കൊച്ചി: മലയാള ചലച്ചിത്ര നിര്‍മാതാവ് നവോദയ അപ്പച്ചന്‍ (എം.സി. പുന്നൂസ് – 88) അന്തരിച്ചു. ഈ മാസം 17 നു വൈകിട്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകിട്ട് 6.40 നായിരുന്നു. മൃതദേഹം ചൊവ്വാഴ്‌ച രാവിലെ 11 മുതല്‍ ആറു വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. നാളെ രാവിലെ ചെന്നൈയിലേക്കു കൊണ്ടുപോകും. സംസ്‌കാരം വൈകിട്ടു നാലിനു താംബരം അസംപ്‌ഷന്‍ ദേവാലയത്തില്‍.
ഇന്ത്യയിലെ ആദ്യ ത്രിമാന ചലച്ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനു പുറമെ, ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്‌കോപ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യയിലെ ആദ്യ 70 എംഎം ചിത്രമായ പടയോട്ടം എന്നിവയുള്‍പ്പെടെ വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങള്‍ അപ്പച്ചന്‍ നിര്‍മിച്ചിട്ടുണ്ട്. സഹോദരന്‍ കുഞ്ചാക്കോയുമൊത്ത് ഉദയാ ബാനറിലും പിന്നീട് സ്വന്തമായി നവോദയാ ബാനറിലുമായിരുന്നു അദ്ദേഹം ചിത്രങ്ങള്‍ നിര്‍മിച്ചത്. 1989 ല്‍ പുറത്തിറങ്ങിയ ചാണക്യന്‍ ആയിരുന്നു അവസാനത്തെ സിനിമ. മാമാങ്കം, തീക്കടല്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്, ചാണക്യന്‍ തുടങ്ങിയവയാണ് അദ്ദേഹം നിര്‍മിച്ച പ്രധാന ചിത്രങ്ങള്‍.
2011 ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ്, 2007 ലെ ദാദാസാഹേബ് ഫാല്‍ക്കെ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തിനു ലഭിച്ചു. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്, കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ചു.
ഭാര്യ ബേബി പുന്നൂസ്. മക്കള്‍: ജിജോ, ജോസ്, ജിസ്, ജിഷ.
Discussion about this post