കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മിംസ് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ പ്രത്യേക ആംബുലന്‍സില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു. തുടര്‍ന്ന് എയര്‍ ആംബുലന്‍സ് വഴി വെല്ലൂരിലേക്കു കൊണ്ടുപോയി.
കഴിഞ്ഞ നാലിനു വെല്ലൂരില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു. തുടര്‍ന്നാണു ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായി അവിടേക്കു മാറ്റാന്‍ തീരുമാനമായത്. എന്നാല്‍, പെട്ടെന്നു പനിയുണ്ടായതിനെ ത്തുടര്‍ന്നു യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടയില്‍ ആരോഗ്യസ്ഥിതിയില്‍ അല്പം ആശങ്ക ഉയര്‍ന്നെങ്കിലും പിന്നീടു സാധാരണ നിലയിലേക്ക് എത്തി.
ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജഗതി ഐസിയുവില്‍ കഴിഞ്ഞിരുന്നത്. ഘട്ടംഘട്ടമായിട്ടാണു വെന്റിലേറ്റര്‍ മാറ്റിയത്. നിലവില്‍ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്െടന്നു മിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബോധാവസ്ഥയിലേക്കു തിരിച്ചുവന്നിട്ടുണ്െടങ്കിലും പൂര്‍ണ ബോധം നേടാനായി എന്നു പറയാറായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മാര്‍ച്ച് പത്തിനു പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്തു പാണമ്പ്ര വളവിലുണ്ടായ അപകടത്തിലാണു ജഗതിക്കു പരിക്കേറ്റത്. തൃശൂരില്‍നിന്നു കുടകിലേക്കുള്ള യാത്രയ്ക്കിടയില്‍ അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറിലിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രിയിലെത്തി ജഗതിയെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post