഷാനവാസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എ വാഹിദ്, കെ.മുരളീധരന്‍, എം.എം ഹസ്സന്‍, ടി.എന്‍ പ്രതാപന്‍, സി.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
നെയ്യാറ്റിന്‍കരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. കെ മുരളീധരന്‍ മാത്രമാണ് ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടത്. തീരുമാനമെടുക്കാന്‍ ഹൈക്കാന്‍ഡിനെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു.
Discussion about this post