ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് ഡോ. എം.എസ്. സ്വാമിനാഥന്‍. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് കുട്ടനാട് പ്രോജക്ട് ഡയറക്ടറെ നിയമിച്ചതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ കുട്ടനാട്- ഓണാട്ടുകര പാക്കേജുകളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അടിയന്തര പ്രാധാന്യമുള്ള കാര്‍ഷിക പ്രവര്‍ത്തനമെന്ന നിലയില്‍ കുട്ടനാട് പാക്കേജിനായി കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര കൃഷി മന്ത്രി ശരത്പവാറുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. കുട്ടനാടിന്റെ സംരക്ഷണത്തിനായി തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട്, എ-സി കനാല്‍ എന്നിവയുടെ നവീകരണം അടിയന്തരമായി ചെയ്യണം.
കായലിലെ ഉപ്പിന്റെ അളവും വെള്ളപ്പൊക്കവും നിയന്ത്രിക്കുകയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ആഫ്രിക്കന്‍ പായല്‍, മറ്റു ഖര- ദ്രവ മാലിന്യങ്ങള്‍ എന്നിവ കായലിന്റെ അവസ്ഥയെ നശിപ്പിക്കുന്നു. എ-സി കനാലിന്റെ തീരത്തു താമസിക്കുന്നവര്‍ക്കു ജലജന്യ രോഗങ്ങള്‍ ബാധിക്കുന്നു. കനാല്‍ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക വികസനത്തിന് സംസ്ഥാന ബജറ്റിലും തുക വകയിരുത്തിയത് ആശാവഹമാണ്.
കടല്‍ നിരപ്പിനു താഴെയുള്ള കൃഷിയെന്ന നിലയില്‍ കുട്ടനാടിന്റെ കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അറിവുകളെയും സാങ്കേതിക വിദ്യയെയും കുട്ടനാടിന്റെ വ്യവസ്ഥയും പരിസ്ഥിതിയും
സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഉപയോഗിക്കണം. കൃഷി, ജലസേചനം, പരിസ്ഥിതി, ഫിഷറീസ് തുടങ്ങിയ എല്ലാ വകുപ്പുകളും ഏകോപിച്ചു പ്രവര്‍ത്തിച്ചാല്‍ അടുത്ത വര്‍ഷം ഇതേ സമയത്തു വീണ്ടും ഇവിടെയെത്തുമ്പോള്‍ കുട്ടനാട് പാക്കേജ് ഫലം കണ്ടു തുടങ്ങുമെന്ന് സ്വാമിനാഥന്‍ പറഞ്ഞു.
ഓണാട്ടുകരയുടെ പ്രാഥമിക പ്രശ്‌നം ജല നിര്‍ഗമന മാര്‍ഗങ്ങളുടെ നശീകരണമാണ്. അതിനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജില്‍ പണം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൈല്‍ ആന്‍ഡ് സ്ലാബ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് എല്ലാം കൃത്യമായി മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
കുട്ടനാട് പാക്കേജിലെ 379 കോടി രൂപയുടെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തു. ഓണാട്ടുകര മേഖലയുടെ വികസനത്തിനുള്ള 248.39 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രോസ്‌പെരിറ്റി കൗണ്‍സില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ആലപ്പുഴ – ചങ്ങനാശേരി കനാല്‍ 50 മീറ്റര്‍ നീളത്തില്‍ വീതികൂട്ടാന്‍ സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാം ഘട്ടത്തിലെ ഭാഗങ്ങളുടെ വീതി 30 എന്നു നിജപ്പെടുത്തുമെന്നു മന്ത്രി അറിയിച്ചു.
Discussion about this post