കൊച്ചി: പിറവത്തു യുഡിഎഫിനു സഹായകമായ ഘടകങ്ങളൊന്നും നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിക്കാനിടയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിറവത്തെയും നെയ്യാറ്റിന്‍കരയെയും ഒരേ തട്ടില്‍ കാണരുത്. നെയ്യാറ്റിന്‍കരയിലും പിറവം ആവര്‍ത്തിക്കുമെന്ന പി.സി. ജോര്‍ജിനെപ്പോലെയുള്ളവരുടെ ആത്മവിശ്വാസം അസ്ഥാനത്താണ്. ഒരിക്കല്‍ ചക്ക വീണു മുയല്‍ ചത്തെന്നു കരുതി എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതിലും നല്ലതു കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടുന്നതാണ്. രാജിവച്ചയുടനെതന്നെ ശെല്‍വരാജിനെ മത്സരിപ്പിക്കാനൊരുങ്ങിയതു ശരിയായില്ല.
ഒരു ടേമെങ്കിലും പുറത്തുനിര്‍ത്താമായിരുന്നു. രാഷ്ട്രീയ വിഡ്ഢിത്തമാണു ശെല്‍വരാജ് ചെയ്തത്. ജനാധിപത്യത്തോടുള്ള അവഹേളനമാണിത്. വിവരവും വിദ്യാഭ്യാസവുമുള്ള ഒരാളും ഇതംഗീകരിക്കില്ല. പൊതുജനം കഴുതയല്ലെന്നു തെളിയിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്െടന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥി ജയിക്കാന്‍ സാധ്യതയില്ലെങ്കിലും കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടു നേടും. ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തിനു യോഗ്യനാണെന്നു പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രണ്ടു തട്ടില്‍ നില്‍ക്കുന്ന നിലപാടുകാരനാണ്. മുമ്പു മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്നു പറഞ്ഞയാളാണു സുകുമാരന്‍ നായര്‍. ചെന്നിത്തലയെ ഹിന്ദു വക്താവായി ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post