കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദക്ഷിണ ഒഴികെയുള്ള തുക ഭണ്ഡാരത്തില്‍ നിക്ഷേപിക്കണം എന്ന് എഴുതിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിക്കാത്തതിനാല്‍ ബോര്‍ഡ് അധികൃതര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി. കുടമാളൂര്‍ പരമേശ്വരന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി എന്നിവരുടെ ഹര്‍ജിയില്‍ ദേവസ്വം കമ്മീഷണര്‍ക്കും ബോര്‍ഡ് സെക്രട്ടറിക്കും നോട്ടീസ് അയയ്ക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റീസ് വി. ചിദംബരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്രങ്ങളിലെ സേവനങ്ങള്‍ക്കു പ്രത്യേകം പണം നല്കേണ്ടതില്ലെന്നും പണം നല്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഭണ്ഡാ രത്തില്‍ നിക്ഷേപിക്കണമെന്നുമാണു ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇതു തിരുത്തി ദക്ഷിണ ഒഴികെയുള്ള പണം ഭണ്ഡാരത്തില്‍ നിക്ഷേപിക്കണം എന്നാക്കാന്‍ ഹര്‍ജിക്കാര്‍ നേരത്തെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇവര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. എന്നാല്‍, ഉത്തരവിട്ടു മൂന്നു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാലാണു ഹര്‍ജിക്കാര്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post