കൊച്ചി: മലയാളസിനിമയില്‍ പരീക്ഷണത്തിനു പുതിയ അദ്ധ്യായം കുറിച്ച ചലച്ചിത്രനായകനു കൈരളിയുടെ അന്ത്യയാത്രാമൊഴി. തിങ്കളാഴ്ച അന്തരിച്ച നവോദയ അപ്പച്ചന്റെ (87) മൃതദേഹം കൊച്ചിയിലെ പൊതുദര്‍ശനത്തിനു ശേഷം ഇന്നലെ രാത്രി ചെന്നൈയിലേക്കു കൊണ്ടുപോയി. ചെന്നൈയില്‍ മകന്‍ ജോസിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഇന്നു വൈകുന്നേരം നാലിനു താംബരം അസംപ്ഷന്‍ പള്ളിയില്‍ മൃതദേഹം സംസ്കരിക്കും.
ലേക്ഷോര്‍ ആശുപത്രി, എറണാകുളം ടൌണ്‍ ഹാള്‍, കാക്കനാട്ടുള്ള നവോദയ സ്റ്റുഡിയോ എന്നിവിടങ്ങളിലാണു മൃതദേഹം ഇന്നലെ പൊതുദര്‍ശനത്തിനു വച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും ചലച്ചിത്ര, സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അന്തിമോപചാരമര്‍പ്പിക്കാനെത്തി.
ഇന്നലെ രാവിലെ ഒമ്പതരയ്ക്കു കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ബന്ധുക്കളടക്കം നിരവധി പേര്‍ എത്തിയിരുന്നു. 11.15-നു വിലാപയാത്രയായി മൃതദേഹം എറണാകുളം ടൌണ്‍ഹാളിലെത്തിച്ചു. സംവിധായകര്‍, നിര്‍മാതാക്കള്‍, നടീനടന്മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി സിനിമാരംഗത്തെ നിരവധിപേര്‍ ടൌണ്‍ഹാളിലെത്തിയിരുന്നു. 2.15നു വിലാപയാത്രയായി മൃതദേഹം കാക്കനാട്ടുള്ള നവോദയ സ്റ്റുഡിയോയിലേക്കുകൊണ്ടുപോയി. വൈകുന്നേരം ഏഴുവരെ സ്റ്റുഡിയോയില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. തുടര്‍ന്ന് അലങ്കരിച്ച ആംബുലന്‍സില്‍ റോഡുമാര്‍ഗമാണു മൃതദേഹം ചെന്നൈയിലേക്കു കൊണ്ടുപോയത്. മകന്‍ ജിജോയും അടുത്ത ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. ഭാര്യ ബേബിയും മറ്റു മക്കളും ബന്ധുക്കളും ഇന്നു രാവിലെ വിമാനമാര്‍ഗം ചെന്നൈയിലേക്കു തിരിക്കും.
Discussion about this post