തിരുവനന്തപുരം: ഡല്‍ഹിയിലെ ഷാഹി ഇമാമും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ഒരേ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു. സമാജ്‌വാദിയുടെ കരുത്തനായ നേതാവെന്നറിയപ്പെടുന്ന മുലായാംസിങ് യാദവിന് ഡല്‍ഹിയിലെ ഷാഹി ഇമാമിന്റെ ശാഠ്യത്തിന് വഴങ്ങേണ്ടിവന്നു. ഇമാമിന്റെ മരുമകന് രാജ്യസഭാ സീറ്റ് നല്‍കി. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മുലായം പിന്‍വലിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുസ്‌ലിംങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്നും ഇമാം ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ മൊത്തം പിന്തുണ ഉറപ്പുവരുത്താന്‍ വേണ്ടി ഈ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് സമ്മതിച്ചു.
ഇവിടെ പാണക്കാട് ഹൈദരാലി ശിഹാബ്തങ്ങളെ മുന്‍നിര്‍ത്തി കൂടുതല്‍ അവകാശങ്ങള്‍ ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്യുന്ന കാഴ്ച നാം കാണുന്നു. ഇതിനകംതന്നെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ഒരു കേന്ദ്രം മലപ്പുറം ജില്ലയില്‍ വന്നു. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വളര്‍ത്തിയെടുത്ത വര്‍ഗീയവികാരമാണ് ഭാരതവിഭജനത്തില്‍ കലാശിച്ചത്-അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫില്‍ നിന്ന് കിട്ടാവുന്നതെല്ലാം നേടിയെടുത്തശേഷം മുസ്‌ലിംലീഗ് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് കൂടുതല്‍ അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെന്നു വരാമെന്നും പി. പരമേശ്വരന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ സി.പി.എം. നേതാക്കള്‍ താരതമ്യേന ദുര്‍ബലമായ പ്രതിഷേധം പ്രകടിപ്പിച്ചത് ഇതിന് തെളിവാണ്. സൗകര്യം കിട്ടിയാല്‍ ലീഗുമായി ചേര്‍ന്ന് ഭാവിയില്‍ അധികാരം പങ്കിടാന്‍ അവര്‍ തയ്യാറാകും എന്നതിന്റെ സൂചനയാണിത് -അദ്ദേഹം പറഞ്ഞു.
Discussion about this post