തിരുവനന്തപുരം: സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം വീട് കുത്തിത്തുറന്ന് കാല്‍ക്കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നത് മലയാളി സംഘമെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. രണ്ടുപേരാണ് സംഭവസ്ഥലത്തെത്തിയത്. പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് കരുതുന്നത്.
ആദ്യം പോലീസ് സംശയിച്ചിരുന്നത് തമിഴ് നാടോടി സംഘങ്ങളെയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളും പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ മോഷണം നടന്ന ദിവസം വീടിന് സമീപത്ത് കണ്ട അപരിചിതര്‍ മലയാളികളാണെന്നാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇവരുടെ രേഖാ ചിത്രം തയാറാക്കാനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അന്വേഷണോ ദ്യോഗസ്ഥര്‍ പറഞ്ഞു.
തൈക്കാട് അമ്പാടിയില്‍ മരുന്ന് മൊത്തവിതരണക്കാരനായ എം.അനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അനില്‍കുമാറും കുടുംബവും നെയ്യാറ്റിന്‍കരയിലെ ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണവും 15,000 രൂപയുമാണ് കവര്‍ന്നത്.
ഡി.സിപി. പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ കന്റോണ്‍മെന്‍റ് എ.സി ഹരിദാസ്, സി.ഐ മാരായ മോഹനന്‍ നായര്‍, എം.എസ്.സന്തോഷ്, ഷീന്‍ തറയില്‍, ജയചന്ദ്രന്‍ എന്നിവരാണുള്ളത്.
Discussion about this post