തിരുവനന്തപുരം: ഗൃഹങ്ങളില്‍ കൂടുതല്‍ വൈദ്യുതി നിയന്ത്രണവും അധിക വൈദ്യുതിക്ക് അധികവില ഈടാക്കാനുള്ള വൈദ്യുതിബോര്‍ഡിന്റെ നിര്‍ദേശവും ദ്രോഹകരമെന്ന് റഗുലേറ്ററി കമ്മീഷന്‍. മുമ്പെങ്ങും ഇത്രയും ദ്രോഹകരമായ നിര്‍ദേശം ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ബോര്‍ഡിന്റെ അപേക്ഷയില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകും. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കായി ബോര്‍ഡ് നല്‍കിയ അപേക്ഷയില്‍ തെളിവെടുക്കുമ്പോഴാണ് കമ്മീഷന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിലവിലുള്ള അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിക്കാമോയെന്നും ബോര്‍ഡിനോട് കമ്മീഷന്‍ ആരാഞ്ഞു. ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചാല്‍ രാത്രിയിലെ ആവശ്യത്തിന് വൈദ്യുതി തികയില്ലെന്നാണ് ബോര്‍ഡ് മറുപടി നല്‍കിയത്.
എല്ലാ വിഭാഗങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചതു പ്രകാരം രണ്ട് ആവശ്യങ്ങളാണ് ബോര്‍ഡ് കമ്മീഷനുമുന്നില്‍ വെച്ചത്. വീടുകളില്‍ മാസം 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പത്തുരൂപ ഈടാക്കണം. ചെറുകിട വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം പവര്‍കട്ടും ഏര്‍പ്പെടുത്തണം. ഇവരും അധികം ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പത്തുരൂപ ചുമത്തണം. കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജെ.മാത്യു, അംഗം മാത്യുജോര്‍ജ് എന്നിവരാണ് തെളിവെടുത്തത്.
വ്യവസായ ഉപയോക്താക്കള്‍ക്ക് നേരത്തേ 10 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പത്തുരൂപ ചുമത്താനും കമ്മീഷന്‍ അനുവദിച്ചു. വീടുകള്‍ക്ക് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തി. എന്നാല്‍ ഉപയോക്താക്കളില്‍ ഒരുശതമാനം വരുന്ന വ്യവസായ വിഭാഗത്തിന് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കമ്മീഷന്‍ വിമര്‍ശിച്ചു. നിയന്ത്രണം വീടുകള്‍ക്കുള്‍പ്പെടെ ബാധകമാക്കുന്ന നിര്‍ദേശം സമര്‍പ്പിക്കാനും ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. കമ്മീഷന്റെ വിമര്‍ശനം കണക്കിലെടുത്ത് വ്യവസായ ഉപയോക്താക്കള്‍ക്കുള്ള അതേ നിയന്ത്രണം തന്നെ വീടുകള്‍ക്കും ബാധകമാക്കാന്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇതാണ് വീണ്ടും കമ്മീഷന്റെ വിമര്‍ശനത്തിന് വിധേയമായത്.
2008-09ലും 2009-10ലും മാസം 300 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്നാണ് കൂടുതല്‍ വില ഈടാക്കിയിരുന്നത്. എന്നാലിപ്പോള്‍ മാസം 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് കൂടുതല്‍ വില ഈടാക്കാനാണ് നിര്‍ദേശം. മുമ്പെങ്ങും ഇത്രയും ദ്രോഹിക്കുന്ന നിര്‍ദേശം ബോര്‍ഡ് വെച്ചിട്ടില്ല. ഇതിനുള്ള അടിയന്തര സാഹചര്യമില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
Discussion about this post