തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സുരക്ഷയ്ക്കുള്ള രണ്ടാം ഘട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ മെയ് മാസത്തോടെ ആരംഭിക്കും. പത്ത് കോടിയോളം രൂപയോളം ഇതിനായി ചിലവിടും.
ക്ഷേത്രത്തിലെ നാല് നടകളിലും ബൊള്ളാഡ്‌സുകള്‍ സ്ഥാപിക്കും. വാഹനങ്ങള്‍ അതിക്രമിച്ചു കടക്കുന്നത് തടയാനായി പാര്‍ലമെന്റില്‍ സ്ഥാപിച്ച തരത്തിലുള്ള സംവിധാനമാണ് ഇത്. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് കണ്‍ട്രോള്‍ റൂമുകളിലിരുന്ന് ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന കുറ്റികളാണ് ബൊള്ളാഡ്‌സിലുള്ളത്. അകത്തേയ്ക്ക് വാഹനങ്ങള്‍ ഇടിച്ച് കയറ്റിയുള്ള ആക്രമണങ്ങളടക്കമുള്ളവ തടയാനാണ് ബൊള്ളാഡ്‌സും റോഡ് ബ്ലോക്കറുകളും സ്ഥാപിക്കുന്നത്. ക്ഷേത്രനടയ്ക്ക് അമ്പത് മീറ്റര്‍ ദൂരത്തായാണ് ബ്ലോക്കറുകള്‍ സ്ഥാപിക്കുന്നത്.
നാല് നടകളിലും രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് ക്യാബിനുകള്‍ സ്ഥാപിക്കും. ആയുധധാരികളായ പോലീസുകാര്‍ക്ക് നിരീക്ഷണത്തിനായാണ് ഇത് സ്ഥാപിക്കുന്നത്. എല്ലാ നടകളിലേക്കും ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ സ്‌കാനറുകള്‍ വാങ്ങും. 25 ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകളും വാങ്ങുന്നുണ്ട്. ബോംബ് സ്‌ക്വാഡിന് ആവശ്യമായ ഉപകരണങ്ങളും ഫയര്‍ അലാറങ്ങളും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും രണ്ടാം ഘട്ടത്തില്‍ സ്ഥാപിക്കുന്നുണ്ട്.
മതിലുകള്‍ക്ക് മുകളില്‍ വൈദ്യുത ഫെന്‍സിങ്ങുകള്‍ സ്ഥാപിക്കും. ഈ കമ്പികളില്‍ തട്ടിയാല്‍ കണ്‍ട്രോള്‍ റൂമുകളില്‍ അപകട അലാറങ്ങള്‍ മുഴങ്ങും.
Discussion about this post